ഈ ടി20 ലോകകപ്പിൽ മോശം ഫോമിലാണെങ്കിലും, വാംഖഡെ സ്റ്റേഡിയത്തിൽ ജോസ് ബട്‌ലർക്ക് മികച്ച റെക്കോർഡാണുള്ളത്.
മുംബൈ: ഈ ടി20 ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 8.85 ശരാശരിയില്‍ വെറും 62 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് വെറ്ററന്‍ താരം ജോസ് ബട്‌ലര്‍ അടിച്ചെടുത്തത്. കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളിലും രണ്ടക്കം കാണാതെ പുറത്തായ ഇംഗ്ലീഷ് ഓപ്പണറുടെ ഈ കണക്കുകള്‍ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് വ്യക്തമാക്കുന്നു. എന്നാല്‍, വ്യാഴാഴ്ച വാംഖഡെയില്‍ ഇന്ത്യക്കെതിരെ നടക്കുന്ന സെമി ഫൈനലില്‍ ബട്‌ലറെ എഴുതിത്തള്ളാന്‍ ടീം ഇന്ത്യ തയ്യാറാവില്ല. വലിയ ടൂര്‍ണമെന്റുകളില്‍ ശക്തമായി തിരിച്ചുവരാനുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം തന്നെയാണ് ഇതിന് കാരണം.
ഫോമിലല്ലെങ്കിലും വാംഖഡെ സ്റ്റേഡിയം ബട്ട്ലറെ സംബന്ധിച്ച് എന്നും പ്രിയപ്പെട്ട ഇടമാണ്. വാംഖഡെയില്‍ ഐപിഎല്ലിലും മറ്റുമായി 31 മത്സരങ്ങളില്‍ നിന്ന് 909 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ശരാശരി 32.46. സ്‌ട്രൈക്ക് റേറ്റ് 143.82. 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനായി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അദ്ദേഹം നേടിയ 116 റണ്‍സ് വാംഖഡെ കണ്ട മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നാണ്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡുകള്‍ക്ക് ഒപ്പമെത്തുന്ന പ്രകടനമാണ് ബട്‌ലര്‍ വാംഖഡെയില്‍ കാഴ്ചവെച്ചിട്ടുള്ളത്.
ബട്ലറുടെ ചരിത്രം പരിശോധിച്ചാല്‍ നിര്‍ണായക മത്സരങ്ങളില്‍ അദ്ദേഹം തന്റെ പ്രകടനം മെച്ചപ്പെടുത്താറുണ്ട് എന്ന് കാണാം. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ 56.50 എന്ന മികച്ച ശരാശരിയിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. ഓരോ നോക്കൗട്ട് മത്സരത്തിലും അദ്ദേഹം 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2022 സെമി ഫൈനലില്‍ അഡ്ലെയ്ഡില്‍ വെച്ച് ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ ബട്‌ലര്‍ പുറത്താകാതെ നേടിയ 80 റണ്‍സ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഇപ്പോഴും മറക്കാനാവാത്ത മുറിവാണ്.
ബട്ലര്‍ ഫോമിലല്ലെങ്കിലും ഇംഗ്ലീഷ് ക്യാമ്പില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ചോദ്യം ചെയ്യപ്പെടാത്തതാണെന്ന് നായകന്‍ ഹാരി ബ്രൂക്ക് വ്യക്തമാക്കി. 'അദ്ദേഹത്തോട് അധികമൊന്നും സംസാരിക്കേണ്ടി വരാറില്ല. പലപ്പോഴും അദ്ദേഹത്തെ സ്വസ്ഥമായി വിടുന്നതാണ് നല്ലത്. വര്‍ഷങ്ങളായി ലോകോത്തര ക്രിക്കറ്ററാണ് അദ്ദേഹം. ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉദിക്കുന്നില്ല.' ബ്രൂക്ക് പറഞ്ഞു.
അനുഭവസമ്പത്തും കഴിവും കണക്കിലെടുക്കുമ്പോള്‍, ഒരേയൊരു മികച്ച ഷോട്ട് മതി ബട്‌ലറുടെ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാന്‍. സെമി ഫൈനലിലെ വാംഖഡെയിലെ വെളിച്ചത്തില്‍ ബട്‌ലര്‍ പഴയ രൂപത്തിലേക്ക് തിരിച്ചെത്തിയാല്‍ അത് ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാകും.

