
ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണെ ഓപ്പണറായി പിന്തുണയ്ക്കണമെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനോടും പരിശീലകൻ ഗൗതം ഗംഭീറിനോടും മുൻ ഇന്ത്യൻ താരം വിവേക് റാസ്ദാൻ. 15-കാരൻ വൈഭവ് സൂര്യവംശിയേക്കാൾ പരിചയസമ്പന്നനായ സഞ്ജു സാംസണെയാണ് ആദ്യ മത്സരത്തിൽ കളിപ്പിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം.
സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി എന്നീ മൂന്ന് മുൻനിര ഓപ്പണർമാർ ടീമിലുള്ളതിനാൽ ആരെ പുറത്തിരുത്തുമെന്ന വലിയ ആശയക്കുഴപ്പത്തിലാണ് പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും. സിംബാബ്‌വെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വൈഭവ് സൂര്യവംശിയും, ഈ വർഷത്തെ ടി20 ലോകകപ്പ് കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജുവും തമ്മിലാണ് പ്രധാന മത്സരമെന്ന് റാസ്ദാൻ ചൂണ്ടിക്കാട്ടി.
ഐപിഎല്ലിലെയും മറ്റ് പരമ്പരകളിലെയും പ്രകടനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് വൈഭവ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ കുറച്ചുകൂടി ക്ഷമ കാണിക്കേണ്ടതുണ്ടെന്ന് വിവേക് റാസ്ദാൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു:
അഭിഷേക് ശർമ്മയെയും ഇഷാൻ കിഷനെയും ടീമിൽ നിന്ന് പെട്ടെന്ന് മാറ്റാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ സഞ്ജുവും വൈഭവും തമ്മിലാണ് പ്രധാന പോരാട്ടം. ഏതാനും മാസങ്ങൾക്ക് മുൻപ് ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നേടിത്തരുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് സഞ്ജു സാംസൺ. ലോകകപ്പിൽ ടൂർണമെന്‍റിലെ താരമായ സഞ്ജു 200 സ്ട്രൈക്ക് റേറ്റിൽ 300-ഓളം റൺസാണ് അടിച്ചുകൂട്ടിയത്. സഞ്ജു ചെറിയൊരു കളിക്കാരനല്ല, വലിയ താരമാണെന്നും റാസ്ദാൻ പറഞ്ഞു.
യു.കെ (ഇംഗ്ലണ്ട്/അയർലൻഡ്) പര്യടനത്തിലെ ചില മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ സഞ്ജുവിനെ പുറത്തിരുത്തുകയും പകരം വൈഭവിന് അവസരം നൽകുകയും ചെയ്തിരുന്നു. എന്നാൽ വൈഭവിനും കാര്യമായി തിളങ്ങാൻ സാധിക്കാതെ വന്നതോടെ സഞ്ജുവിനെ ടീം മാനേജ്‌മെന്റ് തിരിച്ചെടുക്കുകയായിരുന്നു. തുടർന്ന് സിംബാബ്‌വെ പര്യടനത്തിൽ സഞ്ജുവിന് വിശ്രമം അനുവദിച്ചപ്പോഴാണ് വൈഭവ് തിളങ്ങിയത്. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഭൂരിഭാഗവും ഇടംകയ്യൻ ബാറ്റര്‍മാരാണെന്നും (അഭിഷേക്, ഇഷാൻ, വൈഭവ്), ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൂടാതെ ഒരു വലംകയ്യൻ ബാറ്ററുടെ സാന്നിധ്യം മുൻനിരയിൽ അനിവാര്യമാണെന്നും റാസ്ദാൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!