
ചെന്നൈ: ഐസിസി ടൂര്‍ണമെന്റുകളിലെ 17 മത്സരങ്ങള്‍ നീണ്ടുനിന്ന വിജയക്കുതിപ്പിന് ശേഷം ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ പരാജയം ഇന്ത്യന്‍ ടീമില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. വ്യാഴാഴ്ച ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ സിംബാബ്വെയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ടീം കോമ്പിനേഷനില്‍ മാറ്റം വേണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്മണ്യം ബദ്രിനാഥ് വ്യക്തമാക്കുന്നത്. സഞ്ജു സാംസണെ തിരിച്ചുവിളിക്കണമെന്നാണ് ബദ്രിനാഥിന്റെ ആവശ്യം.
തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുമ്പോഴാണ് ബദ്രിനാഥ് സഞ്ജു സാംസണെ ടീമിലേക്ക് തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''തിലക് വര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണ്‍ ടീമിലെത്തണം. ചെന്നൈയിലെ കാണികള്‍ സഞ്ജുവിന് നല്‍കുന്ന വലിയ പിന്തുണ നമ്മള്‍ മറക്കരുത്.'' ബദ്രിനാഥ് പറഞ്ഞു. കഴിഞ്ഞ നാല് ഇന്നിംഗ്സുകളില്‍ മൂന്ന് ഡക്കുകളടക്കം മോശം ഫോമിലാണെങ്കിലും യുവതാരം അഭിഷേക് ശര്‍മ്മയെ ടീമില്‍ നിലനിര്‍ത്തണമെന്നാണ് ബദ്രിനാഥിന്റെ പക്ഷം.
അദ്ദേഹം തുടര്‍ന്നു... ''സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണം. മൂന്നാം നമ്പറില്‍ മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന്‍ കളിക്കണം. സൂര്യകുമാര്‍ യാദവ് നാലാമനായി എത്തിയാല്‍ ബാറ്റിംഗ് നിരയില്‍ ഇടംകൈ-വലംകൈ കോമ്പിനേഷന്‍ നിലനിര്‍ത്താന്‍ സാധിക്കും. നിലവില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ ആധിക്യമുണ്ട്. അതുകൊണ്ടാണ് എതിര്‍ ടീമുകള്‍ക്ക് ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവസരം ഒരുങ്ങുന്നത്.'' ബദ്രിനാഥ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആറ് മത്സരങ്ങളില്‍ 11.62 എന്ന കുറഞ്ഞ ശരാശരി മാത്രമാണ് സഞ്ജുവിനുള്ളതെങ്കിലും, ടീമില്‍ ഇടയ്ക്കിടെയുണ്ടാകുന്ന മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ സഞ്ജുവിന് ചെന്നൈയിലെ പിച്ചിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നതും അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!