
കൊല്‍ക്കത്ത: ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന് ഇത് ഹണിമൂണ്‍ കാലഘട്ടമാണെന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന തന്‍റെ 53-ാം ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുക്കവെ ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു. ഇനിയാണ് ഗില്‍ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയില്‍ യഥാര്‍ത്ഥ സമ്മര്‍ദ്ദം അനുഭവിക്കാന്‍ പോകുന്നതെന്നും ഗാംഗുലി മുന്നറിയിപ്പ് നല്‍കി.
ഗില്ലിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകനമായിരുന്നു ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നമ്മള്‍ കണ്ടത്. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് മാത്രം 146 റണ്‍സ് ശരാശരിയില്‍ 585 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. എന്നാല്‍ മുന്നോട്ടുള്ള പാത ഇതുപോലെ സുഗമമാകണമെന്നില്ല. ഇത് ഗില്ലിന്‍റെ ഹണിമൂൺ കാലഘട്ടം മാത്രമാണ്. വരും മത്സരങ്ങളില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഗില്ലിന് മനസിലാവും. പ്രത്യേകിച്ച് ഇംഗ്ലണ്ടിനെതിരായ അടുത്ത മൂന്ന് ടെസ്റ്റിലും ഗില്‍ സമ്മര്‍ദ്ദം അനുഭവിക്കുമെന്നും ഗാംഗുലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ടെസ്റ്റ് ജയിച്ച് നമ്മള്‍ 1-1 സമനില പിടിച്ചിട്ടേയുള്ളു. ഇനിയും മൂന്ന് ടെസ്റ്റുകള്‍ കൂടി പരമ്പരയില്‍ ബാക്കിയുണ്ട്. ഇന്ത്യ നന്നായി കളിക്കുന്നുണ്ട്. പക്ഷെ അടുത്ത മത്സരത്തനിറങ്ങുമ്പോൾ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണമെന്ന കാര്യം മറക്കരുതെന്നും ഗാംഗുലി പറഞ്ഞു.
രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചത് ഇന്ത്യൻ ക്രിക്കറ്റിനെ ബാധിച്ചില്ലേയെന്ന ചോദ്യത്തിനും ഗാംഗുലി മറുപടി നല്‍കി. ഇന്ത്യൻ ക്രിക്കറ്റില്‍ പ്രതിഭകള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. ഗവാസ്കര്‍, കപില്‍ ദേവ്, സച്ചിന്‍, ദ്രാവിഡ്, കുംബ്ലെ പിന്നീട് കോലി ഇപ്പോള്‍ ഗില്‍,ജയ്സ്വാള്‍, ആകാശ് ദീപ്, സിറാജ്, മുകേഷ് എന്നിങ്ങനെ പ്രതിഭകളുടെ ഒരു കുത്തൊഴുക്ക് തന്നെ എല്ലായ്പ്പോഴുമുണ്ട്.അതുകൊണ്ട് തന്നെ പകരക്കാരില്ലെന്ന പ്രശ്നം വരുന്നതേയില്ലെന്നും താനിത് മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായാണ് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. ബാറ്ററെന്ന നിലയില്‍ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഗില്‍ രണ്ടാം ടെസ്റ്റിന്‍ററെ ആദ്യ ഇന്നിംഗ്സില്‍ 269 ഉം രണ്ടാം ഇന്നിംഗ്സില്‍ 161ഉം റണ്‍സെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!