കൊല്‍ക്കത്ത: നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഐതിഹാസിക വിജയത്തിനുശേഷം ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ നിന്ന് ജേഴ്സി ഊരി വീശിയ ഇന്ത്യന്‍ നായകനായിരുന്ന സൗരവ് ഗാംഗുലിയുടെ ചിത്രം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഇംഗ്ലണ്ടിന്റെ ഹുങ്കിന് ഗാംഗുലി നല്‍കിയ മറുപടിയായിരുന്നു അത്. മുന്‍ ഇന്ത്യന്‍ നായകനില്‍ നിന്ന് ബിസിസിഐ പ്രസിഡന്റായപ്പോഴും ഗാംഗുലിയുടെ ബാല്‍ക്കണിയിലെ പ്രകടനത്തിന് മാറ്റമില്ല.

ഇത്തവണ പക്ഷെ ജേഴ്സി ഊരി വീശലൊന്നുമില്ലെന്ന് മാത്രം. ലോക്ഡൗണില്‍ കൊല്‍ക്കത്തയിലെ വീട്ടില്‍ കുടുംബത്തിനൊപ്പം കഴിയുന്ന ഗാംഗുലി വീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന് സാഹസികമായി മാങ്ങ പറിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ ആരാധകരുമായി പങ്കുവെച്ചിരിക്കുന്ന്. തോട്ടി ഉപയോഗിച്ച് തൂങ്ങിക്കിടക്കുന്ന മാവിന്റെ ചില്ല ഉയര്‍ത്തിയശേഷം ആണ് ഗാംഗുലി ബാല്‍ക്കണിയില്‍ നിന്ന് മാങ്ങ പറിക്കുന്നത്.

അല്ലെങ്കിലും താഴെ പോകുന്നതിനെ എടുത്തുയര്‍ത്താന്‍ ദാദക്ക് പ്രത്യേക കഴിവുണ്ടെന്നാണ് ചിത്രത്തിന് ഒരു ആരാധകന്‍ നല്‍കിയ മറുപടി. അല്ലെങ്കിലും ബാല്‍ക്കണി ദാദക്ക് എന്നും ഒരു വീക്നെസാണെന്നും ഇത്തവണ മറ്റൊരു ബാല്‍ക്കണി മറ്റൊരു കരുത്തുറ്റ പ്രകടനമെന്നും മറ്റൊരു ആരാധകന്‍ കുറിച്ചു.

Also Read:1200 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി അച്ഛനെ വീട്ടിലെത്തിച്ച 15കാരിയെ ട്രയല്‍സിന് ക്ഷണിച്ച് സൈക്ലിംഗ് ഫെഡറേഷന്‍

നാറ്റ്‌വെസ്റ്റ് ഫൈനലിലെ വിജയത്തിനുശേഷം ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ നിന്ന് ജേഴ്സി ഊരി വീശിയതിനെക്കുറിച്ച് മക്കള്‍ ചോദിക്കുമ്പോള്‍ നാണക്കേട് തോന്നുന്നുണ്ടെന്നും ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സച്ചിന്‍ സ്വന്തം വീട്ട് മുറ്റത്തെ നാരകത്തില്‍ നിന്ന്  നാരങ്ങ പറിക്കുന്ന പഴയ വീഡിയോ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാങ്ങ പറിക്കുന്ന വീഡിയോ ഗാംഗുലി പങ്കുവെച്ചിരിക്കുന്നത്.