
രാജ്കോട്ട്: 2017-ലെ ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പര ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു. ഇന്ത്യ 2-1ന് വിജയിച്ച ആ പരമ്പരയിലെ ഏറ്റവും വലിയ വിവാദമായിരുന്നു ബംഗളൂരു ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് ഉൾപ്പെട്ട 'ബ്രെയിൻ ഫേഡ്' സംഭവം. സംഭവത്തിന് വർഷങ്ങൾക്കുശേഷം അന്നത്തെ വിവാദത്തിൽ വലിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ചേതേശ്വർ പുജാര.
ഡ്രസ്സിംഗ് റൂമിലെ തത്സമയ ടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്താണ് ഓസ്ട്രേലിയ അന്ന് ഡിആർഎസ് തീരുമാനങ്ങൾ എടുത്തിരുന്നതെന്ന് പുജാര തുറന്നടിച്ചു. ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് പുജാര അന്ന് നടന്ന കാര്യങ്ങൾ വിശദീകരിച്ചത്. ബെംഗളൂരു ടെസ്റ്റിന്‍റെ നാലാം ഇന്നിംഗ്സിൽ 188 റൺസ് വിജയലക്ഷ്യം പിന്തുടരവേ, ഉമേഷ് യാദവിന്‍റെ പന്തിൽ സ്റ്റീവ് സ്മിത്ത് എൽബിഡബ്ല്യുവിൽ കുരുങ്ങി. ഫീൽഡ് അമ്പയർ ഔട്ട് അനുവദിച്ചതോടെ, നോൺ-സ്ട്രൈക്കിംഗ് എൻഡിലുണ്ടായിരുന്ന പീറ്റർ ഹാൻഡ്സ്കോംബിനോട് സംസാരിക്കുന്നതിന് പകരം സ്മിത്ത് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി ഡിആർഎസ് എടുക്കണമോ എന്ന് ചോദിക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും സംഘവും ഉടൻ തന്നെ അമ്പയർമാരോട് പരാതിപ്പെട്ടു. അമ്പയർമാർ ഇടപെട്ട് സ്മിത്തിന്‍റെ റിവ്യൂ തടയുകയും താരത്തെ പുറത്താക്കുകയും ചെയ്തു. ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയത് തന്‍റെ അബദ്ധമായിരുന്നുവെന്നും 'ബുദ്ധിശൂന്യമായ പ്രവര്‍ത്തിയായിരുന്നു അതെന്നുമായിരുന്നു മത്സരശേഷം സ്മിത്തിന്‍റെ വിശദീകരണം. എന്നാൽ ഇത് വെറുമൊരു അബദ്ധമായിരുന്നില്ലെന്നും ഓസ്ട്രേലിയൻ ടീമിന്‍റെ തന്ത്രമായിരുന്നുവെന്നും പുജാര വെളിപ്പെടുത്തി.
ഓസ്ട്രേലിയയുടെ ഡിആർഎസ് തീരുമാനങ്ങൾ പരിശോധിച്ചാൽ അവയെല്ലാം കൃത്യമായിരുന്നു. ഡിആർഎസ് എടുക്കണോ വേണ്ടയോ എന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നു. ഓസ്ട്രേലിയൻ ഡ്രസ്സിംഗ് റൂമിൽ തത്സമയ ഫീഡ് ഉണ്ടായിരുന്നുവെന്ന കാര്യം അതുവരെ ഞങ്ങൾക്ക് അറിയില്ലായിരുന്നു. സാധാരണയായി ഡ്രസ്സിംഗ് റൂമിലെ ടിവി ദൃശ്യങ്ങൾക്ക് ഏതാനും സെക്കൻഡുകളുടെ താമസം ഉണ്ടാകാറുണ്ട്. എന്നാൽ ബെംഗളൂരു ടെസ്റ്റില്‍ അവർക്ക് തത്സമയ ദൃശ്യങ്ങൾ ലഭ്യമാക്കിയിരുന്നു. ആരും കാണാതെ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കുകയും, അവിടെനിന്ന് ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ റിവ്യൂ തീരുമാനമെടുക്കുകയുമായിരുന്നു അവരുടെ രീതി.
ഇത് തീർത്തും അനീതിയായിരുന്നു. മറ്റൊരു ടീമാണ് ഇത് ചെയ്തിരുന്നതെങ്കിൽ ഓസ്ട്രേലിയ വലിയ ബഹളമുണ്ടാക്കുമായിരുന്നുവെന്നും പൂജാര പറഞ്ഞു. 2012-ൽ ഇംഗ്ലണ്ട് പരമ്പര നേടിയതിന് ശേഷം ഇന്ത്യയിൽ ഇന്ത്യയെ തോൽപ്പിക്കാൻ ശേഷിയുണ്ടായിരുന്ന ആദ്യ ടീം അന്ന് സ്റ്റീവ് സ്മിത്തിന്‍റെ ഓസ്ട്രേലിയയായിരുന്നുവെന്ന് പുജാര പറഞ്ഞു. പരമ്പര ജയിക്കാൻ ഓസ്ട്രേലിയൻ നിര ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു. കളിക്കളത്തിൽ പല കാര്യങ്ങളും സംഭവിച്ചുവെന്നും, മത്സരങ്ങളുടെ തീവ്രത കാരണം താനും അന്ന് സ്ലെഡ്ജിംഗ് നടത്തിയിരുന്നുവെന്നും പുജാര പറഞ്ഞു. ആദ്യ ടെസ്റ്റിൽ പൂനെയിൽ തോറ്റെങ്കിലും, ബംഗളൂരുവിൽ 75 റൺസിന് ജയിച്ച് പരമ്പരയിൽ തിരിച്ചെത്തിയ ഇന്ത്യ 2-1നാണ് അന്നത്തെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!