ധോണിയെ സമ്മാനിച്ചത്‌ ഗാംഗുലിയുടെ നിലപാടാണ്‌, സൂര്യവംശിയെ ശ്രേയസ്‌ അയ്യര്‍ ഇല്ലാതാക്കുമോ? ഗംഭീറിന്‌ വിമര്‍ശനം

Published : Oct 18, 2026, 12:26 PM IST
SOURAV GANGULY

Synopsis

വൈഭവ്‌ സൂര്യവംശിയെ പോലെ ഏത്‌ പിച്ചിലും ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ഒരു ബാറ്ററോട്‌ കാത്തിരിക്കണം എന്നാണ്‌ ശ്രേയസ്‌ അയ്യരും കോച്ച്‌ ഗൗതം ഗംഭീറും പറയുന്നത്‌. ഇതിനെതിരെ ക്രിക്കറ്റ്‌ ആരാധകര്‍ക്കിടയില്‍ വലിയ രോഷമുണ്ട്‌. സോഷ്യല്‍ മീഡിയ അല്ല ടീമിനെ തെരഞ്ഞെടുക്കുന്നത്‌ എന്ന്‌ ഗംഭീര്‍ പറഞ്ഞത്‌ മുറവിളി ശക്തമായതോടെയാണ്‌.

മുംബൈ:ഒരു കാലഘട്ടത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസം. പതിനഞ്ച്‌ വയസുള്ള വൈഭവ്‌ സൂര്യവംശിയെ ക്രിക്കറ്റ്‌ ലോകം വാഴ്‌ത്തുന്നത്‌ ഇപ്രകാരമാണ്‌. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട്‌ കോലിയും വര്‍ഷങ്ങള്‍ കൊണ്ട്‌ നേടിയെടുത്ത ഐതിഹാസികതയും പ്രതാപവും സൂര്യവംശി കുറഞ്ഞകാലം കൊണ്ട്‌ നേടിയെടുത്തേക്കാം എന്ന്‌ പോലും ക്രിക്കറ്റ്‌ വിദഗ്‌ധര്‍ നിരീക്ഷിക്കുന്നു. എന്നാല്‍, വൈഭവ്‌ സൂര്യവംശിക്ക്‌ മുന്നില്‍ സമയമുണ്ട്‌, വെയിറ്റ്‌ ചെയ്യട്ടെ എന്ന നിലപാടാണ്‌ ടീം ഇന്ത്യയുടെ ഹെഡ്‌ കോച്ച്‌ ഗൗതം ഗംഭീറിനും ക്യാപ്‌റ്റന്‍ ശ്രേയസ്‌ അയ്യറിനുമുള്ളത്‌. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ സൂര്യവംശിക്ക്‌ അവസരം ലഭിച്ചിരുന്നില്ല. ന്യൂസിലാന്‍ഡിനെതിരായ അഞ്ച്‌ മത്സര ടി20ക്ക്‌ ഇന്ത്യ തയ്യാറെടുക്കുമ്പോഴും ഉയരുന്ന ചോദ്യം, സൂര്യവംശി കളിക്കുമോ? എന്നതാണ്‌.

ജ്വലിച്ചു നില്‍ക്കുന്ന പ്രതിഭകളുടെ ആത്മവിശ്വാസം കെടുത്തിക്കളഞ്ഞാല്‍ അവര്‍ നിരാശരാവുകയും കരിയര്‍ തന്നെ നഷ്ടമാവുകയും ചെയ്യും. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ്‌ ഗാംഗുലി ഈ സിദ്ധാന്തക്കാരനായിരുന്നു. അദ്ദേഹം എന്നും പുതിയ ടാലന്റുകളെ കണ്ടെത്തുകയും അവരെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. ഇന്ന്‌ കാണുന്ന ഇന്ത്യന്‍ ടീം രൂപപ്പെട്ടു വന്നതില്‍ ഗാംഗുലിയുടെ പങ്ക്‌ വലുതാണ്‌. മഹേന്ദ്ര സിംഗ്‌ ധോണിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ്‌ കൂടുതല്‍ അവസരം നല്‍കിയത്‌ സൗരവ്‌ ഗാംഗുലിയുടെ നേതൃത്വ ഗുണമായിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തി ധോണിയെ ടീമിലുള്‍പ്പെടുത്താന്‍ ഗാംഗുലി കാണിച്ച ധൈര്യമാണ്‌, ധോണിയെ ആത്മവിശ്വാസമുള്ള താരമാക്കി മാറ്റിയത്‌.

പുതിയ കളിക്കാര്‍ക്ക്‌ ഗാംഗുലി അവസരം നല്‍കുന്നതിന്‌ പോലും ഒരു രീതിയുണ്ടായിരുന്നു. അതേക്കുറിച്ച്‌ അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്‌ ഇപ്രകാരം: ക്യാപ്‌റ്റന്‍ എന്ന നിലയില്‍, ടീമിലെത്തുന്ന യുവതാരങ്ങള്‍ക്ക്‌ കുറഞ്ഞത്‌ പത്ത്‌ മത്സരമെങ്കിലും തുടരെ കളിക്കാന്‍ അവസരമൊരുക്കും. അതവരുടെ തുടക്കക്കാരന്‍ എന്ന നിലയിലുള്ള സമ്മര്‍ദത്തെ അതിജീവിച്ച്‌ അവരുടെ യഥാര്‍ഥ മികവ്‌ പുറത്തെടുക്കാന്‍ അവസരം നല്‍കും. ആദ്യ രണ്ട്‌ കളികളില്‍ മങ്ങിപ്പോയാല്‍, ഇനി അവസരം ലഭിച്ചേക്കില്ലെന്ന സമ്മര്‍ദം യുവതാരങ്ങളെ പിടികൂടാന്‍ പാടില്ല - ഗാംഗുലിയുടെ ഈ നിലപാട്‌ ശ്രേയസ്‌ അയ്യര്‍ക്കില്ല.

അതുകൊണ്ടു തന്നെ, വൈഭവ്‌ സൂര്യവംശിയെ പോലെ ഏത്‌ പിച്ചിലും ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ഒരു ബാറ്ററോട്‌ കാത്തിരിക്കണം എന്നാണ്‌ ശ്രേയസ്‌ അയ്യരും കോച്ച്‌ ഗൗതം ഗംഭീറും പറയുന്നത്‌. ഇതിനെതിരെ ക്രിക്കറ്റ്‌ ആരാധകര്‍ക്കിടയില്‍ വലിയ രോഷമുണ്ട്‌. സോഷ്യല്‍ മീഡിയ അല്ല ടീമിനെ തെരഞ്ഞെടുക്കുന്നത്‌ എന്ന്‌ ഗംഭീര്‍ പറഞ്ഞത്‌ പോലും സൂര്യവംശിക്ക്‌ വേണ്ടിയുള്ള മുറവിളി ശക്തമായതോടെയാണ്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'പ്ലേയിംഗ് ഇലനില്‍ എന്തിനാണ് 8 ബാറ്റര്‍മാര്‍'?, ഇന്ത്യൻ ടീം കോംബിനേഷനെതിരെ രൂക്ഷ വിമര്‍ശവുമായി സുനിൽ ഗവാസ്കർ
'അവരോട് എന്ത് മറുപടി പറയും?', ജയ്‌സ്വാളിനെയും സഞ്ജുവിനെയും ഒഴിവാക്കിയതില്‍ സെലക്ടർമാർക്കെതിരെ ആകാശ് ചോപ്ര