
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ധസെഞ്ചുറി നേടിയതോടെ റെക്കോര്‍ഡിട്ട് സ്റ്റീവ് സ്മിത്ത്. ദക്ഷിണാഫ്രിക്കക്കെതിരെ 16-2 എന്ന സ്കോറിൽ ഓസ്ട്രേലിയ പതറുമ്പോള്‍ ക്രീസിലെത്തിയ സ്മിത്ത് 112 പന്തില്‍ 66 റണ്‍സെടുത്ത് പുറത്തായിരുന്നു.ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ധസെഞ്ചുറി നേടിയതോടെ ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളില്‍ സ്മിത്ത് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നു.
ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ സച്ചിന്‍റെ പേരില്‍ ആറും സ്മിത്തിന്‍റെ പേരില്‍ ഏഴും അര്‍ധസെഞ്ചുറികളാണുള്ളത്. എന്നാല്‍ ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി നേടിയ താരം ഇപ്പോഴും വിരാട് കോലി തന്നെയാണ്. ഒമ്പത് അര്‍ധസെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്. 22 ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ നിന്നായി 51.20 ശരാശരിയില്‍1024 റണ്‍സും കോലി നേടിയിട്ടുണ്ട്.
ഇന്നലെ അര്‍ധസെഞ്ചുറി നേടിയതോടെ ലോര്‍ഡ്സില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ്(591) നേടിയ സന്ദര്‍ശക ബാറ്ററെന്ന റെക്കോര്‍ഡോണ് സ്മിത്ത് സ്വന്തമാക്കിയത്. 575 റണ്‍സ് നേടിയ ഓസ്ട്രേലിയയുടെ വാറന്‍ ബാര്‍ഡ്സ്‌ലേ, ഗാരി സോബേഴ്സ്(571), ഡോണ്‍ ബ്രാഡ്‌മാന്‍(551), ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍(512) എന്നിവരുടെ റെക്കോര്‍ഡാണ് സ്മിത്ത് മറികടന്നത്. ലോര്‍ഡ്സില്‍ മൂന്ന് അര്‍ധസെഞ്ചുറികളും രണ്ട് സെഞ്ചുറികളുമാണ് സ്മിത്തിന്‍റെ സമ്പാദ്യം. 2015ലെ ആഷസില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 215 റണ്‍സാണ് സ്മിത്തിന്‍റെ ഉയര്‍ന്ന സ്കോര്‍.
ലോര്‍ഡ്സ് ടെസ്റ്റില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 212 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റ് എടുത്ത കാഗിസോ റബാദയാണ് ഓസ്ട്രേലിയയെ എറിഞ്ഞിട്ടത്. സ്മിത്തിന് പുറമെ ബ്യൂ വെബ്സ്‌റ്ററും(72) ഓസീസിനായി ബാറ്റിംഗില്‍ തിളങ്ങി.