
ദുബായ്: ടി20 ലോകകപ്പ്(T20 World Cup 2021 ) സെമിയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാത്യൂ വെയ്‌ഡിന്‍റെ(Matthew Wade) നിര്‍ണായക ക്യാച്ച് കൈവിട്ടതില്‍ ആരാധകരോട് മാപ്പ് ചോദിച്ച് പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലി(Hasan Ali). ക്യാച്ച് പാഴാക്കിയതില്‍ വ്യാപക സൈബര്‍ ആക്രമണം അലിയും കുടുംബവും നേരിട്ടതിനൊടുവില്‍ താരത്തിന്‍റെ ആദ്യ പ്രതികരണമാണിത്. ക്യാച്ച് അലി കൈവിട്ടതോടെ ജീവന്‍ കിട്ടിയ വെയ്‌ഡ് അതേ ഓവറില്‍ ഷഹീന്‍ അഫ്രീദിക്കെതിരെ(Shaheen Afridi) ഹാട്രിക് സിക്‌സര്‍ പറത്തി ഓസീസിന് അഞ്ച് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചിരുന്നു.
'നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് എന്‍റെ പ്രകടനമുയരാത്തതില്‍ എല്ലാവരും അസ്വസ്ഥരാണെന്ന് എനിക്കറിയാം. എന്നാലും എന്നേക്കാള്‍ നിരാശ കാണില്ല. എന്നെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉപേക്ഷിക്കരുത്. പാകിസ്ഥാന്‍ ക്രിക്കറ്റിനെ അതിന്‍റെ ഉന്നതിയില്‍ എനിക്ക് പ്രതിനിധീകരിക്കണം. അതിനാല്‍ കഠിനപ്രയത്നത്തിലേക്ക് മടങ്ങുകയാണ്. ഈ തിരിച്ചടി എന്നെ കൂടുതല്‍ കരുത്തനാക്കും. എല്ലാ സന്ദേശങ്ങള്‍ക്കും ട്വീറ്റുകള്‍ക്കും പോസ്റ്റുകള്‍ക്കും ഫോണ്‍വിളികള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി' എന്നും അലി ട്വീറ്റ് ചെയ്‌തു.
വിധിയെഴുതിയ കൈവിടല്‍
പാകിസ്ഥാനെതിരായ സെമിയില്‍ അവസാന രണ്ട് ഓവറില്‍ 22 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹീന്‍ അഫ്രീദി എറിഞ്ഞ 19-ാം ഓവറിലെ മൂന്നാം പന്തില്‍ മാത്യൂ വെയ്‌ഡ് നല്‍കിയ അനായാസ ക്യാച്ച് ഹസന്‍ അലി നിലത്തിട്ടത് മത്സരത്തില്‍ വഴിത്തിരിവായി. അവസാന മൂന്ന് പന്തുകളില്‍ സിക്‌സര്‍ പായിച്ച് വെയ്‌ഡ് വിജയം ഓസീസിന് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹസന്‍ അലിയും ഇന്ത്യക്കാരിയായ ഭാര്യയും ഒരു വയസുള്ള മകളും സൈബര്‍ ആക്രമണത്തിന് വിധേയരായത്.
നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയതും ഹസന്‍ അലിക്കും കുടുംബത്തിനുമെതിരെ വിദ്വേഷ കമന്‍റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയാന്‍ കാരണമായി. ഭാര്യ ഇന്ത്യക്കാരിയായതുകൊണ്ടാണ് അലി റണ്‍സ് വിട്ടുനല്‍കിയതെന്ന് പോലും പാകിസ്ഥാന്‍ ആരാധകര്‍ ആക്ഷേപിച്ചു. അലിയുടെ കുടുംബത്തിന് നേര്‍ക്ക് വധഭീഷണികള്‍ വരെ ഉയര്‍ന്നിരുന്നു.
അലിക്ക് പിന്തുണയും
സംഭവത്തില്‍ അലിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. ഹസന്‍ അലിയെ ആശ്വസിപ്പിച്ച് പാക് ഇതിഹാസ പേസര്‍ വസീം അക്രം മുന്നോട്ടുവന്നു. ക്യാച്ച് കൈവിട്ടതിന് പിന്നാലെ അലിക്കടുത്തെത്തി വെറ്ററന്‍ താരം ഷുഐബ് മാലിക്ക് ആശ്വസിപ്പിക്കുന്നതും ധൈര്യം നല്‍കുന്നതും കാണാമായിരുന്നു. ഹസന്‍ അലി, തലയുയര്‍ത്തിപ്പിടിക്കൂ... എന്ന് സഹ പേസര്‍ ഹാരിസ് റൗഫ് ട്വീറ്റ് ചെയ്‌തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!