Asianet News MalayalamAsianet News Malayalam

ട്രോളര്‍മാര്‍ ഒരുഭാഗത്ത്, പക്ഷേ നാഗ്‌പൂരിലെ ഗ്രൗണ്ട് സ്റ്റാഫിനെ പുകഴ്‌ത്തി ഹാര്‍ദിക്, അഭിനന്ദിച്ച് ദ്രാവിഡും

മത്സരം സാധ്യമാക്കാന്‍ കഠിനപ്രയത്നം ചെയ്ത ഗ്രൗണ്ട് സ്റ്റാഫിന് വലിയ നന്ദി എന്നായിരുന്നു മൈതാനം തയ്യാറാക്കുന്നവരുടെ ചിത്രം സഹിതം പാണ്ഡ്യയുടെ ട്വീറ്റ്

IND vs AUS 2nd T20I Hardik Pandya Tweet For Nagpur Ground staff will win your heart
Author
First Published Sep 24, 2022, 12:07 PM IST

നാഗ്‌പൂര്‍: നാഗ്‌പൂരിലെ ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 മഴകാരണം ഏറെ വൈകിയാണ് തുടങ്ങിയത്. നനഞ്ഞ ഔട്ട്ഫീല്‍ഡ് മത്സരം വൈകിപ്പിക്കുകയായിരുന്നു. ഏറെനേരം നഷ്‌ടപ്പെട്ടതിനാല്‍ കളി എട്ട് ഓവര്‍ വീതമായി ചുരുക്കേണ്ടി വന്നു. ഏഴ് മണിക്ക് തുടങ്ങേണ്ട മത്സരം ആരംഭിച്ചത് 9.30നും. മത്സരം ആരംഭിക്കാനായി ഗ്രൗണ്ട് ഉണക്കാന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ പതിനെട്ടടവും പയറ്റിയത് ട്രോളാവുകയും ചെയ്തു. എന്നാല്‍ ഗ്രൗണ്ട്‌സ്‌മാന്‍മാരുടെ അക്ഷീണ പ്രയത്‌നത്തെ ഹൃദ്യമായ അഭിനന്ദനം കൊണ്ട് മൂടുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ചെയ്‌തത്. 

മത്സരം സാധ്യമാക്കാന്‍ കഠിനപ്രയത്നം ചെയ്ത ഗ്രൗണ്ട് സ്റ്റാഫിന് വലിയ നന്ദി എന്നായിരുന്നു മൈതാനം തയ്യാറാക്കുന്നവരുടെ ചിത്രം സഹിതം പാണ്ഡ്യയുടെ ട്വീറ്റ്. പാണ്ഡ്യയുടെ പ്രശംസ ആരാധകരുടെ മനം കവരുന്നതായി. പാണ്ഡ്യയുടെ ട്വീറ്റിന് അമ്പതിനായിരത്തിലധികം ലൈക്കാണ് ഇതുവരെ ലഭിച്ചത്. മാത്രമല്ല, ഗ്രൗണ്ട് സ്റ്റാഫിനെ നേരില്‍ക്കണ്ട് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അഭിനന്ദിക്കുന്നതും നാഗ്‌പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാണാനായി. 

അതേസമയം ഗ്രൗണ്ട് ഉണക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍ ഇല്ലാത്തതിനെ പരിഹസിക്കാനും ആളുകളുണ്ടായിരുന്നു. ലോകത്തെ സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടത്ര സാങ്കേതിക സൗകര്യങ്ങളില്ല എന്നതായിരുന്നു ഇവര്‍ കണ്ട പോരായ്‌മ. ഇത്രയേറെ പണമുണ്ടായിട്ടും ഗ്രൗണ്ടില്‍ ശരിയായ ഡ്രെയിനേജ് സൗകര്യം ഒരുക്കാന്‍ കഴിയാത്തതില്‍ ബിസിസിഐക്ക് നാണക്കേടില്ലേ എന്നായിരുന്നു ആരാധകരുടെ ചോദ്യം. നനഞ്ഞ ഔട്ട്ഫീല്‍ഡില്‍ കളി നടത്തുന്നത് കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടുമെന്നതിനാല്‍ മൈതാനത്തെ ഈര്‍പ്പം പൂര്‍ണമായും മാറ്റാനായി അംപയര്‍മാര്‍ കാത്തിരിക്കുകയായിരുന്നു. 

മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയവുമായി ഇന്ത്യ മൂന്ന് ടി20കളുടെ പരമ്പരയില്‍ ഒപ്പമെത്തി. മഴമൂലം 8 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഓസീസിന്‍റെ 90 റണ്‍സ് ഇന്ത്യ 7.2 ഓവറില്‍ നാല് വിക്കറ്റിന് മറികടക്കുകയായിരുന്നു. 20 പന്തില്‍ 46* റണ്‍സുമായി രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പി. ഞായറാഴ്‌ച ഹൈദരാബാദില്‍ അവസാന ടി20 സ്വന്തമാക്കുന്നവര്‍ക്ക് പരമ്പര നേടാം. 

ഇങ്ങനെ 'തേക്കല്ലേ',കോടികള്‍ ഉണ്ടായിട്ടും ഗ്രൗണ്ട് ഉണക്കാന്‍ ഇസ്തിരിപ്പെട്ടി, ബിസിസിഐയെ എയറില്‍ കയറ്റി ആരാധകര്‍

Follow Us:
Download App:
  • android
  • ios