
ബെംഗളൂരു: വിജയ് ഹസാരേ ട്രോഫി ഏകദിനത്തില്‍ ഛത്തീസ്ഗഡിനെതിരായ കേരളത്തിന്റെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴയ മൂലം ടോസ് പോലും സാധ്യമല്ലാതായതോടെയാണ് കേരളത്തിന്റെ ആദ്യ മത്സരം ഉപേക്ഷിച്ചത്. മത്സരം ഉപേക്ഷിച്ചതിലൂടെ കേരളത്തിനും ഛത്തീസ്‌ഗഡിനും രണ്ട് പോയന്റ് വീതം ലഭിച്ചു.
കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന ഗ്രൂപ്പ് എയിലാണ് കേരളമെന്നതിനാല്‍ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചത് കേരളത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ഛത്തീസ്‌ഗഡിനും ഗോവയ്‌ക്കും പുറമേ നിലവിലെ ജേതാക്കളായ മുംബൈ, മനീഷ് പാണ്ഡെയും കെഎൽ രാഹുലും അടങ്ങുന്ന കര്‍ണാടകം, അമ്പാട്ടി റായുഡു ക്യാപ്റ്റനായ ഹൈദരാബാദ്, ഹനുമ വിഹാരി നയിക്കുന്ന ആന്ധ്ര, രഞ്‌ജി ട്രോഫി ഫൈനലിസ്റ്റുകളായ സൗരാഷ്‌ട്ര, ധോണിയില്ലാത്ത ജാര്‍ഖണ്ഡ് എന്നിവയാണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍.
ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്റെ നായകന്‍. സഞ്‌ജു സാംസണും സന്ദീപ് വാര്യരും അടങ്ങുന്ന ഇന്ത്യ എ താരങ്ങളുടെ സാന്നിധ്യവും കേരളത്തിന് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കേരളം. അടുത്ത മാസം 20ന് ക്വാര്‍ട്ടര്‍ തുടങ്ങും. ഇരുപത്തിയഞ്ചിനാണ് ഫൈനല്‍. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയിൽ സെമിയിലെത്തിയെങ്കിലും ഏകദിന- ടി20 ഫോര്‍മാറ്റുകളില്‍ ആദ്യറൗണ്ട് കടക്കാന്‍ കേരളത്തിനായിരുന്നില്ല.
ഋഷഭ് പന്തിന്റെ പകരക്കാരാനാവാനുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള സഞ്ജു സാംസണും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!