
സിഡ്‌നി: സിഡ്‌നിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്ത് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 104 റണ്‍സാണ് താരം നേടിയത്. ഇതോടെ സെഞ്ചുറികളുടെ എണ്ണത്തില്‍ ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാനെ പിന്തള്ളാനും സ്മിത്തിനായി. ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് സ്മിത്ത്. റിക്കി പോണ്ടിംഗ് (41), സ്റ്റീവ് വോ (32) എന്നിവരാണ് സ്മിത്തിന് മുന്നിലുള്ളത്. നിലവില്‍ മാത്യൂ ഹെയ്ഡനൊപ്പം 30 സെഞ്ചുറികളില്‍ നില്‍ക്കുകയാണ് സ്മിത്ത്.
ഒമ്പത് ഇന്നിംഗ്‌സുകളില്‍ 353 റണ്‍സ് കൂടി നേടിയാല്‍ വേഗത്തില്‍ 9000 റണ്‍സ് സ്വന്തമാക്കുന്ന റെക്കോര്‍ഡും സ്മിത്തിന്റെ പേരിലാവും. നിലവില്‍ 162 ഇന്നിംഗ്‌സില്‍ നിന്ന് 8647 റണ്‍സാണ് സ്മിത്തിനുള്ളത്. 60.89 റണ്‍സാണ് താരത്തിന്റെ ശരാശരി. സജീവ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരം സ്മിത്ത് തന്നെ. ജോ റൂട്ട് (28), വിരാട് കോലി (27), കെയ്ന്‍ വില്യംസണ്‍ (25), ഡേവിഡ് വാര്‍ണര്‍ (25) എന്നിവരാണ് സ്മിത്തിന് പിന്നില്‍.
ഏറ്റവും സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ 12-ാമനാണ് സ്മിത്ത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (51), ജാക്വെസ് കാലിസ് (45), റിക്കി പോണ്ടിംഗ് (41), കുമാര്‍ സംഗക്കാര (38), രാഹുല്‍ ദ്രാവിഡ് (36), യൂനിസ് ഖാന്‍, സുനില്‍ ഗവാസ്‌കര്‍, ബ്രയാന്‍ ലാറ, മഹേല ജയവര്‍ധനെ (34), അലിസ്റ്റര്‍ കുക്ക് (33), സ്റ്റീവ് വോ (32) എന്നിവരാണ് സ്മിത്തിന് മുന്നിലുള്ളത്. ഹെയ്ഡന്‍, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ എന്നിവര്‍ 30 സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്.
അതേസമയം, ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്. സ്മിത്തിന് പുറമെ ഉസ്മാന്‍ ഖവാജ (195) സെഞ്ചുറി നേടിയിരുന്നു. മഴയെ തുടര്‍ന്ന് നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സെടുത്തിട്ടുണ്ട്. രണ്ടിന് 147 എന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാംദിനം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ഖവാജ- സ്മിത്ത് സഖ്യം രണ്ടാംദിനം കരുതലോടെ തുടങ്ങി. ഇരുവരും 206 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ സ്മിത്തിന് കേശവ് മഹാരാജ് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. 192 പന്തുകള്‍ നേരിട്ട താരം 11 ഫോറും രണ്ട് സിക്‌സും നേടി.
തുടര്‍ന്ന് ക്രീസിലെത്തിയ ട്രാവിഡ് ഹെഡ് (70) ആക്രമിച്ചാണ് കളിച്ചത്. 59 പന്തകള്‍ മാത്രം നേരിട്ട താരത്തിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും എട്ട് ഫോറുമുണ്ടായിരുന്നു. ഖവാജയ്‌ക്കൊപ്പം 112 റണ്‍സാണ് ഹെഡ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ഹെഡിനെ പുറത്താക്കി കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഖവാജയാവട്ടെ ഒരറ്റത്ത് പിടിച്ചുനിന്നു. ഇതുവരെ 368 പന്തുകള്‍ നേരിട്ട ഖവാജ 19 ഫോറും ഒരു സിക്‌സും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!