'ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കം ഞങ്ങളെ ബാധിക്കില്ല'; നിലാട് വ്യക്തമാക്കി അമേരിക്കന്‍ താരം സൗരഭ് നേത്രവല്‍ക്കര്‍

Published : Feb 07, 2026, 10:00 AM IST
Saurabh Netravalkar

Synopsis

ഇന്ത്യ-പാകിസ്ഥാന്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ തങ്ങളുടെ ടീമിനെ ബാധിക്കില്ലെന്നും ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമാണെന്നും യുഎസ്എ പേസര്‍ സൗരഭ് നേത്രവല്‍ക്കര്‍ പറഞ്ഞു.

മുംബൈ: ടി20 ലോകകപ്പിലെ ഉദ്ഘാടന പോരാട്ടത്തില്‍ ഇന്ന് ഇന്ത്യയെ നേരിടാനിരിക്കെ, ഇന്ത്യ-പാകിസ്താന്‍ രാഷ്ട്രീയ തര്‍ക്കങ്ങളെക്കുറിച്ച് പ്രതികരിച്ച് യുഎസ്എ പേസര്‍ സൗരഭ് നേത്രവല്‍ക്കര്‍. ഡ്രെസ്സിംഗ് റൂമിലെ ചര്‍ച്ചകളില്‍ ഇത്തരം വിഷയങ്ങള്‍ കടന്നുവരാറില്ലെന്നും ടീമിന്റെ മുഴുവന്‍ ശ്രദ്ധയും ക്രിക്കറ്റില്‍ മാത്രമാണെന്നും 2010ല്‍ ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 19 ലോകകപ്പ് കളിച്ച സൗരഭ് പറഞ്ഞു.

സൗരഭിന്റെ വാക്കുകള്‍: ''ഞങ്ങളുടെ ടീമില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കളിക്കാരുണ്ട്. ക്രിക്കറ്റിനോടുള്ള സ്‌നേഹമാണ് ഞങ്ങളെ ഒന്നിപ്പിക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ വിഷയങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാറില്ല. യുഎസ്എയ്ക്ക് വേണ്ടി കളിക്കുന്നതില്‍ ഞങ്ങള്‍ എല്ലാവരും അഭിമാനിക്കുന്നു.'' സൗരഭ് പറഞ്ഞു.

ഇന്ത്യക്കെതിരായ മത്സരത്തെ കുറിച്ചും സൗരഭ് സംസാരിച്ചു... ''ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്. ഹോം ഗ്രൗണ്ടില്‍ അവരെ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. ഞങ്ങള്‍ 'അണ്ടര്‍ഡോഗ്‌സ്' ആണെന്ന് അറിയാം, എങ്കിലും കഴിവില്‍ വിശ്വാസമുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഭാഗ്യത്തിനും വലിയ പങ്കുണ്ട്. ചില കാര്യങ്ങള്‍ അനുകൂലമായാല്‍ ഇന്ത്യയ്ക്ക് നല്ല പോരാട്ടം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കും.'' സൗരഭ് വ്യക്തമാക്കി.

ഇന്ത്യ-പാക് പോരില്‍ അനിശ്ചിതത്വം

ലോകകപ്പ് ആവേശത്തിലേക്ക് കടക്കുമ്പോഴും ഫെബ്രുവരി 15ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മേല്‍ അനിശ്ചിതത്വം തുടരുകയാണ്. ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കി സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെങ്കിലും ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നാണ് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു മത്സരത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കുന്നത് ആഗോള ടൂര്‍ണമെന്റുകളുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും പാക് ബോര്‍ഡ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കി. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ വാണിജ്യ മൂല്യമുള്ള ഈ മത്സരം നടന്നില്ലെങ്കില്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് കൊടിയേറ്റം: ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും, സഞ്ജു കരയ്ക്കിരിക്കും; പാകിസ്ഥാനും വിന്‍ഡീസും ഇന്നിറങ്ങും
'ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യൻ ടീമിന്‍റെ വാതില്‍ അവന് മുന്നില്‍ തുറക്കപ്പെടും', വൈഭവിനെക്കുറിച്ച് അശ്വിന്‍റെ വമ്പൻ പ്രവചനം