സ്‌കൂള്‍ ക്രിക്കറ്റില്‍ ഒരു ടീമില്‍, ഇന്ന് മുഖാമുഖം; സ്‌റ്റോയിനിസിന്റേയും ഡാരില്‍ മിച്ചലിന്റേയും കഥയിങ്ങനെ

By Web TeamFirst Published Nov 14, 2021, 3:22 PM IST
Highlights

ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്റ്റോയിനിസും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലുമാണ് ഫൈനലില്‍ മുഖാമുഖം വരുന്നത്. പന്ത്രണ്ട് വര്‍ഷം മുന്‍പ് ഒരേ ലക്ഷ്യത്തിനായി ഒരുമിച്ച് പോരാടിയവര്‍.

ദുബായ്: സ്‌കൂള്‍ ക്രിക്കറ്റില്‍ ഒരേടീമില്‍ കളിച്ചവരുടെ നേര്‍ക്കുനേര്‍ പോരാട്ടമാണ് ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് ഫൈനല്‍. ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്റ്റോയിനിസും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലുമാണ് ഫൈനലില്‍ മുഖാമുഖം വരുന്നത്. പന്ത്രണ്ട് വര്‍ഷം മുന്‍പ് ഒരേ ലക്ഷ്യത്തിനായി ഒരുമിച്ച് പോരാടിയവര്‍, ഇന്ന് ഒരേ ലക്ഷ്യത്തിലേക്ക് വ്യത്യസ്ത ടീമുകളില്‍ മുഖാമുഖം. 

2009ല്‍ ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ സ്‌കാര്‍ബറോയുടെ താരങ്ങളായിരുന്നു സ്റ്റോയിനിസും മിച്ചലും. സെമിഫൈനലില്‍ സ്റ്റോയിനിസ് 189 റണ്‍സുമായി വിജയശില്‍പിയായിപ്പോള്‍ ഫൈനലിലെ താരം മിച്ചലായിരുന്നു. ഇരുപത്തിയാറ് റണ്‍സിന് നാല് വിക്കറ്റ്. കൗതുകകരമായ മറ്റൊരുകാര്യംകൂടിയുണ്ട്. അന്ന് ഇരുവരുടേയും പരിശീലകനായിരുന്ന ജസ്റ്റിന്‍ ലാംഗറാണ് ഇപ്പോഴത്തെ ഓസ്‌ട്രേലിയന്‍ കോച്ച്. 

സ്‌കൂള്‍ വിട്ടതോടെ സ്റ്റോയിനിസ് മെല്‍ബണിലേക്കും മിച്ചല്‍ ന്യൂസിലന്‍ഡിലേക്കും മടങ്ങി. സ്‌കൂള്‍ ക്രിക്കറ്റിലെ മികവ് ആഭ്യന്തര ക്രിക്കറ്റിലും തുടര്‍ന്നപ്പോള്‍ ഇരുവരും ദേശീയ ടീമില്‍. തോല്‍വി മുന്നില്‍ കണ്ടസെമിഫൈനലില്‍ മിച്ചല്‍ കിവീസിന്റെയും സ്റ്റോയിനിസ് ഓസ്‌ട്രേലിയയുടെയും രക്ഷകരായി. ഇംഗ്ലണ്ടിനെതിരെ ഓപ്പറായി ഇറങ്ങിയ മിച്ചല്‍ പുറത്താവാതെ 72 റണ്‍സെടുത്തപ്പോള്‍ സ്റ്റോയിനിസ് പാകിസ്ഥാനെതിരെ 40 നോട്ടൗട്ട്. 

ഓസീസ് മധ്യനിര അധികം പരീക്ഷിക്കപ്പെടാത്തതിനാല്‍ സ്റ്റോയിനിസ് ക്രീസിലെത്തിയത് മൂന്ന് തവണ മാത്രം. ഉഗ്രന്‍ ഫോമിലുള്ള മിച്ചല്‍ ആറ് കളിയില്‍ നേടിയത് 197 റണ്‍സും. സ്‌കൂള്‍ക്രിക്കറ്റിലെ കൂട്ടുകാര്‍ കലാശപ്പോരിനിങ്ങുമ്പോള്‍ ആര് കപ്പുയര്‍ത്തുമെന്ന് കാത്തിരുന്ന് കാണാം.

click me!