സ്‌കോട്‌ലന്‍ഡ് ബാറ്റ്സ്‌മാന്‍മാരെ ഇന്ത്യന്‍ ബൗളര്‍മാര്‍ വെള്ളംകുടിപ്പിച്ച മത്സരത്തില്‍ രണ്ട് വിക്കറ്റുകളാണ് ജസ്‌പ്രീത് ബുമ്ര സ്വന്തമാക്കിയത്

ദുബായ്: രാജ്യാന്തര ടി20യില്‍(T20I) കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തില്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര(Jasprit Bumrah). ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിന്‍റെ(IND vs SCO) ഇരട്ട വിക്കറ്റുകള്‍ വീഴ്‌ത്തിയതോടെയാണ് ബുമ്രയുടെ നേട്ടം. 49 മത്സരങ്ങളില്‍ 63 വിക്കറ്റ് നേടിയിട്ടുള്ള സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ(Yuzvendra Chahal) മറികടന്ന ബുമ്ര തന്‍റെ സമ്പാദ്യം 53 മത്സരങ്ങളില്‍ 64 വിക്കറ്റില്‍ എത്തിച്ചു. 

സ്‌കോട്‌ലന്‍ഡ് ബാറ്റ്സ്‌മാന്‍മാരെ ഇന്ത്യന്‍ ബൗളര്‍മാര്‍ വെള്ളംകുടിപ്പിച്ച മത്സരത്തില്‍ രണ്ട് വിക്കറ്റുകളാണ് ജസ്‌പ്രീത് ബുമ്ര സ്വന്തമാക്കിയത്. ഇന്നിംഗ്‌‌സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ നായകന്‍ കെയ്ല്‍ കോട്‌സറിനെ ബൗള്‍ഡാക്കി ബുമ്ര തുടങ്ങി. ഏഴ് പന്തില്‍ ഒരു റണ്ണേ കോട്‌സര്‍ നേടിയുള്ളൂ. ഒടുവില്‍ സ്‌കോട്ടിഷ് നിരയിലെ അവസാനക്കാരന്‍ മാര്‍ക്ക് വാട്ടിനെയും ബുമ്ര ബൗള്‍ഡാക്കി. 18-ാം ഓവറിലെ നാലാം പന്തിലായിരുന്നു ഈ വിക്കറ്റ്. 13 പന്തില്‍ 14 റണ്‍സാണ് വാട്ടിന്‍റെ സമ്പാദ്യം.

മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ സ്‌കോട്‌ലന്‍ഡ് 17.4 ഓവറില്‍ വെറും 85 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു. ബുമ്രയുടെ രണ്ട് വിക്കറ്റിന് പുറമെ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ നാല് ഓവറില്‍ 15 റണ്‍സിനും പേസര്‍ മുഹമ്മദ് ഷമി മൂന്ന് ഓവറില്‍ 15നും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. രവിചന്ദ്ര അശ്വിന്‍ ഒരു വിക്കറ്റ് നേടി. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജി മണ്‍സിയും 21 റണ്‍സെടുത്ത മൈക്കല്‍ ലേസ്‌കുമാണ് ടോപ് സ്‌കോറര്‍മാര്‍. 

Scroll to load tweet…

മറുപടി ബാറ്റിംഗില്‍ ടീം ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം 81 പന്ത് ബാക്കിനില്‍ക്കേ സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് കോലിപ്പട ജയിച്ചത്. ഫോം തുടര്‍ന്ന രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 4.6 ഓവറില്‍ 70 റണ്‍സ് ചേര്‍ത്തു. 16 പന്തില്‍ 30 റണ്‍സെടുത്ത രോഹിത്തിനെയും 19 പന്തില്‍ 50 റണ്‍സെടുത്ത കെ എല്‍ രാഹുലിനെയുമാണ് ഇന്ത്യക്ക് നഷ്‌ടമായത്. പവര്‍പ്ലേയിലെ അവസാന പന്തിലായിരുന്നു രാഹുലിന്‍റെ പുറത്താകല്‍. ഈസമയം 82 റണ്‍സിലെത്തിയിരുന്നു ഇന്ത്യന്‍ സ്‌കോര്‍. വീലിനും വാട്ടിനുമാണ് വിക്കറ്റ്. വിരാട് കോലിയും(2 പന്തില്‍ 2*), സൂര്യകുമാര്‍ യാദവും(2 പന്തില്‍ 6*) ചേര്‍ന്ന് അനായാസ ജയം ടീമിന് സമ്മാനിച്ചു.