ജോ റൂട്ടിന് 18-ാം ടെസ്റ്റ് സെഞ്ചുറി; ലങ്കയ്‌ക്കെതിരെ മികച്ച ലീഡ് ലക്ഷ്യമാക്കി ഇംഗ്ലണ്ട്

By Web TeamFirst Published Jan 15, 2021, 1:48 PM IST
Highlights

ഇംഗ്ലണ്ടിനിപ്പോള്‍ 91 റണ്‍സ് ലീഡായി. റൂട്ടും ലോറന്‍സും 95 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. 

ഗോള്‍: ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന് സെഞ്ചുറി. ടെസ്റ്റ് കരിയറില്‍ റൂട്ടിന്‍റെ 18-ാം ശതകമാണിത്. ആദ്യ ഇന്നിംഗ്‌സില്‍ ലങ്കയുടെ 135 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് റൂട്ടും ഡാനിയേല്‍ ലോറന്‍സും ക്രീസില്‍ നില്‍ക്കേ മൂന്ന് വിക്കറ്റിന് 226 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനിപ്പോള്‍ 91 റണ്‍സ് ലീഡായി. റൂട്ടും ലോറന്‍സും 95 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. 

രണ്ട് വിക്കറ്റിന് 127 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനം ഇംഗ്ലണ്ട് ഇറങ്ങിയത്. എന്നാല്‍ തലേന്നത്തെ വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍സ് പോലും ചേര്‍ക്കാനാകാതെ ജോണി ബെയര്‍സ്റ്റോ മടങ്ങി. 93 പന്തില്‍ 47 റണ്‍സില്‍ നില്‍ക്കേ എംബുല്‍ഡെനിയയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസ് ക്യാച്ചെടുത്തു. എന്നാല്‍ ഇതിന് ശേഷം ക്രീസില്‍ ഒന്നിച്ച റൂട്ടും ലോറന്‍സും അതിഗംഭീരമായി മുന്നേറുകയാണ്. ഇതിനിടെ ടെസ്റ്റ് കരിയറിലെ 18-ാം ശതകം സ്വന്തമാക്കി റൂട്ട്. 163 പന്തിലായിരുന്നു സെഞ്ചുറി. 15 ഇന്നിംഗ്‌സിന് ശേഷമാണ് റൂട്ട് മൂന്നക്കം കാണുന്നത്. 

ഓപ്പണര്‍മാരായ സാക് ക്രൗളി (9), ഡൊമിനിക് സിബ്ലി (4) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യദിനം ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. സാക്കിനെ ഹസരംഗയും സിബ്ലിയെ തിരിമന്നെയും പിടിച്ച് പുറത്താക്കി. ഇംഗ്ലണ്ടിന് നഷ്‌ടമായ മൂന്ന് വിക്കറ്റുകളും ലസിത് എംബുല്‍ഡെനിയയാണ് നേടിയത്. 

ബെസ്സിന് മുന്നില്‍ ചതഞ്ഞരഞ്ഞ് ലങ്ക

നേരത്തെ ഡൊമിനിക് ബെസ്സിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ശ്രീലങ്കയെ തകര്‍ത്തത്. ഇതോടെ വെറും 46.1 ഓവറില്‍ 135 റണ്‍സില്‍ ലങ്ക പുറത്തായി. 10.1 ഓവര്‍ മാത്രം എറിഞ്ഞ സ്പിന്നര്‍ 30 റണ്‍സ് വിട്ടുനല്‍കിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന് മൂന്ന് വിക്കറ്റുണ്ട്. ജാക്ക് ലീച്ച് ഒരു വിക്കറ്റ് നേടി. 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമലാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. എയ്ഞ്ചലോ മാത്യൂസ് 27 റണ്‍സെടുത്ത് പുറത്തായി. 

ലാഹിരു തിരിമാനെ (4), കുശാല്‍ പെരേര (20), കുശാല്‍ മെന്‍ഡിസ് (0), നിരോഷന്‍ ഡിക്‌വെല്ല (12), ദസുന്‍ ഷനക (23), വാനിന്‍ഡു ഹസരങ്ക (19), ദില്‍വുറാന്‍ പെരേര (0), എംബുല്‍ഡെനിയ (0) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. അഷിത ഫെര്‍ണാണ്ടോ (0) പുറത്താവാതെ നിന്നു. 

അരങ്ങേറ്റത്തിര്‍ നടരാജന് രണ്ട് വിക്കറ്റ്; ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ ആദ്യദിനം ഓസീസിന് മേല്‍ക്കൈ

click me!