
ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 179 റണ്‍സ് വിജയലക്ഷ്യം. ഡാര്‍വിന്‍, മറാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയയെ ടിം ഡേവിഡിന്റെ (83) ഒറ്റയാള്‍ പോരാട്ടാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. കാമറൂണ്‍ ഗ്രീന്‍ (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്വേന മഫാക്ക നാല് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദയ്ക്ക് രണ്ട് വിക്കറ്റുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്.
രണ്ടാം ഓവറില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ട്രോവിസ് ഹെഡ് (2), റബാദയുടെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ ക്വെന മഫാക്കയ്ക്ക് ക്യാച്ച് നല്‍കി. തുടര്‍ന്നെത്തിയ ജോഷ് ഇന്‍ഗ്ലിസ് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. ലിന്‍ഡെയുടെ പന്തില്‍ ബാക്ക്‌വാര്‍ഡ് പോയിന്റില്‍ സെനുരന്‍ മുത്തുസാമിക്കായിരുന്നു ക്യാച്ച്. നാലാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനേയും (13) ഓസീസിന് നഷ്ടമായി. റബാദയ്‌ക്കെതിരെ ഹുക്ക് ഷോട്ടിന് ശ്രമിച്ച മാര്‍ഷിന് പിഴച്ചു. മഫാക്കയുടെ കയ്യിലൊതുങ്ങുകയായിരുന്നു താരം.
ഓസീസ് പ്രതിരോധത്തിലേക്ക് പോയെങ്കിലും ഗ്രീന്‍ - ഡേവിഡ് സഖ്യത്തിലൂടെ മത്സരത്തിലേക്ക് തിരിച്ചെത്തി. ഇരുവരും ക്രീസിലെത്തിയ ഉടന്‍ തന്നെ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 40 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. എന്നാല്‍ പവര്‍ പ്ലേയ്ക്ക് തൊട്ടുമുമ്പ് ഗ്രീന്‍ പുറത്തായി. ലുങ്കി എന്‍ഗിഡിയുടെ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ഗ്രീനിന് നല്ല രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ച്. ഇതോടെ 5.5 ഓവറില്‍ നാലിന് 70 എന്ന നിലയിലായി ഓസീസ്.
തുടര്‍ന്നെത്തിയ മിച്ചല്‍ ഓവന്‍ (2) മഫാക്കയുടെ പന്തില്‍ ബൗള്‍ഡായി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (2) ആവട്ടെ മുത്തുസാമിക്കും വിക്കറ്റ് നല്‍കി. തുടര്‍ന്ന് ഡേവിഡ് - ബെന്‍ ഡാര്‍ഷ്വിസ് (17) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഓസീസ് ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. 15-ാം ഓവറില്‍ ഡാര്‍ഷ്വിസ് മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ഡേവിഡ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 19-ാം ഓവറിലാണ് താരം മടങ്ങുന്നത്. 52 പന്തുകള്‍ നേരിട്ട താരം എട്ട് സിക്‌സും നാല് ഫോറും നേടി. ആഡം സാംപ (1), നതാന്‍ എല്ലിസ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (0) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ബെന്‍ ഡ്വാര്‍ഷുയിസ്, നഥാന്‍ എല്ലിസ്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.
ദക്ഷിണാഫ്രിക്ക: ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ജോര്‍ജ്ജ് ലിന്‍ഡെ, സെനുറന്‍ മുത്തുസാമി, കോര്‍ബിന്‍ ബോഷ്, കാഗിസോ റബാഡ, ക്വേന മഫാക, ലുങ്കി എന്‍ഗിഡി.