അടി തുടര്‍ന്ന് ഉത്തപ്പ, വീണ്ടും സെഞ്ചുറി! വിഷ്‌ണുവും കെങ്കേമം; കേരളം കുതിക്കുന്നു

By Web TeamFirst Published Feb 24, 2021, 11:08 AM IST
Highlights

കേരളത്തിനായി ഉത്തപ്പയും വിഷ്‌‌ണുവും തുടക്കം ഗംഭീരമാക്കി. വിഷ്‌ണുവാണ് ആദ്യം അടി തുടങ്ങിയത് എങ്കിലും പിന്നാലെ ഉത്തപ്പ സ്റ്റിയറിംഗ് ഏറ്റെടുക്കുകയായിരുന്നു. 

ബെംഗളൂരു: വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരള ഓപ്പണര്‍ റോബിന്‍ ഉത്തപ്പയ്‌ക്ക് വീണ്ടും സെഞ്ചുറി. സീസണിലെ രണ്ടാം സെഞ്ചുറി റെയില്‍വേസിനെതിരെ ഉത്തപ്പ 103 പന്തില്‍ കണ്ടെത്തി. സഹ ഓപ്പണര്‍ വിഷ്‌ണു വിനോദും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമ്പോള്‍ കേരളം 32 ഓവറില്‍ ഒരു വിക്കറ്റിന് 193 റണ്‍സെന്ന നിലയിലാണ്. വിഷ്‌‌ണു വിനോദിനൊപ്പം(86*), സഞ്ജു സാംസണാണ്(0*) ക്രീസില്‍. 

ടോസ് നേടിയ റെയില്‍വേസ് ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കേരളത്തിനായി ഉത്തപ്പയും വിഷ്‌‌ണുവും തുടക്കം ഗംഭീരമാക്കി. വിഷ്‌ണുവാണ് ആദ്യം അടി തുടങ്ങിയത് എങ്കിലും പിന്നാലെ ഉത്തപ്പ സ്റ്റിയറിംഗ് ഏറ്റെടുക്കുകയായിരുന്നു. 103 പന്തില്‍ മൂന്നക്കം കണ്ട ഉത്തപ്പ എട്ട് ഫോറും അഞ്ച് സിക്‌സും പറത്തി. എന്നാല്‍ സെഞ്ചുറിക്ക് തൊട്ടടുത്ത പന്തില്‍ ഉത്തപ്പയെ ശിവം ചൗധരി റിട്ടേന്‍ ക്യാച്ചില്‍ മടക്കി. 

മൂന്നാം ജയമാണ് കേരളത്തിന്‍റെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരെ സെഞ്ചുറി നേടിയ ഉത്തപ്പ(85 പന്തില്‍ 107), രണ്ടാം മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ 55 പന്തില്‍ 81 റണ്‍സ് നേടിയിരുന്നു. ഉത്തപ്പയുടെ ഇന്നിംഗ്സുകൾക്ക് പുറമെ ഫോമിലുള്ള എസ് ശ്രീശാന്തിന്‍റേയും ക്യാപ്റ്റൻ സച്ചിൻ ബേബി, സഞ്ജു സാംസൺ, ജലജ് സക്സേന തുടങ്ങിയവരുടെ പ്രകടനവും കേരള നിരയിൽ നിർണായകമാവും. 

റെയിൽവേസും ആദ്യ രണ്ട് കളിയിലും ജയിച്ചു. എട്ട് പോയിന്റ് വീതമാണെങ്കിലും ഗ്രൂപ്പിൽ റൺ ശരാശരിയിൽ റെയിൽവേസ് ഒന്നും കേരളം രണ്ടും സ്ഥാനങ്ങളിലാണ്.

കേരള ടീം: റോബിന്‍ ഉത്തപ്പ, വിഷ്‌ണു വിനോദ്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വത്‌സല്‍ ഗോവിന്ദ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, ജലജ് സക്‌സേന, കെ രോജിത്ത്, എം ഡി നിതീഷ്, എസ് ശ്രീശാന്ത്, ബേസില്‍ എന്‍പി. 

പിങ്ക് ബോള്‍ ടെസ്റ്റ്: ബാറ്റ്സ്‌മാന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കോലി

click me!