
ദില്ലി: ഐഎസ്എൽ പ്രതിസന്ധി തീർക്കാൻ കേന്ദ്രകായിക മന്ത്രി വിളിച്ച നിർണായക യോഗം ഇന്ന്. ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട പ്രധാന പ്രതിനിധികളെല്ലാം ഡൽഹിയിലെ യോഗത്തിൽ പങ്കെടുക്കും. ഐഎസ്എൽ ഉൾപ്പെടെ ആഭ്യന്തര മത്സരങ്ങൾ നടത്താനുള്ള വാണിജ്യ പങ്കാളികളെ കണ്ടെത്താൻ കഴിയാത്തതാണ് ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള(എഐഎഫ്എഫ്) മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെയാണ് നിലവിലെ ഐ.എസ്.എൽ നടത്തിപ്പുകാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെയും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെയും സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് പിൻമാറിയത്.
പുതിയ സ്പോൺസർമാർക്കായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും രംഗത്തെത്തിയില്ല. ഐഎസ്‌എൽ എന്ന് തുടങ്ങുമെന്ന് ആർക്കും വ്യക്തതയില്ലാതായി. ആശങ്കയറിച്ച് താരങ്ങളും പരിശീലകരും രംഗത്തെത്തി. ഇതോടെയാണ് പ്രശ്നത്തിൽ ഇടപെടാൻ തയാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. കേന്ദ്ര കായിക മന്ത്രി മുൻസൂഖ് മാണ്ഡവ്യ വിളിച്ച യോഗത്തിൽ എഐഎഫ്എഫ് ഭാരവാഹികളും ഐ.എസ്.എൽ ക്ലബ് അധികൃതരും മുൻ വാണിജ്യ പങ്കാളികളും പങ്കെടുക്കും.
സുപ്രീം കോടതി നിയോഗിച്ച ബിഡ് ഇവാല്യുവേഷൻ കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും യോഗത്തിൽ പങ്കെടുത്തേക്കും. പുതിയ ടെൻഡർ തയ്യാറാക്കിയ ട്രാൻസാക്ഷൻ അഡ്വൈസർ കെ.പി.എം.ജിയോടും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരങ്ങൾ എന്ന് തുടങ്ങുമെന്ന് വ്യക്തത ഇല്ലാത്തതിനാൽ നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബാഗാനും കേരള ബ്ലാസ്റ്റേഴ്സും അടക്കമുള്ള ക്ലബുകൾ പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!