T20 Cricket| 'വിരാട് കോലി ടി20 ക്രിക്കറ്റില്‍ നിന്ന് വൈകാതെ വിരമിക്കും'; വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ താരം

By Web TeamFirst Published Nov 11, 2021, 9:56 PM IST
Highlights

ലോകകപ്പില്‍ കോലിക്ക് കീഴില്‍ ടീം ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടീം പുറത്തായി. ഗ്രൂപ്പിലെ ആദ്യരണ്ട് മത്സരത്തില്‍ യഥാക്രമം പാകിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോല്‍ക്കുകയായിരുന്നു.

ദുബായ്: വിരാട് കോലി ലോകകപ്പിന് മുമ്പ് പറഞ്ഞതുപോലെ അദ്ദേഹം ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിന്റെ സ്ഥാനത്ത് നിന്ന് പിന്മാറി. രോഹിത് ശര്‍മയാണ് വരും മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുക. ടി20 ടീമില്‍ കോലി താരമായി രോഹിത്തിന് കീഴില്‍ കളിക്കും. അതേസമയം ടെസ്റ്റിലും ഏകദിനത്തിലും കോലി ക്യാപ്റ്റനായി തുടരും. കോലിക്ക് കീഴില്‍ ടീം ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടീം പുറത്തായി. ഗ്രൂപ്പിലെ ആദ്യരണ്ട് മത്സരത്തില്‍ യഥാക്രമം പാകിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോല്‍ക്കുകയായിരുന്നു.

ഇതിനിടെ  ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്നും കോലി മാറുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മുന്‍ പാകിസ്ഥാന്‍ താരം മുഷ്താഖ് അഹമ്മദ് പറയുന്നത് ഇതിന്റെ മറ്റൊരു തലമാണ്. അല്‍പംകൂടി കടന്നുചിന്തിച്ച അദ്ദേഹം, കോലി അധികം വൈകാതെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് പറയുന്നത്. മുഷ്താഖിന്റെ വാക്കുകള്‍... ''എനിക്ക് തോന്നുന്നത് കോലി അധികം വൈകാതെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ്. രാജ്യത്തിന് വേണ്ടി കളിക്കില്ലെങ്കിലും അദ്ദേഹം ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചുകൊണ്ടിരിക്കും. ടി20 ക്രിക്കറ്റില്‍ കോലി പൂര്‍ണനായെന്നാണ് എനിക്ക് തോന്നുന്നത്.'' പാകിസ്ഥാന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മുഷ്താഖ് പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിന്ന് കോലി വിട്ടുനിന്നിരുന്നു. സെലക്റ്റര്‍മാര്‍ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ കോലി തിരിച്ചെത്തിയേക്കും. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലും കോലി വിട്ടുനില്‍ക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.

click me!