അന്ന് ലോകകപ്പില്‍ കോലിയുടെ സഹതാരം, ഇന്ന് കോലി കളിക്കുന്ന മത്സരം നിയന്ത്രിച്ച അമ്പയർ, ആരാണ് അജിതേഷ് അർഗൽ

Published : Apr 28, 2026, 06:24 PM IST
ViratKohli-Ajitesh Argal

Synopsis

വിരാട് കോലി, രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ തുടങ്ങിയ സഹതാരങ്ങൾ ലോകക്രിക്കറ്റിലെ വൻമരങ്ങളായി വളർന്നപ്പോൾ അജിതേഷിന്‍റെ വിധി മറ്റൊന്നായിരുന്നു.

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഡൽഹി ക്യാപിറ്റൽസ് മത്സരശേഷം ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആര്‍സിബിയുടെ ബാറ്റിംഗ് ഇതിഹാസം വിരാട് കോലി മത്സരശേഷം ഫീൽഡ് അമ്പയറുമായി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചിത്രം. എന്നാൽ ഇതൊരു സാധാരണ കൂടിക്കാഴ്ചയായിരുന്നില്ല. 18 വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിൽ വിരാട് കോലിക്കൊപ്പം ഇന്ത്യക്കായി ലോകകപ്പ് ഉയർത്തിയ അതേ താരമായിരുന്നു ആ അമ്പയർ– അജിതേഷ് അർഗൽ.

2008-ലെ അണ്ടർ-19 ലോകകപ്പ് ഫൈനൽ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവില്ല. മഴ തടസ്സപ്പെടുത്തിയ ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഇന്ത്യ കിരീടം നേടിയപ്പോൾ നായകൻ കോലിയുടെ വജ്രായുധമായിരുന്നു അജിതേഷ്. 5 ഓവറിൽ വെറും 7 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത അജിതേഷായിരുന്നു അന്ന് ഫൈനലിലെ 'പ്ലെയർ ഓഫ് ദി മാച്ച്'.

വിരാട് കോലി, രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ തുടങ്ങിയ സഹതാരങ്ങൾ ലോകക്രിക്കറ്റിലെ വൻമരങ്ങളായി വളർന്നപ്പോൾ അജിതേഷിന്‍റെ വിധി മറ്റൊന്നായിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ് (അന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബ്) താരത്തെ ടീമിലെടുത്തെങ്കിലും ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിലും വേണ്ടത്ര തിളങ്ങാൻ കഴിയാതെ വന്നതോടെ അജിതേഷ് ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്‍റിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ ക്രിക്കറ്റെന്ന പ്രണയം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

2023-ൽ ബിസിസിഐയുടെ കഠിനമായ അമ്പയറിംഗ് പരീക്ഷ അജിതേഷ് വിജയിച്ചു. ആഭ്യന്തര മത്സരങ്ങളിലും വുമൺസ് പ്രീമിയർ ലീഗിലും മികവ് തെളിയിച്ച ശേഷം 2026 ഐപിഎൽ സീസണിലൂടെ അമ്പയറായി അരങ്ങേറ്റം കുറിച്ചു. വർഷങ്ങൾക്ക് ശേഷം ഒരേ മൈതാനത്ത് വിരാട് കോലിയും അജിതേഷും കണ്ടുമുട്ടിയപ്പോൾ അവർ പഴയ സുഹൃത്തുക്കളായി. കോലി ഐപിഎല്ലിൽ 9,000 റൺസ് എന്ന ചരിത്രനേട്ടം കുറിച്ച അതേ മത്സരത്തിൽ തന്നെ തന്‍റെ പഴയ സഹതാരത്തെ അമ്പയറുടെ വേഷത്തിൽ കാണാനായത് ആ നിമിഷത്തിന്‍റെ മാറ്റ് കൂട്ടി. കളിക്ക് ശേഷം ഇരുവരും കൈകൊടുത്ത് സൗഹൃദം പുതുക്കി. ഭുവനേശ്വർ കുമാറിന്‍റെയും ജോഷ് ഹേസൽവുഡിന്‍റെയും തകർപ്പൻ ബൗളിംഗിൽ ഡൽഹിയെ 75 റൺസിന് എറിഞ്ഞൊതുക്കിയ ആർസിബി, വെറും 6.3 ഓവറിൽ വിജയം കണ്ട മത്സരത്തിൽ ഈ 'റീയൂണിയൻ' ഒരു മനോഹരമായ ഓർമ്മച്ചിത്രമായി മാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: 39 പന്തില്‍ ഡല്‍ഹിയെ കീഴടക്കി; പക്ഷേ അതിവേഗ ജയം ബെംഗളൂരുവിന് നേടാനായില്ല
ഐപിഎല്‍ 2026: രോഹിതും വില്‍ ജാക്ക്‌സുമെത്തും; പോയതൊക്കെ തിരിച്ചുപിടിക്കാൻ മുംബൈ