അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 139 റണ്‍സ് വിജയലക്ഷ്യം. മഴയെ തുടര്‍ന്ന് 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു.
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 139 റണ്‍സ് വിജയലക്ഷ്യം. ദുബായില്‍ മഴയെ തുടര്‍ന്ന് 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീതം നേടിയ ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവരാണ് ലങ്കയെ നിയന്ത്രിച്ചത്. എട്ട് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. 42 റണ്‍സ് നേടിയ ചാമിക ഹീനടിഗാലയാണ് ലങ്കുയുടെ ടോപ് സ്‌കോറര്‍. സെത്മിക സെനവിരത്‌നെ (30), വിമത് ദിന്‍സാര (32) എന്നിവരും മിച്ച പ്രകടനം പുറത്തെടുത്തു.
തകര്‍ച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം. ഒരു ഘട്ടത്തില്‍ മൂന്നിന് 28 എന്ന നിലയിലായിരുന്നു ലങ്ക. വിരന്‍ ചാമുഡിത (19), ദുല്‍നിത് സിഗേര (1), കവിജ ഗാമേജ് (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായിരുന്നത്. പിന്നീട് ദിന്‍സാര - ഹീനടിഗാല സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവറില്‍ ദിന്‍സാര, കിത്മ വിതാനപതിരാന (7) എന്നിവരെ പുറത്താക്കി ചൗഹാന്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അടുത്ത ഓവറില്‍ ആദം ഹില്‍മിയും പുറത്തായി. ഇതോടെ ആറിന് 84 എന്ന നിലയിലായി ശ്രീലങ്ക.
എന്നാല്‍ ഹീനടിഗാല - സെത്മിക സഖ്യം 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. സനുജ നിദുവാര (0), സെത്മികയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ദുബായില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ ശ്രീലങ്കയെ ബൗളിംഗിന് അയക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് മത്സരം 20 ഓവറാക്കി ചുരുക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മലേഷ്യക്കെതിരെ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം ആരോണ്‍ ജോര്‍ജ്, ഹെനില്‍ പട്ടേല്‍ എന്നിവര്‍ തിരിച്ചെത്തി. ഹര്‍വന്‍ഷ് പങ്കാലിയ, ഉദ്ധവ് മോഹന്‍ എന്നിവരാണ് വഴി മാറിയത്.
ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, കിഷന്‍ കുമാര്‍ സിംഗ്.
ശ്രീലങ്ക: വിമത് ദിന്‍സാര (ക്യാപ്റ്റന്‍), വീരന്‍ ചാമുദിത, കിത്മ വിതാനപതിരണ, കവിജ ഗമഗെ, സനൂജ നിണ്ടുവാര, ചാമിക ഹീനാറ്റിഗല, ദുല്‍നിത് സിഗേര, ആദം ഹില്‍മി (വിക്കറ്റ് കീപ്പര്‍), സേത്മിക സെനവിരത്നെ, രസിത് നിംസാര, വിഘ്‌നേശ്വരന്‍ ആകാശ്.

