ഐപിഎൽ: ആർസിബിയുടെ ആദ്യ ജയത്തിന് പിന്നാലെ കോലിക്ക് മുട്ടൻ പണി

By Web TeamFirst Published Apr 14, 2019, 12:36 PM IST
Highlights

ഐപിഎല്ലിന്‍റെ ഈ സീസണില്‍, കുറഞ്ഞ ഓവര്‍ നിരക്കിനെത്തുടര്‍ന്ന് നടപടി നേരിടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കോലി

മൊഹാലി: ഐപിഎല്ലില്‍ ആദ്യ വിജയം സ്വന്തമാക്കിയെങ്കിലും ബാംഗ്ലൂരു റോയല്‍ ചലഞ്ചേഴ്സിന്‍റേയും  ക്യാപ്റ്റന്‍ വിരാട് കോലിയുടേയും ശനിദിശ ഒഴിയുന്നില്ല. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരം വിജയിച്ചെങ്കിലും കോലിക്ക് 12 ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരും. മത്സരത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിനെത്തുടര്‍ന്നാണ് ഐപിഎല്‍ നിയമമനുസരിച്ച് കോലിക്ക് പിഴ ചുമത്തിയത്. 

ഐപിഎല്ലിന്‍റെ ഈ സീസണില്‍, കുറഞ്ഞ ഓവര്‍ നിരക്കിനെത്തുടര്‍ന്ന് നടപടി നേരിടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കോലി. നേരത്തെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, രാജസ്ഥാന്‍ റോയല്‍സിന്‍റെ അജിങ്ക്യ രഹാനെ എന്നിവര്‍ക്കും പിഴയൊടുക്കേണ്ടി വന്നിരുന്നു. തുടര്‍ച്ചയായ ആറു തോല്‍വികളെത്തുടര്‍ന്ന് ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. തുടര്‍ച്ചയായ പരാജയത്തെത്തുടര്‍ന്ന് കോലിയുടെ ക്യപ്റ്റന്‍സിയും ചോദ്യംചെയ്യപ്പെട്ടിരുന്നു. ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് കോലിയെ പരിഗണിക്കരുതെന്നും ആവശ്യമുയര്‍ന്നിരുന്നു. 

എന്നാല്‍ ഇന്നലത്തെ വിജയം കോലിക്കും ടീമിനും ആശ്വാസമാണ്. ഇന്നലെ നടന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. ബാംഗ്ലൂര്‍ 19.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിരാട് കോലി (53 പന്തില്‍ 67), ഡിവില്ലിയേഴ്‌സ് (38 പന്തില്‍ പുറത്താവാതെ 58) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ടീം ലക്ഷ്യം കണ്ടെത്. 

click me!