ടി20 ലോകകപ്പ്: നിര്‍ണായക പ്രഖ്യാപനം അടുത്ത ആഴ്ച

By Web TeamFirst Published May 22, 2020, 4:55 PM IST
Highlights

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് വേദി ഇന്ത്യ ഓസ്ട്രേലിയക്ക് നല്‍കുകയും ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് 2022ലേക്ക് മാറ്റുകയും ചെയ്യുക എന്നതാണ് മറ്റൊരു സാധ്യതയായി പരിഗണിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ബിസിസിഐയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്.

ദുബായ്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടി20 ലോകകപ്പ് മാറ്റിവെക്കുമെന്നത് ഉറപ്പാണെന്നും എപ്പോഴത്തേക്ക് നടത്താനാവുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ലോകകപ്പ് നടത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നതെങ്കിലും ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ ഏപ്രിലില്‍ അടുത്തവര്‍ഷത്തെ ഐപിഎല്‍ നടത്തേണ്ടതുണ്ട് എന്നതിനാല്‍ ടി20 ക്രിക്കറ്റിന്റെ ആധിക്യം കാണികളെ അകറ്റുമെന്ന ആശങ്ക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സിനുണ്ട്. ഇതിന് പുറമെ അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തെയും ഇത് ബാധിക്കും.


ഐസിസി മത്സരങ്ങളുടെയും ഇന്ത്യയുടെ മത്സരങ്ങളുടെയും ഐപിഎല്ലിന്റെയും ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍ സ്റ്റാര്‍ സ്പോര്‍ട്സാണ്. അതുകൊണ്ടുതന്നെ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ടി20 ലോകകപ്പ് നടത്തുന്നതിനെ സ്റ്റാര്‍ സ്പോര്‍ട്സ് അനുകൂലിക്കുന്നില്ലെന്നാണ് സൂചന.

Also Read: അവരുടെ പല തീരുമാനങ്ങളും ഞെട്ടിക്കുന്നതായിരുന്നു; മുന്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് വേദി ഇന്ത്യ ഓസ്ട്രേലിയക്ക് നല്‍കുകയും ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് 2022ലേക്ക് മാറ്റുകയും ചെയ്യുക എന്നതാണ് മറ്റൊരു സാധ്യതയായി പരിഗണിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ബിസിസിഐയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്.

ഈ വര്‍ഷത്തെ ടി20 ലോകകപ്പ് 2022ല്‍ ഓസ്ട്രേലിയയില്‍ നടത്തുക എന്നതാണ് മൂന്നാമത്തെ സാധ്യതയായി പരിഗണിക്കുന്നത്. 2022ല്‍ ഐിസിസി ടൂര്‍ണമെന്റുകളൊന്നുമില്ലാത്തതിനാല്‍ ഇത് സാധ്യമാണെന്നാണ് വിലയിരുത്തല്‍. എന്തായാലും ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത വിദൂരമാണ്. ഐസിസി ബോര്‍ഡ് യോഗം ചേര്‍ന്നശേഷമായിരിക്കും ലോകകപ്പ് മാറ്റിവെച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

Also Read: ബാല്‍ക്കണിയില്‍ വീണ്ടും ദാദയുടെ 'ഹീറോയിസം'; ഇത്തവണ പക്ഷെ ജേഴ്സി ഊരിയില്ല

ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താന്‍ വഴിയൊരുങ്ങും. കളിക്കാരെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ രാജ്യത്ത് എത്തിച്ച് ഐപിഎല്‍ മത്സരങ്ങള്‍ നടത്താനുള്ള സാധ്യതയും ബിസിസിഐ പരിഗണിക്കുന്നുണ്ട്. ഓഗസ്റ്റില്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരക്കായി കളിക്കാരെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പാക്കിസ്ഥാനിലെത്തിക്കാനുള്ള ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ മാതൃക പിന്തുടരാം എന്നാണ് ബിസിസിഐയും ആലോചിക്കുന്നത്.

click me!