പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചില്ല; ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി

Published : Sep 11, 2025, 11:48 AM IST
Suryakumar Yadav and Pakistan Cricket Team

Synopsis

ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി വിധിച്ചു. മത്സരം റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മത്സരം റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

ദില്ലി: ഇന്ത്യ - പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. ഹര്‍ജി നാളെത്തന്നെ പരിഗണിക്കണം എന്ന ആവശ്യം അംഗീകരിച്ചില്ല. ഞാറാഴ്ച്ചയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ക്ലാസിക്ക് പോര്. പൂനെയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ കേതന്‍ തിരോദ്കറാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 ഇന്ത്യന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മത്സരവുമായി മുന്നോട്ട് പോകരുതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. പഹല്‍ഹാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് ആട്ടിക്കിള്‍ 21 പ്രകാരം ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്റെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

രാജ്യതാല്‍പര്യത്തിന് വിരുദ്ധമായാണ് ബിസിസിഐ മത്സരവുമായി മുന്നോട്ടുപോകുന്നതെന്നും, കശ്മീര്‍ താഴ്‌വരയില്‍ രാജ്യത്തെ പൗരന്‍മാരെയും സൈനികരെയും കൂട്ടക്കൊല നടത്തിയ പാകിസ്ഥാനെ ക്രിക്കറ്റ് മത്സരത്തില്‍പോലും സുഹൃത്തായി കാണുന്നത് പൗരന്‍മാരുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ കളിക്കില്ലെന്നും എന്നാല്‍ ഐസിസിയോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലോ നടത്തുന്ന ബഹുരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന് പാകിസ്ഥാനെതിരെ കളിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഐസിസി ടൂര്‍ണമെന്റുകളിലായാലും ഇന്ത്യ പാകിസ്ഥാനിലോ പാകിസ്ഥാന്‍ ഇന്ത്യയിലോ കളിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടാനിറങ്ങുകയാണ്. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഈ വര്‍ഷ ആദ്യം ചാമ്പ്യന്‍സ് ട്രോഫിയില്‍ ദുബായിലാണ് ഇരു ടീമും അവസാനം നേര്‍ക്കുനേര്‍ വന്നത്.

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