South Africa vs India : സെഞ്ചൂറിയനില്‍ മഴയുടെ കളി; രണ്ടാംദിനം ഇന്ത്യന്‍ ബാറ്റിംഗ് വൈകുന്നു

Published : Dec 27, 2021, 03:33 PM ISTUpdated : Dec 27, 2021, 03:35 PM IST
South Africa vs India : സെഞ്ചൂറിയനില്‍ മഴയുടെ കളി; രണ്ടാംദിനം ഇന്ത്യന്‍ ബാറ്റിംഗ് വൈകുന്നു

Synopsis

കെ എല്‍ രാഹുല്‍ 248 പന്തില്‍ 122* റണ്‍സും അജിങ്ക്യ രഹാനെ 81 പന്തില്‍ 40* റണ്‍സുമെടുത്താണ് ക്രീസിലെത്തേണ്ടത്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്ക-ഇന്ത്യ ഒന്നാം ടെസ്റ്റിന്‍റെ (South Africa vs India 1st Test) രണ്ടാംദിനം മഴമൂലം മത്സരം ആരംഭിക്കുന്നത് വൈകുന്നു. മൂന്ന് വിക്കറ്റിന് 272 റണ്‍സ് എന്ന നിലയിലാണ് ടീം ഇന്ത്യ (Team India) ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കേണ്ടത്. ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ (KL Rahul) 248 പന്തില്‍ 122* റണ്‍സും അജിങ്ക്യ രഹാനെ (Ajinkya Rahane) 81 പന്തില്‍ 40* റണ്‍സുമെടുത്താണ് ക്രീസിലെത്തേണ്ടത്. മഴ കളിച്ചതോടെ സെഞ്ചൂറിയനില്‍ ടീമുകള്‍ നേരത്തെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞിരിക്കുകയാണ്. 

കൊതിച്ച തുടക്കം

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍ വിരാട് കോലിയുടെ പ്രതീക്ഷ കാക്കുന്ന തുടക്കം മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ഇന്ത്യക്ക് നല്‍കി. കഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസാക്രമണത്തെ അനായാസം നേരിട്ട മായങ്കും രാഹുലും  ഇന്ത്യയെ വിക്കറ്റ് നഷ്‌ടമില്ലാതെ 100 കടത്തി. എന്നാല്‍ 41-ാം ഓവറില്‍ ഇരട്ട പ്രഹരവുമായി ലുങ്കി എന്‍ഗിഡി ആഞ്ഞടിച്ചു. രണ്ടാം പന്തില്‍ മായങ്ക്(123 പന്തില്‍ 60) എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ തൊട്ടടുത്ത ബോളില്‍ മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(1 പന്തില്‍ 0) ഗോള്‍ഡണ്‍ ഡക്കായി കീഗന്‍റെ കൈകളിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക്-രാഹുല്‍ സഖ്യം 117 റണ്‍സ് ചേര്‍ത്തു. 

എന്‍ഗിഡിത്തീ, രാഹുല്‍ ഷോ

മൂന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം ചേര്‍ന്ന വിരാട് കോലി ഇന്ത്യ കരകയറ്റാന്‍ ശ്രമിച്ചു. എങ്കിലും ഇന്ത്യക്ക് ടീം സ്‌കോര്‍ 200 തികയുന്നതിന് ഒരു റണ്‍ മുമ്പ് എന്‍ഗിഡി മൂന്നാം പ്രഹരമേല്‍പിച്ചു. 94 പന്തില്‍ 35 റണ്‍സുമായി കോലി ഔട്ട്‌സൈഡ് എഡ്‌ജായി ഫസ്റ്റ് സ്ലിപ്പില്‍ മള്‍ഡറുടെ കൈകളിലെത്തി. മൂന്നാം വിക്കറ്റിലെ 82 റണ്‍സ് കൂട്ടുകെട്ടിന്‍റെ കോലി-രാഹുല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വിരാമമാവുകയായിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ ബാറ്റേന്തുന്ന രാഹുല്‍ 218 പന്തില്‍ ഏഴാം ടെസ്റ്റ് ശതകത്തിലെത്തി. രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ മികച്ച ബാറ്റിംഗാണ് അജിങ്ക്യ രഹാനെ പുറത്തെടുക്കുന്നത്. ഇരുവരും ഇതിനകം 73 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. 

ടോസ് ജയിച്ച് കോലി

സെഞ്ചൂറിയനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ നാല് പേരും പേസര്‍മാരാണ്. ഓള്‍റൗണ്ട് മികവ്  കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തി. അതേസമയം സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് അവസരം നഷ്‌ടമായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ആര്‍ അശ്വിന്‍ ഏക സ്‌പിന്നറായി ടീമിലെത്തി. 

ഗോള്‍ഡണ്‍ ഡക്ക് പൂജാര

ബാറ്റിംഗില്‍ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്‌തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ക്യാപ്റ്റന്‍റെ വിശ്വാസം കാക്കാന്‍ ആദ്യ ഇന്നിംഗ്‌സിലായില്ല. പൂജാര ഗോള്‍ഡണ്‍ ഡക്കായി. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 

Australia vs England: സ്റ്റാര്‍ക്കും ബോളണ്ടും തകര്‍പ്പനേറ്; രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും
ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി