ക്രിക്കറ്റില്‍ വിജയിക്കാന്‍ ചെസ് കളിക്കൂ...യുവതാരങ്ങളോട് കൈഫ്; അതിനൊരു കാരണമുണ്ട്

By Web TeamFirst Published Aug 25, 2021, 1:41 PM IST
Highlights

താന്‍ കണ്ട മികച്ച നായകനെ കുറിച്ചും ദ് ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ കൈഫ് പറയുന്നുണ്ട്

മുംബൈ: ക്രിക്കറ്റും ചെസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ചെസ് കളിച്ചാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വലിയ പ്രയോജനമുണ്ടെന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍താരം മുഹമ്മദ് കൈഫ്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സുവര്‍ണാവസരമാണ് വിരാട് കോലിക്കും സംഘത്തിനും വന്നുചേര്‍ന്നിരിക്കുന്നത് എന്നും കൈഫ് പറഞ്ഞു. താന്‍ കണ്ട മികച്ച നായകനെ കുറിച്ചും ദ് ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ കൈഫ് പറയുന്നുണ്ട്. ക്രിക്കറ്റിന്‍റെ ഇടവേളകളില്‍ ചെസ് കളിയില്‍ മുഴുകിയിരുന്ന താരമാണ് മുഹമ്മദ് കൈഫ്. 

കോലിപ്പടയ്‌ക്ക് സുവര്‍ണാവസരം

2007ന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിക്കാനുള്ള സുവര്‍ണാവസരമാണിത്. പരമ്പരയില്‍ അത്ര മികച്ച തുടക്കമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. മഴ തടസപ്പെടുത്തിയില്ലായിരുന്നെങ്കില്‍ നോട്ടിംഗ്‌ഹാമിലെ ആദ്യ ടെസ്റ്റ് ഇന്ത്യ അനായാസം ജയിക്കുമായിരുന്നു. നോട്ടിംഗ്‌ഹാമിലെ മികവ് പരമ്പരയിലൂടനീളം ഇന്ത്യന്‍ ടീമിന് തുണയാകും. ജസ്‌പ്രീത് ബുമ്രക്ക് വീണ്ടും വിക്കറ്റുകള്‍ ലഭിച്ചു. കെ എല്‍ രാഹുല്‍ ഏറെ റണ്‍സ് കണ്ടെത്തി. ഒട്ടേറെ നല്ല സൂചനകള്‍ ഇതുവരെ ഇംഗ്ലണ്ടിലുണ്ട്. 

മികച്ച നായകന്‍ ഗാംഗുലി 

'അത് സൗരവ് ഗാംഗുലിയാണ്. അക്കാര്യത്തില്‍ സംശയമില്ല. നായകനായി ഗാംഗുലിയും പരിശീലകനായി ജോണ്‍ റൈറ്റും മികച്ച കൂട്ടുകെട്ടായിരുന്നു. ഗാംഗുലി നായകനാണ്, അതോടൊപ്പം താരങ്ങളുടെ ക്യാപ്റ്റന്‍ കൂടിയാണ്. ദാദയ്‌ക്കടുത്ത് എത്തുകയും സംസാരിക്കുകയും ചെയ്യാം. ചിലപ്പോഴൊക്കെ നായകന്‍മാര്‍ ജൂനിയര്‍ താരങ്ങളെ ആശ്രയിക്കാറില്ല. എന്നാല്‍ യുവതാരങ്ങളുമായി എപ്പോഴും ദാദ സംസാരിച്ചിരുന്നു. അവരോട് ചിലപ്പോള്‍ ഉപദേശങ്ങള്‍ ചോദിക്കും. താരങ്ങളുടെ ചുമതല കൃത്യമായി വിശദീകരിക്കാനറിയാം. 

ഗാംഗുലിയുടെ നായകത്വത്തില്‍ നിരവധി യുവതാരങ്ങള്‍ വന്നു. എന്നെക്കൂടാതെ ഹര്‍ഭജന്‍ സിംഗ്, യുവ്‌രാജ് സിംഗ്, സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ്, ആശിഷ് നെഹ്‌റ എന്നിവരൊക്കെ മികവിലേക്കുയര്‍ന്നത് ഗാംഗുലി മികച്ച പ്രോത്സാഹനം നല്‍കിയത് കൊണ്ടാണ്. യുവതാരമായിരുന്നപ്പോള്‍ എനിക്കൊക്കെ ചെറിയ പിരിമുറുക്കമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ യുവതാരങ്ങള്‍ വലിയ സമ്മര്‍ദമില്ലാത്തവരാണ്. ചിലപ്പോഴൊക്കെ സാമൂഹ്യമാധ്യമങ്ങള്‍ അവര്‍ക്ക് ഇതിന് സഹായകമായിരുന്നിരിക്കാം' എന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ചെസ് കളിക്കൂ... യുവതാരങ്ങളോട് കൈഫ് 

'ചെസ് കളിക്കുന്നത് എനിക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. ചെസ് കളിക്കണമെന്ന് എല്ലാ കുട്ടിത്താരങ്ങളോടും ആവശ്യപ്പെടുകയാണ്. അതൊരു മികച്ച ഗെയിമാണ്. 2000ല്‍ അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ടീമിനെ നയിച്ചപ്പോള്‍ ചെസ് ഏറെ പ്രയോജനം ചെയ്തു. ഉത്തര്‍പ്രദേശിനെ 2005-06 സീസണില്‍ രഞ്ജി ട്രോഫി കിരീടത്തിലെത്തിച്ചപ്പോള്‍ ചെസ് ഒരിക്കല്‍ കൂടി സഹായകമായി. 

നായകനാകുമ്പോള്‍ വളരെ ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിക്കേണ്ടിവരും. മികച്ച നിലയില്‍ ഫീല്‍ഡര്‍മാരെ സെറ്റ് ചെയ്യാന്‍ ചെസ് സഹായിച്ചിട്ടുണ്ട്. മത്സരത്തിന്‍റെ വിവിധ ആംഗിളുകള്‍ മനസിലാക്കാന്‍ കഴിഞ്ഞു. തന്ത്രപരമായി കൂടുതല്‍ കരുത്തനാക്കാന്‍ ചെസ് തീര്‍ച്ചയായും നിങ്ങളെ സഹായിക്കും. മനസ് എപ്പോഴും ഏകാഗ്രമായിരിക്കാന്‍ ഇത് സഹായിക്കും. ചിന്തിക്കാനായി ഇടയ്‌ക്ക് ഇടവേളയെടുക്കുന്നതും മത്സരം പുനരാരംഭിക്കുന്നതും ചെസിലും ക്രിക്കറ്റിലും സമാനമാണ്. ആ ചെറിയ സെക്കന്‍ഡുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. 

ചെറുപ്പത്തില്‍ ഏറെ ഫുട്ബോള്‍ കളിച്ചിട്ടുണ്ട്. ഏറെ ഡൈവ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അത് തന്‍റെ ഭയം ഇല്ലാതാക്കി' എന്നും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയായ കൈഫ് കൂട്ടിച്ചേര്‍ത്തു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പോയിന്‍റ് പട്ടികയില്‍ ടീം ഇന്ത്യ തലപ്പത്ത്

'കോലിയുടെ വീറുറ്റ ടീമിനെതിരെ മത്സരിക്കുന്നത് തന്നെ അംഗീകാരം'; വാക്‌പോരിനെ കുറിച്ച് ബട്‌ലര്‍

ലീഡ്‌സില്‍ ലീഡ് ആര്‍ക്ക്; അറിയാം കണക്കിലെ കളികളില്‍ ടീം ഇന്ത്യയുടെ സ്ഥാനം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!