ഓവല്‍ ടെസ്റ്റ്: ടീം ഇന്ത്യക്ക് ഒരു തെറ്റ് സംഭവിച്ചുവെന്ന് സമ്മതിച്ച് ഉമേഷ് യാദവ്

By Web TeamFirst Published Sep 4, 2021, 1:48 PM IST
Highlights

ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഓലി പോപ്പും ക്രിസ് വോക്‌സും നേടിയ റണ്‍സുകളാണ് ഇംഗ്ലണ്ട് സ്‌കോര്‍ 290ലെത്തിച്ചത്

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ ഒരു തെറ്റ് ചെയ്‌തെന്ന് പേസര്‍ ഉമേഷ് യാദവ്. രണ്ടാം ദിനം മധ്യ ഓവറുകളില്‍ കുറച്ചധികം റണ്‍സ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തു എന്നാണ് ഉമേഷിന്‍റെ കുറ്റസമ്മതം. 

'ബൗളിംഗ് ആരംഭിച്ച് 40 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ ഞങ്ങള്‍ വീഴ്‌ത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം മാറ്റമുണ്ടായി. ഏഴ്-എട്ട് ഓവറുകള്‍ക്കിടെ 40-45 റണ്‍സ് വിട്ടുകൊടുത്തു. ഇതോടെ ബാറ്റ്സ്‌മാന്‍മാര്‍ താളം വീണ്ടെടുത്തു. എന്താണ് ചെയ്യേണ്ടത് എന്ന് ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാര്‍ക്ക് പിടികിട്ടി. എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിക്കറ്റ് തുണച്ചില്ല. ബൗളര്‍മാര്‍ ബൗണ്ടറികള്‍ വഴങ്ങിയതോടെ ബാറ്റ്‌സ്‌മാന്‍മാര്‍ മുന്‍തൂക്കം നേടി. നമ്മളൊരു തെറ്റ് ചെയ്‌തെന്ന് തോന്നുന്നു. ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കണമായിരുന്നു. മധ്യ ഓവറുകളില്‍ കുറച്ചധികം റണ്‍സ് വഴങ്ങി. അത് പാടില്ലായിരുന്നു' എന്നും ഉമേഷ് യാദവ് രണ്ടാം ദിനത്തെ മത്സര ശേഷം വ്യക്തമാക്കി. 

ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഓലി പോപ്പും ക്രിസ് വോക്‌സും നേടിയ റണ്‍സുകളാണ് ഇംഗ്ലണ്ട് സ്‌കോര്‍ 290ലെത്തിച്ചത്. ഓപ്പണര്‍മാരും മിന്നും ഫോമിലുള്ള നായകന്‍ ജോ റൂട്ടും ബാറ്റിംഗില്‍ പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഇത്. പോപ്പ് 159 പന്തില്‍ 81 ഉം വോക്‌സ് 60 പന്തില്‍ 50 ഉം റണ്‍സ് നേടി. ഇതിനൊപ്പം ജോണി ബെയര്‍സ്റ്റോ 37 ഉം മൊയീന്‍ അലി 35 ഉം റണ്‍സ് കുറിച്ചു. ഇതോടെ ഇംഗ്ലണ്ട് 99 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 191 റണ്‍സില്‍ പുറത്തായിരുന്നു. 

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച സ്‌കോർ ലക്ഷ്യമിട്ട് ഇന്ത്യ മൂന്നാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. വിക്കറ്റ് നഷ്ടമാവാതെ 43 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 22 റൺസുമായി കെ എൽ രാഹുലും 20 റൺസുമായി രോഹിത് ശർമ്മയുമാണ് ക്രീസിൽ. 99 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ ഇപ്പോഴും 56 റൺസ് പിന്നിലാണ്. 

കാര്യവട്ടത്ത് വീണ്ടും പച്ചപ്പ്; ഒന്നരവര്‍ഷത്തിന് ശേഷം നവീകരണം, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്‌ട്

പിച്ച് കൈയ്യേറി ബെയര്‍സ്റ്റോയെ ഇടിച്ചു; ഒടുവില്‍ ശല്യക്കാരന്‍ ജാര്‍വോ അറസ്റ്റില്‍

റണ്‍പട്ടികയില്‍ ഹിറ്റ്‌മാന്‍ ഹിറ്റ്‌ ചാര്‍ട്ടില്‍; രോഹിത്തിന് നിര്‍ണായക നേട്ടം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!