നോട്ടിംഗ്‌ഹാമിലെ ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

മുംബൈ: 2019 ഏകദിന ലോകകപ്പിലെ മിന്നും പ്രകടനം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ഇംഗ്ലണ്ട് വേദിയായ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളുമായി ഹിറ്റ്‌മാന്‍ റെക്കോര്‍ഡിട്ടിരുന്നു.

'ഇംഗ്ലണ്ടില്‍ രണ്ട് വര്‍ഷം മുമ്പ് ലോകകപ്പില്‍ രോഹിത് അഞ്ച് ഗംഭീര സെഞ്ചുറികള്‍ നേടിയത് നമ്മള്‍ കണ്ടതാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചുറി ശ്രമകരമായ പിച്ചിലും തണുത്ത കാലാവസ്ഥയിലുമായിരുന്നു. രോഹിത് നന്നായി സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ രോഹിത് കൂടുതല്‍ പരിചയസമ്പന്നനായ താരമായിക്കഴിഞ്ഞു. അതിനാല്‍ ലോകകപ്പിലെ പ്രകടനം രോഹിത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആവര്‍ത്തിച്ചാല്‍ അത്ഭുതപ്പെടാനില്ല' എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

അടുത്തിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രതികൂലമായ സാഹചര്യത്തില്‍ ന്യൂസിലന്‍ഡ് പേസര്‍മാര്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ചുരുക്കം ഇന്ത്യന്‍ ബാറ്റ്സ്‌‌മാന്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ്മ. 34, 30 എന്നിങ്ങനെയായിരുന്നു ഹിറ്റ്‌മാന്‍റെ സ്‌കോര്‍. ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഓപ്പണറായുള്ള കന്നിയങ്കത്തില്‍ വമ്പന്‍ സ്‌കോറുകള്‍ നേടാനായില്ലെങ്കിലും രോഹിത്തിന്‍റെ സാങ്കേതികത്തികവ് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യക്ക് ഗുണം ചെയ്യും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

അതേസമയം സഹഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് പരിക്കേറ്റത് രോഹിത്തിന് കൂടുതല്‍ സമ്മര്‍ദം നല്‍കും. ഗില്ലിന്‍റെ പരിക്കിനെ കുറിച്ച് ബിസിസിഐ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും റിസര്‍വ് താരം അഭിമന്യൂ ഈശ്വരനും സ്‌ക്വാഡിലുള്ളതിനാല്‍ പരിമിത ഓവര്‍ പരമ്പരകള്‍ക്കായി ശ്രീലങ്കയിലുള്ള പൃഥ്വി ഷായെയും ദേവ്‌ദത്ത് പടിക്കലിനേയും ഇംഗ്ലണ്ടിലേക്ക് ഗില്ലിന് പകരം ഓപ്പണറായി അയക്കണമെന്ന ആവശ്യം ബിസിസിഐ തള്ളിയിട്ടുണ്ട്. 

നോട്ടിംഗ്‌ഹാമിലെ ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ(WTC 2021–2023) ഭാഗമാണ് ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. 

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍(പരിക്ക്), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യൂ ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ഇംഗ്ലണ്ടിലേക്ക് കൂടുതല്‍ താരങ്ങളില്ല; ടീമിന്‍റെ ആവശ്യം ബിസിസിഐ തള്ളിയതായി റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona