ലണ്ടന്‍: ദക്ഷിണാഫ്രിക്കയുടെ ഐതിഹാസിക വിജയത്തില്‍ ഏറ്റവും തലപ്പൊക്കം, ടീമിലെ ഏറ്റവും ഉയരം കുറഞ്ഞ താരമായ, നായകന്‍ തെംബാ ബവുമയ്ക്കാണ്. ടീമെന്ന നിലയില്‍ മാത്രമല്ല, വ്യക്തിപരമായും നേരിട്ട വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ബവുമയ്ക്ക് ഐസിസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയം. ദക്ഷിണാഫ്രിക്ക കാത്തുകാത്തിരുന്ന വിജയറണ്‍ പിറന്നപ്പോള്‍ ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്‌സില്‍ ഏറ്റവും ശാന്തന്‍ തെംബ ബാവുമയായിരുന്നു. സഹ താരങ്ങളെല്ലാം വിജയാഹ്ലാദത്തില്‍ മുങ്ങിയപ്പോഴും ദക്ഷിണാഫ്രിക്കന്‍ വേറിട്ടുനിന്നു.
ഓസീസിനെതിരെ ഫൈനലില്‍ പോരടിക്കുന്‌പോഴും നിറത്തിന്റെയും ഉയരത്തിന്റെയുമെല്ലാം എന്തിന് ടീമിലെത്തിയതിന്റെ പേരില്‍പോലും പരിഹസിക്കപ്പെട്ട, വിമര്‍ശിക്കപ്പെട്ട താരമാണ് ബാവുമ. പക്ഷേ, ഇതൊന്നും ദക്ഷിണാഫ്രിക്കന്‍ നായകനെ തളര്‍ത്തിയില്ല. കളിയാക്കിയവര്‍ക്കും തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുമെല്ലാം ബാവുമയുടെ മറുപടി ഇങ്ങനെ. ''ഞങ്ങളുടെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ദുര്‍ബല ടീമുകളെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത് എന്നുവരെ പറഞ്ഞു. ഈ വിജയം അവര്‍ക്കുള്ളതാണ്. ഈ വിജയം ഞങ്ങല്‍ മതിമറന്ന് ആഘോഷിക്കും.'' ബാവൂമ വ്യക്തമാക്കി.
വിജയശില്‍പിയായ എയ്ഡന്‍ മാര്‍ക്രത്തിനൊപ്പം പേരുകേട്ട ഓസീസ് പേസ് ബാറ്ററിയെ നിര്‍വീര്യമാക്കിയത് ബവുമയുടെ ബാറ്റിംഗ് കരുത്ത് കൂടിയാണ്. ആദ്യ ഇന്നിംഗ്‌സില്‍ 36 റണ്‍സെടുത്ത ബാവുമ രണ്ടാം ഇന്നിംഗ്‌സില്‍ പരിക്ക് വകവയ്ക്കാതെ പൊരുതി നേടിയത് 134 പന്തില്‍ 66 റണ്‍സ്. ഐതിഹാസിക ജയത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ബാവുമ ചരിത്ര നേട്ടം കൂടി സ്വന്തമാക്കി. ടെസ്റ്റില്‍ തോല്‍വി അറിയാതെ ഒരു ടീമിനെ പത്തു മത്സരങ്ങളില്‍ നയിക്കുകയും ഇതില്‍ ഒന്‍പതിലും ജയിക്കുകയും തെയ്ത ആദ്യ ക്യാപ്റ്റനാണ് തെംബ ബാവുമ.
1920-21 കാലയളവില്‍ തോല്‍വി അറിയാതെ പത്ത് കളിയില്‍ നയിക്കുകയും എട്ട് ടെസ്റ്റില്‍ ജയിക്കുകയും ചെയ്ത ഓസീസ് ക്യാപ്റ്റന്‍ വാര്‍വിക് ആംസ്‌ട്രോംഗിന്റെ റെക്കോര്‍ഡാണ് ബാവുമ തകര്‍ത്തത്. ടീമിന്റെ വിജയം ലോര്‍ഡ്‌സില്‍ മാത്രമല്ല ജന്‍മനാട്ടിലും ആഘോഷിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ വ്യക്തമാക്കി.