
ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് 13 വര്‍ഷത്തിനുശേഷമുള്ള വിരാട് കോലിയുടെ മടങ്ങിവരവ് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പതിനായിരക്കണക്കിന് ആരാധകരാണ് ഡല്‍ഹി-റെയില്‍വേസ് മത്സരത്തില്‍ വിരാട് കോലിയുടെ കളി കാണാനായി ദില്ലി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. വിരാട് കോലി കളിക്കുന്നതിനാല്‍ മത്സരത്തിന് അധിക സുരക്ഷ ഒരുക്കിയിരുന്നെങ്കിലും റെയില്‍വേസ് ഇന്നിംഗ്സിനിടെ ഗ്രൗണ്ടിലേക്ക് ഒരു ആരാധകന്‍ ഓടിയിറങ്ങി സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു വിരാട് കോലിയുടെ അടുത്തെത്തി കാലില്‍ വീണു.
ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകനെ കോലിയുടെ അടുത്തു നിന്ന് ബലമായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തു. പിടിച്ചു കൊണ്ടുപോകുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകനെ തല്ലുകയും ചെയ്തു. ഇത് കണ്ട് വിരാട് കോലി അവനെ തല്ലരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. മത്സരത്തിനിടെ പലപ്പോഴും ആരാധകരുമായി സംവദിക്കാനും അവരോട് ടീമിനായി ആര്‍പ്പുവിളിക്കാനും കോലി പറഞ്ഞത് ആരാധകരെയും ആവേശത്തിലാക്കി.
ആദ്യ രണ്ട് സെഷനുകള്‍ക്ക് ശേഷം ഗ്രൗണ്ടിലെത്തിയ കോലി ആരാധകരോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തില്‍ ചോദിച്ചതും വന്‍ കരഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മത്സരം കാണാന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സൗജന്യപ്രവേശനം അനുവദിച്ചതോടെ രാവിലെ മുതല്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. കാണികളെ പ്രവേശിപ്പിച്ച ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡ് കളി തുടങ്ങും മുമ്പെ നിറഞ്ഞു കവിഞ്ഞിരുന്നു. ഇതിനുശേഷവും മത്സര കാണാനായി ആയിരക്കണക്കിനാരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനായി തിക്കും തിരക്കും കൂട്ടിയതോടെ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിവീശേണ്ടിവന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 241 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. സനത് സങ്‌വാനും യാഷ് ദുള്ളുമാണ് ക്രീസില്‍. നാലാമനായാണ് കോലി ബാറ്റിംഗിനിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!