സഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങള്‍ക്ക് വലിയ പ്രതീക്ഷയുള്ള വാക്കുകളാണ് കിവീസ് പരമ്പരയ്ക്ക് മുമ്പ് ഹാർദിക് പാണ്ഡ്യ നല്‍കുന്നത്

ക്രൈസ്റ്റ് ചര്‍ച്ച്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ന്യൂസിലന്‍ഡിന് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകളാണ് ഇനി വരാനിരിക്കുന്നത്. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ട്വന്‍റി 20 ലോകകപ്പ് കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടി20 പരമ്പരയില്‍ യുവ ഇന്ത്യയെ നയിക്കുന്നത്. 2024ല്‍ അടുത്ത ട്വന്‍റി 20 ലോകകപ്പ് വരാനിരിക്കേ സഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങള്‍ക്ക് വലിയ പ്രതീക്ഷയുള്ള വാക്കുകളാണ് കിവീസ് പരമ്പരയ്ക്ക് മുമ്പ് ഹാർദിക് പാണ്ഡ്യ നല്‍കുന്നത്. 

യുവതാരങ്ങള്‍ക്ക് മതിയായ അവസരം

'ട്വന്‍റി 20 ലോകകപ്പ് വലിയ നിരാശയായി എന്ന് നമുക്കെല്ലാം അറിയാം. നാമെല്ലാം പ്രൊഫഷണലുകളാണ്, അതുമായി പൊരുത്തപ്പെട്ടേ മതിയാകൂ. വിജയത്തിനൊപ്പം പരാജയവും ഉള്‍ക്കൊള്ളണം. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ കഴിയണം. അടുത്ത ടി20 ലോകകപ്പിന് രണ്ട് വ‍ര്‍ഷമുള്ളതിനാല്‍ ഒട്ടേറെ പ്രതിഭകളെ കണ്ടെത്താനുണ്ട്. ഒട്ടേറെ മത്സരങ്ങള്‍ നടക്കുകയും ഒട്ടേറെ പേര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും. അടുത്ത ടി20 ലോകകപ്പിനായുള്ള ഒരുക്കം ഇവിടെ തുടങ്ങുകയാണ്. സമയമുള്ളതിനാല്‍ കൂടിയാലോചിച്ച് കാര്യങ്ങള്‍ ചെയ്യും. 

ടീമിലെ പ്രധാന താരങ്ങള്‍ ന്യൂസിലന്‍ഡ് പര്യടനത്തിലില്ല. എന്നാല്‍ കൂടെയുള്ള യുവതാരങ്ങള്‍ ഒന്നര-രണ്ട് വ‍ര്‍ഷമായി കളിക്കുന്നവരാണ്. ഇവര്‍ക്കെല്ലാം പ്രതിഭ തെളിയിക്കാന്‍ വേണ്ടത്ര അവസരം ലഭിക്കും. പുതിയ താരങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്, ആകാംക്ഷയുണ്ട്, ഊര്‍ജമുണ്ട്. എല്ലാ പരമ്പരയും പ്രധാനമാണ്. പ്രാധാന്യം കല്‍പിക്കാതെ ഒരു രാജ്യാന്തര മത്സരം പോലും ആര്‍ക്കും കളിക്കാനാവില്ല. അടുത്ത വ‍ര്‍ഷം ഏകദിന ലോകകപ്പുണ്ട്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ മികവ് കാട്ടിയാല്‍ യുവതാരങ്ങള്‍ക്ക് തങ്ങളുടെ പേര് ശക്തമായി മുന്നോട്ടുവയ്ക്കാനാകുമെന്നും' ഹാര്‍ദിക് പാണ്ഡ്യ പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 സ്ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), റിഷഭ് പന്ത്(വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.

മികച്ച പ്രതിഭ, ആകാംക്ഷയേറെ; ഇന്ത്യന്‍ യുവതാരത്തെ വാഴ്ത്തി കെയ്ന്‍ വില്യംസണ്‍