
കൊളംബൊ: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ സീനിയര്‍ താരങ്ങളുടേത്. രോഹിത് ശര്‍മ (11), വിരാട് കോലി (4) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല. ഇരുവരേയും ഷഹീന്‍ അഫ്രീദി ബൗള്‍ഡാക്കുകയായിരുന്നു. ഇന്ത്യയുടെ ഭാവി പ്രതീക്ഷ ശുഭ്മാന്‍ ഗില്‍ 32 പന്തില്‍ 10 റണ്‍സുമായി മടങ്ങി. ഹാരിസിന്റെ റൗഫിന്റെ പന്തിലാണ് ഗില്‍ മടങ്ങുന്നത്. ശ്രേയസ് അയ്യരും (14) റൗഫിന് മുന്നില്‍ മടങ്ങി. ഏകദിന ലോകകപ്പ് അടുത്തെത്തി നില്‍ക്കെ ഇവരുടെ ഫോം ആരാധകരെ നിരാശരാക്കിയിരുന്നു. വലിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്നത് ആശങ്കപ്പെടുത്തുന്നു.
എന്നാല്‍ നിരാശരാവേണ്ട കാര്യമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''താരങ്ങള്‍ നിരാശപ്പെടുത്തിയതില്‍ കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല. അവരുടെ റെക്കോര്‍ഡ്‌സ് നോക്കൂ, കോലി ഏകദിനത്തില്‍ മാത്രം 11,000 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് 9,000ത്തില്‍ കൂടുതല്‍ റണ്‍സും നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിന് എത്രത്തോളം കഴിവുണ്ടെന്ന് അദ്ദേഹം തെളിയിച്ചിതാണ്. കോലി, രോഹിത് എന്നിവര്‍ നേരത്തെ മടങ്ങിയാലും അഞ്ച്, ആറ് സ്ഥാനത്ത് ഇറങ്ങുന്നവര്‍ക്ക് മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ചിന്തിക്കേണ്ട ആവശ്യമില്ല. ഇതൊക്കെ എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും സംഭവിക്കുന്നതാണ്.'' ഗവാസ്‌കര്‍ പറഞ്ഞു.
ഇന്ത്യ - പാകിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 48.5 ഓവറില്‍ 266ന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരുഘട്ടത്തില്‍ നാലിന് 66 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ഇഷാന്‍ കിഷന്‍ (82) - ഹാര്‍ദിക് പാണ്ഡ്യ (87) എന്നിവരുടെ ഇന്നിംഗ്‌സ് ഇന്ത്യയെ കരക്കയറ്റുകയായിരുന്നു. ഷീഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ പങ്കിട്ടെടുത്തു. ഇന്ത്യയുടെ ഇന്നിംഗ്‌സിന് ശേഷം മഴയെ തുടര്‍ന്ന് പാകിസ്ഥാന് ബാറ്റിംഗിന് ഇറങ്ങാന്‍ സാധിച്ചില്ല.