ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരിശീലനം പൂര്‍ത്തിയായി, സഞ്ജു ഇറങ്ങി; ശ്രദ്ധാകേന്ദ്രമായത് റിഷഭ് പന്ത്

By Jomit JoseFirst Published Nov 16, 2022, 4:28 PM IST
Highlights

ബേസിന്‍ റിസേര്‍വില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടീം മൂന്ന് മണിക്കൂര്‍ പരിശീലനം ഇന്ന് നടത്തി

വെല്ലിങ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ട്വന്‍റി 20ക്ക് മുമ്പുള്ള ആദ്യ പരിശീലന സെഷന്‍ ഇന്ത്യന്‍ താരങ്ങള്‍ പൂര്‍ത്തിയാക്കി. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തായിരുന്നു ഏറ്റവും ശ്രദ്ധേയം. റിഷഭിനൊപ്പം പരിശീലകന്‍ വിവിഎസ് ലക്ഷ്‌മണ്‍ ഏറെ നേരം നെറ്റ്സില്‍ ചിലവഴിച്ചു. 

ബേസിന്‍ റിസേര്‍വില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടീം മൂന്ന് മണിക്കൂര്‍ പരിശീലനം ഇന്ന് നടത്തി. ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയ ചിത്രം ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും ചില താരങ്ങള്‍ ജിമ്മില്‍ വ്യായാമം നടത്തിയെങ്കിലും സമ്പൂര്‍ണ പരിശീലനം നടന്നത് ഇന്ന് മാത്രമാണ്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ അസാന്നിധ്യത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‍മണാണ് ഇന്ത്യയെ ന്യൂസിലന്‍ഡില്‍ പരിശീലിപ്പിക്കുന്നത്. പരിശീലനം കഴിഞ്ഞ് മടങ്ങുന്ന സഞ്ജു സാംസണിനൊപ്പമുള്ള ചിത്രം ദീപക് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

ട്വന്‍റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായ നാണക്കേട് മാറ്റാനാണ് ടീം ഇന്ത്യ ന്യൂസിലന്‍‍ഡില്‍ ഇറങ്ങുന്നത്. രോഹിത് ശര്‍മ്മയും വിരാട് കോലിയും കെ എല്‍ രാഹുലും ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ കളിക്കുന്നില്ല. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ശുഭ്‌മാന്‍ ഗില്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അ‍ര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക് തുടങ്ങിയ താരങ്ങളാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പുറമെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. 

ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 സ്ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), റിഷഭ് പന്ത്(വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.

ഇനി അവസരങ്ങളുടെ പെരുമഴ; സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഹാര്‍ദിക് പാണ്ഡ്യ

click me!