ഇത് പഴയ ഓസീസല്ല; കോലിക്ക് മുന്നറിയിപ്പുമായി സ്റ്റീവ് വോ

By Web TeamFirst Published Feb 17, 2020, 6:44 PM IST
Highlights

ഈ വര്‍ഷാവസാനം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്ന് മുന്‍ നായകന്‍ സ്റ്റീവ് വോ. ഒരു പകല്‍- രാത്രി മത്സരം ഉള്‍പ്പെടെ നാല് ടെസ്റ്റുകളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക.
 

സിഡ്‌നി: ഈ വര്‍ഷാവസാനം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്ന് മുന്‍ നായകന്‍ സ്റ്റീവ് വോ. ഒരു പകല്‍- രാത്രി മത്സരം ഉള്‍പ്പെടെ നാല് ടെസ്റ്റുകളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. ഡിസംബറിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. 2018-19ല്‍ ഓസ്ട്രലിയന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര സ്വന്തമാക്കി വിരാട് കോലിയും സംഘവും ചരിത്രം രചിച്ചിരുന്നു.

എന്നാല്‍ ഇത്തവണ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സ്റ്റീവ് വോ. അദ്ദേഹം പറയുന്നതിങ്ങനെ... ''ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഓസീനിനാണ് മേല്‍ക്കൈ. ഇവിടത്തെ പിച്ചുകളുടെ സ്വഭാവത്തെ കുറിച്ച് അവര്‍ക്ക് കൂടുതലൊന്നും അറിയില്ല. മാത്രമല്ല, ഒരു മത്സരം പകല്‍- രാത്രി ടെസ്റ്റാണ്. പിങ്ക് പന്തില്‍ ഇന്ത്യക്ക് അധികം പരിജയമില്ല. എന്നാല്‍ കോലി വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറായത് അഭിനന്ദാര്‍ഹമാണ്. വിദേശത്ത് കൂടുതല്‍ മത്സരം ജയിച്ചെങ്കില്‍ മാത്രമെ മികച്ച ടീമായ മാറാന്‍ സാധിക്കൂ.

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ തിരിച്ചെത്തുന്നതും ഓസ്‌ട്രേലിയക്ക് ഗുണം ചെയ്യും. കഴിഞ്ഞ തവണ ഇരുവരും ടീമിലില്ലായിരുന്നു. ഇത് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇവര്‍ക്കൊപ്പം മര്‍നസ് ലബുഷെയ്ന്‍ കൂടി ചേരുമ്പോള്‍ ഓസീസിന്റെ ശക്തി വര്‍ധിക്കും. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല.'' വോ പറഞ്ഞുനിര്‍ത്തി. 

കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെതിരേ ഇന്ത്യ നേടിയ വിജയത്തെ താന്‍ വില കുറച്ചു കാണുന്നില്ലെന്നും വോ പറഞ്ഞു. ഇന്ത്യ നേടിയ ജയം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും വോ പറഞ്ഞു.

click me!