T20 World Cup| ദുബായില്‍ ടോസ് നിര്‍ണായകം; ഓസീസ്- കിവീസ് ഫൈനലിന് മുമ്പുള്ള കണക്കുകള്‍ ഇങ്ങനെ

By Web TeamFirst Published Nov 14, 2021, 2:47 PM IST
Highlights

ദുബായില്‍ ടൂര്‍ണമെന്റില്‍ രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്കായിരുന്നു മിക്കപ്പോഴും മേല്‍ക്കൈ. ഡെത്ത് ഓവറുകളേക്കാള്‍ നെഞ്ചിടിപ്പാണ് യുഎഇ ലോകകപ്പില്‍ ടോസിന്റെ സമയം ടീമുകള്‍ക്ക്. 
 


ദുബായ്: ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് ഫൈനലില്‍ ഇന്നും ശ്രദ്ധാകേന്ദ്രമാവുക വൈകീട്ട് ഏഴ് മണിക്കുള്ള ടോസ്. ദുബായില്‍ ടൂര്‍ണമെന്റില്‍ രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്കായിരുന്നു മിക്കപ്പോഴും മേല്‍ക്കൈ. ഡെത്ത് ഓവറുകളേക്കാള്‍ നെഞ്ചിടിപ്പാണ് യുഎഇ ലോകകപ്പില്‍ ടോസിന്റെ സമയം ടീമുകള്‍ക്ക്. 

രണ്ടാമത് ബാറ്റുചെയ്യുന്നവര്‍ക്ക് ജയസാധ്യത കൂടുതലെന്നതിനാല്‍ ടോസിലെ ഭാഗ്യം നിര്‍ണായകം. ദുബായിലെ 12 ലോകകപ്പ് മത്സരങ്ങളില്‍ ആദ്യം ബാറ്റുചെയ്ത ടീം ജയിച്ചത് ഒരിക്കല്‍ മാത്രം. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോര്‍ 127. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത 5 കളിയിലും ഓസ്‌ട്രേലിയ ജയിച്ചു.  ഇംഗ്ലണ്ടിനെതിരെ ടോസിലെ ഭാഗ്യം ആരോണ്‍ ഫിഞ്ചിനെ കൈവിട്ടപ്പോള്‍ ഓസ്‌ട്രേലിയ ചിത്രത്തിലേയുണ്ടായില്ല.

ടോസില്‍ താരതമ്യേന ഭാഗ്യം കുറവായിരുന്നു കെയിന്‍ വില്ല്യംസണ്. ന്യുസീലന്‍ഡ് നായകന്‍ ടോസ് നേടിയത് ആറ് മത്സരങ്ങളില്‍ രണ്ടില്‍ മാത്രം. ആദ്യം ബാറ്റുചെയ്ത ഏക രാത്രി മത്സരത്തിലാണ് ടൂര്‍ണമെന്റിലെ ഒരേയൊരു തോല്‍വി കിവികള്‍ ഏറ്റുവാങ്ങിയത്.

ലോകകപ്പില്‍ മാത്രമല്ല ഐപിഎല്ലിലും രണ്ടാമത് ബാറ്റുചെയ്തവര്‍ക്കായിരുന്നു ദുബായില്‍ നേട്ടം. ഇവിടെ അവസാനം നടന്ന 17 ടി20യില്‍ ആദ്യം ബാറ്റുചെയ്തിട്ടും ജയിച്ചത് ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാത്രം.

click me!