T20 World Cup| നമീബിയയെ വീഴ്ത്തി ഇന്ത്യ, വിജയത്തോടെ വിടചൊല്ലി വിരാട്

By Web TeamFirst Published Nov 8, 2021, 10:35 PM IST
Highlights

ഇരു ടീമുകളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നതിനാല്‍ മത്സരഫലം അപ്രസക്തമായിരുന്നു. എങ്കിലും ക്യാപ്റ്റന്‍ കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും വിയജത്തോടെ യാത്രയയപ്പ് നല്‍കാന്‍ ആയെന്ന സന്തോഷത്തോടെ ടി20 ലോകകപ്പിലെ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup) നിന്ന് ഇന്ത്യ(India)വിജയത്തോടെ വിടവാങ്ങി. ഫലം അപ്രസക്തമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയയെ(Namibia) ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ(Virat Kohli) അവസാന ടി20 മത്സരം അവിസ്മരണീയമാക്കിയത്. 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

56 റണ്‍സെടുത്ത രോഹിത് ശര്‍മ(Rohit Sharma) ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ എല്‍ രാഹുല്‍(KL Rahul)  54 റണ്‍സെടുത്തു. സ്കോര്‍ നമീബിയ 20 ഓവറില്‍ 132-8, ഇന്ത്യ 15.2 ഓവറില്‍ 136-1. ഇരു ടീമുകളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നതിനാല്‍ മത്സരഫലം അപ്രസക്തമായിരുന്നു. എങ്കിലും ക്യാപ്റ്റന്‍ കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും വിയജത്തോടെ യാത്രയയപ്പ് നല്‍കാന്‍ ആയെന്ന സന്തോഷത്തോടെ ടി20 ലോകകപ്പിലെ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു.

പവര്‍ പ്ലേയില്‍ പവര്‍ കാട്ടി സൂപ്പര്‍ ഹിറ്റ്മാന്‍

സ്കോട്‌ലന്‍ഡിനെതിരെ തകര്‍ത്തടിച്ചത് രാഹുലായിരുന്നെങ്കില്‍ നമീബിയക്കെതിരെ അത് രോഹിത് ആയിരുന്നു. ആദ്യ മൂന്നോവറില്‍ ഇന്ത്യ 26 പിന്നിപ്പോള്‍ രാഹുല്‍ മൂന്ന് പന്തുകള്‍ മാത്രമാണ് നേരിട്ടത്. നാലാം ഓവറില്‍ രാഹുല്‍ ആദ്യ സിക്സ് നേടിയെങ്കിലും രോഹിത് തന്നെയായിരുന്നു ആക്രമണം നയിച്ചത്. 5.2 ഓവറില്‍ 50 കടന്ന ഇന്ത്യ പവര്‍ പ്ലേയില്‍ 54 റണ്‍സെടുത്തു. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് ടി20 ക്രിക്കറ്റില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു.

വിരാട് കോലിക്കുശഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് രോഹിത്. കഴിഞ്ഞ മൂന്ന് കളികളില്‍ രോഹിത്തിന്‍റെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. 37 പന്തില്‍ 56 റണ്‍സെടുത്ത രോഹിത് പത്താം ഓവറില്‍ മടങ്ങി. ജാന്‍ ഫ്രൈലിങ്കിന്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ സെയ്ന്‍ ഗ്രീനിന് ക്യാച്ച് നല്‍കിയ രോഹിത് ഏഴ് ഫോറും രണ്ട് സിക്സും പറത്തിയാണ് 56 റണ്‍സടിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്-രാഹുല്‍ സഖ്യം 9.5 ഓവറില്‍ 86 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

രോഹിത് പുറത്തായശേഷം തകര്‍ത്തടിച്ച രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യന്‍ ജയം അനായാസമാക്കി. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുല്‍ 36 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സൂര്യകുമാര്‍ 19 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ നമീബിയക്കായി ഓപ്പണര്‍മാരായ സ്റ്റീഫര്‍ ബാര്‍ഡും മൈക്കേല്‍ വാന്‍ ലിംഗനും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നമീബിയയെ 4.4 ഓവറില്‍ 33 റണ്‍സിലെത്തിച്ചു. വാന്‍ ലിംഗനെ(15 പന്തില്‍ 14) മടക്കി ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടടുത്ത ഓവറില്‍ ക്രെയ്ഗ് വില്യംസിനെ പൂജ്യനാക്കി രവീന്ദ്ര ജഡേജയും വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. നല്ല തുടക്കമിട്ട് നിലയുറപ്പിച്ച സ്റ്റീഫന്‍ ബാര്‍ഡിനെ(21 പന്തില്‍ 21) ജഡേജയും നിക്കോള്‍ ലോഫ്റ്റി ഈറ്റണെ(5) അശ്വിനും വീഴ്ത്തിയതോടെ നമീബിയ 47-4ലേക്ക് കൂപ്പുകുത്തി.

വീസിലൂടെ തിരിച്ചുവരവ്

 ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മുസും ഡേവിഡ് വീസും ചേര്‍ന്ന് നമീബിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരും ചേര്‍ന്ന് നമീബിയയെ 72 റണ്‍സിലെത്തിച്ചു. എന്നാല്‍  ഇറാസ്മുസിനെ(12 അശ്വിനും ജെ ജെ സ്മിറ്റിനെ(9) ജഡേജയും മടക്കിയതോടെ നമീബിയ വീണ്ടും തകര്‍ച്ചയിലായി. 94-7ലേക്ക് വീണ നമീബിയയെ വാലറ്റത്ത് ജാന്‍ ഫ്രൈലിങ്കിനെ കൂട്ടുപിടിച്ച് വീസ് നടത്തിയ പോരാട്ടമാണ് 120 കടത്തിയത്. മുഹമ്മദ് ഷമിയെറിഞ്ഞ പതിനെട്ടാം ഓവറില്‍ 12ഉം അവസാന ഓവറില്‍ 13ഉം റണ്‍സടിച്ച നമീബിയെ അവസാന നാലോവറില്‍ 37 റണ്‍സാണ് അടിച്ചെടുത്തത്. 15 പന്തില്‍ 15 റണ്‍സെടുത്ത ഫ്രൈലിങ്കും ആറ് പന്തില്‍ 13 റണ്‍സെടുത്ത ട്രംപിള്‍മാനും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ജഡേജ നാലോവറില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ബുമ്ര നാലോവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാലോവറില്‍ 39 റണ്‍സ് വഴങ്ങിയ ഷമിക്കും 30 റണ്‍സ് വഴങ്ങിയ രാഹുല്‍ ചാഹറിനും വിക്കറ്റൊന്നും ലഭിച്ചില്ല

click me!