Asianet News MalayalamAsianet News Malayalam

അരങ്ങേറ്റത്തിര്‍ നടരാജന് രണ്ട് വിക്കറ്റ്; ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ ആദ്യദിനം ഓസീസിന് മേല്‍ക്കൈ

അരങ്ങേറ്റക്കാരന്‍ ടി നടരാജന്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റ് കളിക്കുന്ന മറ്റൊരു താരം വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Australia in good position against India in Brisbane Test
Author
Brisbane QLD, First Published Jan 15, 2021, 1:15 PM IST

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയ- ഇന്ത്യ അവസാന ടെസ്റ്റിന്റെ ആദ്യദിനം ഓസീസിന് നേരിയ മൈല്‍ക്കൈ. ബ്രിസ്‌ബേനില്‍ സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. മര്‍നസ് ലബുഷെയ്‌നിന്റെ സെഞ്ചുറി (108)യാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അരങ്ങേറ്റക്കാരന്‍ ടി നടരാജന്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റ് കളിക്കുന്ന മറ്റൊരു താരം വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ടിം പെയ്ന്‍ (38), കാമറൂണ്‍ ഗ്രീന്‍ (28) എന്നിവരാണ് ക്രീസില്‍. 

ലബുഷെയ്‌നിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി

Australia in good position against India in Brisbane Test

ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് സെഞ്ചുറികള്‍ ലബുഷെയ്ന്‍ പൂര്‍ത്തിയാക്കി. 204 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ലബുഷെയ്ന്‍ 38ല്‍ നില്‍ക്കെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഗള്ളിയില്‍ അവസരം നഷ്ടമാക്കി. ഇതിന് കനത്ത വിലയും നല്‍കേണ്ടിവന്നു. സ്റ്റീവന്‍ സമിത്ത് (36), മാത്യൂ വെയ്ഡ് (45) എന്നിവര്‍ക്കൊപ്പം ലബുഷെയ്ന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. സ്മിത്തിനൊപ്പം 70 റണ്‍സും വെയ്ഡിനൊപ്പം 113 റണ്‍സും താരം കൂട്ടിച്ചേര്‍ത്തു. 

കന്നി വിക്കറ്റ് നേട്ടക്കാര്‍

Australia in good position against India in Brisbane Test

അരങ്ങേറ്റ മത്സരത്തില്‍ തന്നെ വാഷിംഗ്ടണ്‍ സുന്ദര്‍ വിക്കറ്റ് നേടി. അതും മികച്ച ഫോമില്‍ കളിക്കുന്ന സ്മിത്തിന്റേത്. പാഡിലേക്ക് കുത്തിതിരിഞ്ഞുവരുമായിരുന്ന സുന്ദറിന്റെ ഒരു ടോസ് ഡെലിവറി ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയാണ് നടരാജന്റെ ഇരട്ട പ്രഹരം. വെയ്ഡ്- ലബൂഷെയ്ന്‍ സഖ്യം വലിയ കൂട്ടുകെട്ടിലേക്ക് നീങ്ങികൊണ്ടിരിക്കെയാണ് നടരാജന്‍ ബ്രേക്ക് ത്രൂ നല്‍കിയത്. വെയ്ഡിനെ താക്കൂറിന്റെ കൈകളിലെത്തിച്ചു. അധികം വൈകാതെ ലബൂഷെയ്‌നും നടരാജന്റെ പന്തില്‍ മുന്നില്‍ കീഴടങ്ങി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു.

ശ്രദ്ധയോടെ പെയ്ന്‍- ഗ്രീന്‍ സഖ്യം

Australia in good position against India in Brisbane Test

ശ്രദ്ധയോടെയാണ് ഇപ്പോള്‍ ക്രീസിലുള്ള പെയ്ന്‍- ഗ്രീന്‍ സഖ്യം ബാറ്റ് വീശുന്നത്. ഇരുവരും ഇതിനോടകം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാളെ തുടക്കത്തില്‍ തന്നെ ഇവരെ പുറത്തായെങ്കില്‍ മാത്രമേ ഇന്ത്യക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കൂ. പെയ്ന്‍ ഇതുവരെ അഞ്ച് ബൗണ്ടറികള്‍ നേടി. ഗ്രീന്‍ മൂന്ന് ഫോറും നേടിയിട്ടുണ്ട്. ഗ്രീന്‍ നല്‍കിയ അവസരം താക്കൂര്‍ സ്വന്തം പന്തില്‍ നഷ്ടമാക്കിയിരുന്നു. 

തുടക്കത്തില്‍ മടങ്ങി ഓപ്പണിംഗ് സഖ്യം

Australia in good position against India in Brisbane Test

ഓസീസിന്റെ ഓപ്പണിംഗ് സഖ്യം ഇത്തവണയും നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ വാര്‍ണര്‍ പവലിയനില്‍ തിരിച്ചെത്തി.  സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. സെക്കന്‍ഡ് സ്ലിപ്പില്‍ നിന്ന് തന്റെ വലത്തോട് ഡൈവ് ചെയ്ത രോഹിത് തകര്‍പ്പന്‍ ക്യാച്ചിലൂടെ പന്ത് കയ്യിലൊതുക്കി. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലാണ് വാര്‍ണര്‍ മികച്ച തുടക്കം നല്‍കാനാവാതെ മടങ്ങുന്നത്. പുകോവ്‌സികിയുടെ പകരക്കാരനായ ഹാരിസും (5) പെട്ടന്ന് തന്നെ മടങ്ങി. ഷാര്‍ദുല്‍ താക്കൂറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്. ഇടങ്കയ്യനായ ഹാരിസ് പന്ത് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌ക്വയര്‍ ലെഗില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച് നല്‍കി.

നടരാജനും സുന്ദറിനും അരങ്ങേറ്റം

Australia in good position against India in Brisbane Test

ജസ്പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് പരിക്കേറ്റതോടെയാണ് നടരാജനും സുന്ദറിനും അവസരം തെളിഞ്ഞത്. കുല്‍ദീപ് യാദവ് ടീമിലുണ്ടായിരുന്നുവെങ്കിലും ടീം മാനേജ്‌മെന്റ് സുന്ദറിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ബാറ്റ്‌സ്മാനായും ഉപയോഗിക്കാം എന്ന ചിന്തയാണ് സുന്ദറിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയത്. ബുമ്രയ്ക്ക് പകരമാണ് നടരാജന്‍ ടീമിലെത്തുന്നത്. നാല് പേസര്‍മാരാണ് ടീമിലുള്ളത്. താക്കൂര്‍, സിറാജ്, നവ്ദീപ് സൈനി എന്നിവരാണ് മറ്റു പേസര്‍മാര്‍.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, നടരാജന്‍.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്്, മര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, മാത്യൂ വെയ്ഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

Follow Us:
Download App:
  • android
  • ios