അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ പവര്‍പ്ലേ മാത്രം നേടിയാല്‍ മതിയാകില്ല ഇന്ത്യക്ക്, മധ്യഓവറുകളിലും ആധിപത്യം തുടരേണ്ടതുണ്ട്

തുടങ്ങിവെക്കാൻ ആളുണ്ട്, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ വരെ. ആദ്യ ആറ് ഓവറുകളില്‍ സ്കോര്‍ബോര്‍ഡില്‍ മൂന്നക്കം തെളിയുമോയെന്ന് മാത്രം നോക്കിയാല്‍ മതിയാകും. ടി20 ഫോര്‍മാറ്റില്‍ ഒരു മത്സരത്തിന്റെ ഗതിയെ തന്നെ നിര്‍ണയിക്കാൻ കെല്‍പ്പുള്ള പവര്‍പ്ലേ, ഇവിടെയാണ് ഇക്കാലമത്രയും ഇന്ത്യ ഡൊമിനേറ്റ് ചെയ്തിരുന്നതും അത് തുടരുന്നതും. പക്ഷേ, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ പവര്‍പ്ലേ മാത്രം നേടിയാല്‍ മതിയാകില്ല ഇന്ത്യക്ക്, മധ്യഓവറുകളിലും ആധിപത്യം തുടരേണ്ടതുണ്ട്.

നായകൻ ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍. നാല്‍വര്‍ സംഘമാണ് മിഡില്‍ ഓര്‍ഡറിലെ പ്രധാനികള്‍. ഒരു റൈറ്റ് ഹാൻഡറും മൂന്ന് ലെഫ്റ്റികളും. നേരിടേണ്ടി വരുന്നതാകട്ടെ നിലവില്‍ ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും ക്വാളിറ്റിയുള്ള സ്പിൻ ട്രയോയെ. റാഷിദ് ഖാൻ, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാൻ. ശ്രേയസ്, തിലക്, ദുബെ - ടോപ് ഓര്‍ഡര്‍ കൊളാപ്സ് സംഭവിച്ചില്ലെങ്കില്‍ ഈ ഓര്‍ഡറിലായിരിക്കും ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ ക്രീസിലേക്ക് എത്തുക. അല്ലാത്തപക്ഷമാണ് അക്സറിന് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത.

2024 ടി20 ലോകകപ്പിന് ശേഷമുള്ള കണക്കുകളെടുത്താല്‍ മധ്യ ഓവറുകളില്‍ അതായത് ഏഴ് മുതല്‍ 16 വരെയുള്ള ഘട്ടത്തില്‍ മൂവരില്‍ സ്പിന്നിനെതിരെ മികച്ച സ്ട്രൈക്ക് റേറ്റുള്ളത് ദുബെയ്ക്കാണ്. 252 റണ്‍സാണ് താരത്തിന്റെ നേട്ടം, അതും 180 സ്ട്രൈക്ക് റേറ്റില്‍. ദുബെയുടെ ബിഗ് ഹിറ്റിങ് എബിലിറ്റിയാണ് ഇതിന് പിന്നിലെ പ്രധാന കാരണം, 21 സിക്സറുകളാണ് താരം അടിച്ചുകൂട്ടിയിട്ടുള്ളത്, അതായത് നേടിയ റണ്‍സിന്റെ 50 ശതമാനവും സിക്സിലുടെ തന്നെ.

ശ്രേയസിന്റെ കാര്യമെടുത്താല്‍ 148 റണ്‍സാണ് നേട്ടം. സ്ട്രൈക്ക് റേറ്റ് 152 ആണ്. തിലക് കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 131 സ്ട്രൈക്ക് റേറ്റിലാണ് മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ 396 റണ്‍സ് തിലക് സ്കോര്‍ ചെയ്തിട്ടുള്ളത്.

റാഷിദ് ഖാൻ തന്നെയാകും ഈ ഘട്ടത്തിലെ അഫ്ഗാനിസ്ഥാന്റെ ട്രംപ് കാര്‍ഡ്. സമാന കാലയളവില്‍ 22 ഇന്നിങ്സുകളില്‍ നിന്ന് 28 വിക്കറ്റുകള്‍ മധ്യ ഓവറില്‍ നേടാൻ റാഷിദിന് സാധിച്ചിട്ടുണ്ട്. വിക്കറ്റുകളേക്കാള്‍ ഇംപ്രസീവായിട്ടുള്ളത് റാഷിദിന്റെ എക്കോണമിയാണ്. 5.82 ആണ് ഈ ഫേസിലെ റാഷിദിന്റെ എക്കോണമി. വലം കയ്യൻ റിസ്റ്റ് സ്പിന്നറുടെ മാന്ത്രികത നഷ്ടമായിട്ടുണ്ടെന്നുള്ള വിമര്‍ശനങ്ങളുണ്ടെങ്കിലും ക്വാളിറ്റിയേയും എക്സ്പീരിയൻസിനെയും തള്ളിക്കളയാനാകില്ല.

