ഐപിഎല്‍ ലേലത്തില്‍ നിന്ന് ഒഴിവാക്കിയവര്‍ക്ക് ശ്രീശാന്തിന്റെ മറുപടി; യുപിക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം

By Web TeamFirst Published Feb 22, 2021, 12:59 PM IST
Highlights

കേരളത്തിന് വേണ്ടി എസ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. അക്ഷ് ദീപ് നാഥാണ് (60 പന്തില്‍ 68) അവരുടെ ടോപ് സ്‌കോറര്‍.

ബംഗളൂരു: ഉത്തര്‍ പ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് 284 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുപി 49.4 ഓവറില്‍ 283ന് എല്ലാവരും പുറത്തായി. കേരളത്തിന് വേണ്ടി എസ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. അക്ഷ് ദീപ് നാഥാണ് (60 പന്തില്‍ 68) അവരുടെ ടോപ് സ്‌കോറര്‍. പ്രിയം ഗാര്‍ഗ് (57), അഭിഷേക് ഗോസ്വാമി (54) എന്നിവരും മികച്ച സംഭാവന നല്‍കി. 

ഐപിഎല്‍ ലേലപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശ്രീശാന്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണിത്. ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ താരം രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഗോസ്വാമി, അക്ഷ് ദീപ്, ഭുവനേശ്വര്‍ കുമാര്‍ (1), മൊഹസിന്‍ ഖാന്‍ (6), ശിവം ശര്‍മ (7) എന്നിവരായിരുന്നു ശ്രീശാന്തിന്റെ ഇരകള്‍. 9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് മുന്‍ ഇന്ത്യന്‍ താരം തന്നെ ലേല പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കുള്ള മറുപടി നല്‍കിയത്. സച്ചിന്‍ ബേബി രണ്ടും എം ഡി നിതീഷ് ഒരു വിക്കറ്റും നേടി. 

ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അക്ഷ് ദീപിന്റെ ഇന്നിങ്‌സ്. മികച്ച തുടക്കമാണ് ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഉത്തര്‍ പ്രദേശിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക് ഗോസ്വാമി (54)- കരണ്‍ ശര്‍മ (34) സഖ്യം 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും അടുത്തടുത്ത പന്തുകളില്‍ മടങ്ങിയെങ്കിലും റിങ്കു സിംഗിനെ (26) കൂട്ടുപിടിച്ച് ഗാര്‍ഗ് കേരളത്തിന് തലവേദന സൃഷ്ടിച്ചു. റിങ്കു മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ അക്ഷ് ദീപ്, ഗാര്‍ഗിനൊപ്പം 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗാര്‍ഗ് മടങ്ങിയതോടെ പിന്നീടാര്‍ക്കും വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിഞ്ഞതുമില്ല.

ആദ്യ മത്സരത്തില്‍ കേരളം ഒഡീഷയെ തോല്‍പ്പിച്ചിരുന്നു. റോബിന്‍ ഉത്തപ്പയുടെ സെഞ്ചുറിയാണ് ടീമിന് തുണയായത്. കേരള ടീം: വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, ജലജ് സക്‌സേന, വത്സല്‍, റോജിത്, എം ഡി നിതീഷ്, ബേസില്‍ എന്‍ പി, എസ് ശ്രീശാന്ത്. 

click me!