
മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുകയെന്ന തന്‍റെ ദീർഘകാല സ്വപ്നം ഇനി യാഥാർത്ഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് 36-കാരനായ ചാഹല്‍ ഈ തീരുമാനത്തിലെത്തിയത്. അതേസമയം, പരിമിത ഓവർ (വൈറ്റ് ബോൾ) ക്രിക്കറ്റിൽ തുടരുമെന്നും ഇന്ത്യക്കായി വീണ്ടും കളിക്കാനുള്ള പോരാട്ടം തുടരുമെന്നും ചാഹൽ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് ചാഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നുള്ള തന്‍റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോർത്താംപ്ടൺഷെയറിനായി ലോർഡ്സിൽ മിഡിൽസെക്സിനെതിരെ കളിച്ച മത്സരമാണ് തന്‍റെ അവസാന ഫസ്റ്റ് ക്ലാസ് പോരാട്ടമെന്ന് ചാഹൽ കുറിച്ചു. പത്തു വയസുള്ളപ്പോഴാണ് ഞാൻ ആദ്യമായി ഒരു റെഡ് ബോൾ കയ്യിലെടുക്കുന്നത്. അന്ന് ഈ കളിയോട് ഇത്രമേൽ പ്രണയത്തിലാകുമെന്ന് കരുതിയിരുന്നില്ല. ക്ഷമയും പ്രതിരോധവും മണിക്കൂറുകളോളം ക്രീസിൽ പോരാടാനുള്ള കരുത്തും എന്നെ പഠിപ്പിച്ചത് റെഡ് ബോൾ ക്രിക്കറ്റാണ്. ഇന്ത്യക്കായി ടെസ്റ്റ് ക്യാപ് അണിയുക എന്നത് എന്നും എന്‍റെ സ്വപ്നമായിരുന്നു. അത് നടന്നില്ലെങ്കിലും റെഡ് ബോൾ നൽകിയ ഓർമ്മകളിൽ ഞാൻ സംതൃപ്തനാണ്. പക്ഷേ, എന്നിലെ പോരാട്ടം ഇവിടെ അവസാനിച്ചിട്ടില്ല രാജ്യത്തിനായി ഏകദിനത്തിലും ടി20യിലും തിരിച്ചെത്താനുള്ള ദാഹം എന്നിൽ ഇപ്പോഴുമുണ്ടെന്ന് ചാഹല്‍ കുറിച്ചു. തന്‍റെ വളർച്ചയിൽ പങ്കുവഹിച്ച ഹരിയാന ക്രിക്കറ്റ് അസോസിയേഷനും ഭാരവാഹികൾക്കും നന്ദി അറിയിച്ചാണ് ചാഹൽ കുറിപ്പ് അവസാനിപ്പിച്ചത്.
2009-ൽ ഹരിയാനയ്ക്കായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ചാഹൽ, 49 മത്സരങ്ങളിൽ നിന്നായി 32.27 ശരാശരിയിൽ 148 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടിയിൽ നോർത്താംപ്ടൺഷെയറിനായി മിന്നുന്ന പ്രകടനം പുറത്തെടുത്ത താരം അവസാന സീസണിൽ 16.14 ശരാശരിയിൽ 21 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇന്ത്യക്കായി 72 ഏകദിനങ്ങളിലും 80 ടി20 കളിലും പന്തെറിഞ്ഞ ചാഹൽ, 2024-ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. 2023 ഓഗസ്റ്റിലാണ് ചാഹല്‍ അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് താരമായ ചാഹൽ ലീഗിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ കൂടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!