മികച്ച ഫീറ്റ് മൂവ്മെന്റാണ് ശ്രേയസിന്റെ മുൻതൂക്കം. സ്പിന്നിനെതിരെ ക്രീസുവിട്ടിറങ്ങി അറ്റാക്ക് ചെയ്യാനുള്ള വൈഭവം. പക്ഷേ, റാഷിദിനെതിരെ അത് എത്രത്തോളം പ്രായോഗികമാകുമെന്നതാണ് ചോദ്യം. ആക്ഷനിലും റിലീസ് പോയിന്റിലും വലിയ മാറ്റങ്ങള്‍ വരുത്താതെ പന്തിന്റെ വേഗതയും ലെങ്തും മാറ്റി പരീക്ഷിക്കാനുള്ള മികവ് റാഷിദിനുണ്ട്. അതുകൊണ്ട് ശ്രേയസിന്റെ സ്വാഭാവികമായുള്ള ശൈലി അല്‍പ്പം മാറ്റിവെക്കേണ്ടതായി വന്നേക്കാം.

ടി20 ക്രിക്കറ്റില്‍ ശ്രേയസിനെ രണ്ട് തവണ മാത്രമാണ് റാഷിദിന് പുറത്താക്കാൻ സാധിച്ചിട്ടുള്ളത്. പക്ഷേ, റാഷിദിനെ ഡൊമിനേറ്റ് ചെയ്യാൻ ശ്രേയസിന് പൂര്‍ണമായും സാധിച്ചിട്ടില്ല. റാഷിദിനെതിരായ ശ്രേയസിന്റെ സ്ട്രൈക്ക് റേറ്റ് 120ല്‍ താഴെയുമാണ്.

റാഷിദിന് സമാനമായ ത്രെട്ട് നല്‍കുന്ന സ്പിന്നര്‍മാര്‍ക്കെതിരെ തിലക് സ്വീപ് ഷോട്ടുകളും ക്രീസ് വിട്ടിറങ്ങിയുള്ള ആക്രമണവുമാണ് തിരഞ്ഞെടുക്കാറുള്ളത്. ഇവിടെ റാഷിദിന്റെ വേരിയേഷനുകള്‍ അതിവേഗം പിക്ക് ചെയ്യുക പ്രധാനമാണ്. രണ്ട് തവണയാണ് തിലകിനേയും റാഷിദ് മടക്കിയിട്ടുള്ളത്. ഇടം കയ്യൻ ബാറ്ററുടെ സ്ട്രൈക്ക് റേറ്റാകട്ടെ 120 മാത്രവും.

ദുബെയുടെ അറ്റാക്കിങ് ശൈലിയ്ക്കും തടയിടാൻ റാഷിദിന് കഴിയും, ബാറ്റര്‍മാരെ ക്രീസുവിട്ടിറങ്ങി ഡൊമിനേറ്റ് ചെയ്യാൻ അനുവദിക്കുന്ന ബൗളറല്ല റാഷിദ് എന്നും ഓര്‍ക്കേണ്ടതുണ്ട്. റാഷിദിനെതിരെ 200ന് അടുത്താണ് ദുബെയുടെ സ്ട്രൈക്ക് റേറ്റ്, മൂന്ന് തവണ പുറത്താകുകയും ചെയ്തു. അഭിഷേകോ സഞ്ജുവോ ഇഷാനോ - ഇവരിലൊരാള്‍ പവര്‍പ്ലേ താണ്ടുകയാണെങ്കില്‍ അഫ്ഗാനിസ്ഥാന് എളുപ്പമാകുകയുമില്ല. ഒറ്റയ്ക്ക് ഒരു മത്സരം നേടാൻ മികവുള്ളവരാണ് മൂവരും. മിഡില്‍ ഓര്‍ഡറിന് കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്യും,, 2026 ടി20 ലോകകപ്പിലേതുപോലെ.