
നാഗ്‌പൂർ: ടി20 ലോകകപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നിർണായകമായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് നാളെ നാഗ്‌പൂരിലെ തുടക്കമാവുകയാണ്. ലോകകപ്പിന് മുന്നോടിയായി ടീം കോമ്പിനേഷൻ പരീക്ഷിക്കാനുള്ള അവസാന അവസരമായാണ് ഇരു ടീമുകളും ഈ പരമ്പരയെ നോക്കിക്കാണുന്നത്.യുവതാരം അഭിഷേക് ശർമ്മ ടീമിൽ തന്റെ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം ഓപ്പണർ സ്ഥാനത്ത് മലയാളി താരം സഞ്ജു സാംസണിന്‍റെ പേര് ഏകദേശം ഉറപ്പായി കഴിഞ്ഞു. ശുഭ്മാൻ ഗിൽ ഒഴിവാക്കപ്പെട്ടതോടെ സഞ്ജുവിന് തന്നെയാണ് മുൻതൂക്കവും. ഇതിനിടെയിലാണ് ടീമിലേക്കുള്ള ഇഷാൻ കിഷന്‍റെ മടങ്ങിവരവ്. തിലക് വർമ്മയ്ക്ക് ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമാകുന്നത് ഇവർ രണ്ടുപേർക്കും ടോപ്പ് ഓർഡറിൽ തിളങ്ങാൻ അവസരമൊരുക്കും.
52 അന്താരാഷ്ട്ര ടി20 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള സഞ്ജു 1032 റൺസ് നേടിയിട്ടുണ്ട് (ശരാശരി 25.8, സ്ട്രൈക്ക് റേറ്റ് 148.06). കരിയറിൽ ഭൂരിഭാഗവും മധ്യനിരയിൽ കളിച്ച സഞ്ജു, ഓപ്പണറായി ഇറങ്ങിയപ്പോൾ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണറായി കളിച്ച 18 ഇന്നിംഗ്‌സുകളിൽ നിന്ന് 180-നടുത്ത് സ്ട്രൈക്ക് റേറ്റിൽ മൂന്ന് സെഞ്ചുറികൾ താരം സ്വന്തമാക്കിയിട്ടുണ്ട്.
ഇഷാന്‍റെ കണക്കുകൾ
32 ടി20 മത്സരങ്ങളിൽ നിന്നായി 796 റൺസാണ് ഇഷാൻ കിഷൻ ഇതുവരെ നേടിയത് (ശരാശരി 25.67, സ്ട്രൈക്ക് റേറ്റ് 124.37). കളിച്ചതിൽ 27 ഇന്നിംഗ്‌സുകളിലും ഓപ്പണറായെത്തിയ ഇഷാൻ നാല് അർദ്ധസെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തിൽ സഞ്ജുവിനേക്കാൾ പിന്നിലാണ്. ഓപ്പണിങ് റോളിൽ സഞ്ജു സാംസണിന്‍റെ ഉയർന്ന സ്ട്രൈക്ക് റേറ്റും വലിയ ഇന്നിംഗ്‌സുകൾ കളിക്കാനുള്ള കഴിവും അദ്ദേഹത്തിന് ഇഷാൻ കിഷനുമേൽ നേരിയ മുൻതൂക്കം നൽകുന്നു. ന്യൂസിലൻഡിനെതിരെ ഇഷാൻ മൂന്നാം നമ്പറിൽ എത്തുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ സ്ഥിരീകരിച്ച് കഴിഞ്ഞു. അതുകൊണ്ട് ലോകകപ്പിലെ പ്ലേയിംഗ് ഇലവനിലേക്ക് ഒരു വമ്പൻ മത്സരം തന്നെ സഞ്ജുവും ഇഷാനും തമ്മിൽ നടക്കുമെന്ന് ഉറപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!