T20 World Cup| സ്‌കോട്‌ലന്‍ഡിനെതിരെ ജീവന്‍ നിലനിര്‍ത്തിയ ജയം; ഇനി ടീം ഇന്ത്യയുടെ സെമി സാധ്യത ഇങ്ങനെ

By Web TeamFirst Published Nov 6, 2021, 8:25 AM IST
Highlights

ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ ന്യൂസിലന്‍ഡിനെ അഫ്‌ഗാനിസ്ഥാന്‍ തോൽപ്പിക്കണം

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) രണ്ടാം ജയം നേടിയതോടെ ടീം ഇന്ത്യ(Team India) സെമി സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്. നേരത്തെ അഫ്‌ഗാനിസ്ഥാനെതിരെ(Afghanistan) 66 റണ്‍സിന് ജയിച്ച കോലിപ്പട സ്‌കോട്‌ലന്‍ഡിനെതിരെ(Scotland) ഇന്നലെ എട്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. പാകിസ്ഥാന്‍(Pakistan), ന്യൂസിലന്‍ഡ്(New Zealand) ടീമുകള്‍ക്കെതിരെയായിരുന്നു ടീം ഇന്ത്യയുടെ തോല്‍വി. ഇനി സെമിയിലെത്താന്‍ ഇന്ത്യക്ക് വേണ്ടത് എന്താണെന്ന് നോക്കാം.

ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ ന്യൂസിലന്‍ഡിനെ അഫ്‌ഗാനിസ്ഥാന്‍ തോൽപ്പിക്കണം. ന്യൂസിലന്‍ഡ് ജയിച്ചാൽ പാകിസ്ഥാന് പിന്നാലെ കിവികളും സെമിയിലെത്തും. അഫ്ഗാനാണ് ജയിക്കുന്നതെങ്കില്‍ മൂന്ന് ടീമുകള്‍ ആറ് പോയിന്‍റില്‍ ഫിനിഷ് ചെയ്യുന്ന സാധ്യത വരും. അഫ്ഗാന്‍ അട്ടിമറി ജയം നേടിയാൽ തിങ്കളാഴ്ച രാത്രിയിലെ അവസാന മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യക്ക് സെമി പ്രതീക്ഷയുമായി ഇറങ്ങാം. നെറ്റ് റൺറേറ്റില്‍ മുന്നിലെത്താന്‍ എന്താണ് വേണ്ടതെന്ന് അറിഞ്ഞുകളിക്കാം എന്നത് ഇന്ത്യക്ക് നേട്ടമാകും. 

അനിവാര്യമായ ജയം, റണ്‍റേറ്റ് 

ദുബായില്‍ സ്കോട്‍‍ലന്‍ഡിനെ 85 റൺസില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 17.4 ഓവറില്‍ വെറും 85 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് ഓവറില്‍ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ് മാച്ച്. പേസര്‍ മുഹമ്മദ് ഷമി മൂന്ന് ഓവറില്‍ 15നും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ജസ്‌പ്രീത് ബുമ്ര രണ്ടും രവിചന്ദ്ര അശ്വിന്‍ ഒന്നും വിക്കറ്റ് നേടി. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജി മണ്‍സിയും 21 റണ്‍സെടുത്ത മൈക്കല്‍ ലേസ്‌കുമാണ് സ്‌കോട്‌ലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍മാര്‍. 

T20 World Cup| സ്‌കോട്‌ലന്‍ഡിനെതിരെ 81 പന്ത് ബാക്കിനില്‍ക്കേ ജയം; ഇരട്ട റെക്കോര്‍ഡ് രചിച്ച് കോലിപ്പട

മറുപടി ബാറ്റിംഗില്‍ 7.1 ഓവറില്‍ ജയത്തിലെത്തിയാൽ നെറ്റ് റൺറേറ്റിൽ അഫ്‌ഗാനെ മറികടക്കാമെന്ന വെല്ലുവിളി കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ഏറ്റെടുത്തതോടെ ഇന്ത്യ തുടക്കത്തിലേ ടോപ് ഗിയറിലായി. രാഹുല്‍ 19 പന്തിൽ 50 ഉം രോഹിത് 16 പന്തില്‍ 30 ഉം നേടിയതോടെ സ്കോട്‍‍ലന്‍ഡിനെ മറികടക്കാന്‍ ടീം ഇന്ത്യക്ക് വേണ്ടിവന്നത് 39 പന്ത് മാത്രം. ഇതോടെയാണ് ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ ഞെട്ടിച്ചാൽ ഇന്ത്യയുടെ സെമി സാധ്യത ശക്തമാകാന്‍ വഴിയൊരുങ്ങിയത്.  

റെക്കോര്‍ഡിട്ട് ബും ബും ബുമ്ര

ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി പേസര്‍ ജസ്പ്രീത് ബുമ്ര മാറി. സ്കോട്‍‍ലൻഡിന്‍റെ മാർക് വാട്ടിനെ പുറത്താക്കിയാണ് നേട്ടം. ഇതോടെ ബുമ്രയ്ക്ക് 64 വിക്കറ്റായി. 63 വിക്കറ്റ് നേടിയ യുസ്‍വേന്ദ്ര ചഹലിനെയാണ് ബുമ്ര മറികടന്നത്. 55 വിക്കറ്റുള്ള ആർ അശ്വിനാണ് വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്ത്. ടി20യിൽ ഏറ്റവും കുടുതൽ മെയ്‌ഡൻ ഓവറുകൾ എറിഞ്ഞ ബൗളറും ബുമ്രയാണ്. എട്ട് മെയ്ഡനാണ് ബുമ്ര ഇതുവരെ എറിഞ്ഞത്. 

T20 World Cup| രാഹുല്‍-രോഹിത് വെടിക്കെട്ടില്‍ സ്കോട്‌ലന്‍ഡിനെതിരെ ആശിച്ച ജയവുമായി ഇന്ത്യ

 

click me!