ശ്രീലങ്ക എ ടീമിനെതിരായ ഏകദിന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ 29 പന്തിൽ 94 റൺസ് നേടി യുവതാരം വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ടി20 കളിക്കാരൻ എന്ന ലേബലിനപ്പുറം, തനിക്ക് മികച്ച ഏകദിന റെക്കോർഡുണ്ടെന്നും സീനിയർ ടീമിലേക്ക് താൻ സജ്ജമാണെന്നും സെലക്ടർമാർക്ക് ശക്തമായ സന്ദേശം നൽകുകയാണ് വൈഭവ്.

ദാംബുള്ള: ടി20 ലോകത്തിലെ പുത്തന്‍ താരോദയമായ 15കാരന്‍ വൈഭവ് സൂര്യവംശി തന്റെ ബാറ്റിംഗ് മികവുകൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ശ്രീലങ്ക എ ടീമിനെതിരായ ഏകദിന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ 29 പന്തില്‍ 94 റണ്‍സ് അടിച്ചുകൂട്ടിയാണ് ഈ കൗമാരതാരം തന്റെ വിമര്‍ശകരുടെ വായടപ്പിച്ചത്. ടി20 മത്സരങ്ങളിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെയാണ് വൈഭവ് പ്രശസ്തനായത്. എന്നാല്‍, ടി20 ഫോര്‍മാറ്റില്‍ നിന്ന് 50 ഓവര്‍ ഫോര്‍മാറ്റിലേക്ക് മാറുന്നതിനെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍, തന്റെ കരിയറിനെ തെറ്റിദ്ധരിച്ചവര്‍ക്കുള്ള മറുപടി വളരെ കൃത്യമായിരുന്നു വൈഭവിന്റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചോദ്യത്തോട് വൈഭവ് പ്രതികരിച്ചതിങ്ങനെ... 'ഈ പരമ്പരയില്‍ നിന്ന് ഒരുപാട് പഠിച്ചു, പക്ഷെ ഞാന്‍ ഇതിനുമുമ്പും ധാരാളം 50 ഓവര്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അത് പലര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.' താരം മുന്നറിയിപ്പ് നല്‍കി. വൈഭവ് തുടര്‍ന്നു... ''ഞാന്‍ പ്രത്യേകിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. ആദ്യ പത്ത് ഓവറുകളില്‍ പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കുക, അതിനുശേഷം കളി മുന്നോട്ട് കൊണ്ടുപോവുക - ഇതായിരുന്നു ലക്ഷ്യം. സമ്മര്‍ദ്ദമൊന്നും ഉണ്ടായിരുന്നില്ല. പരമ്പരയുടെ തുടക്കത്തില്‍ എനിക്ക് ഉദ്ദേശിച്ച രീതിയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല, എന്നാല്‍ കോച്ചുമാരുമായി സംസാരിച്ചതിന് ശേഷം കാര്യങ്ങള്‍ ശരിയായി. വ്യത്യസ്തമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്നതായിരുന്നു പ്രധാന വെല്ലുവിളി, അത് ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.'' വൈഭവ് പറഞ്ഞു.

രണ്ട് ഐപിഎല്‍ സീസണുകളിലായി 34 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും, താരത്തിന്റെ ആഗ്രഹം 50 ഓവര്‍ ക്രിക്കറ്റ് കൂടിയാണ്. 25 അണ്ടര്‍-19 ഏകദിനങ്ങളില്‍ നിന്ന് 1,412 റണ്‍സും നാല് സെഞ്ചുറികളും നേടിയിട്ടുള്ള വൈഭവ്, ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ്. മൊത്തം 38 സീനിയര്‍/യൂത്ത് ഏകദിന മത്സരങ്ങളുടെ പരിചയം അവനുണ്ട്.

ലീഗ് ഘട്ടത്തില്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട വൈഭവ്, ഫൈനലിന് മുന്‍പ് കോച്ചുമാരുമായി ചര്‍ച്ച നടത്തി തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. ഫൈനലില്‍ വെറും 11 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ ലോക റെക്കോര്‍ഡ് താരം സ്വന്തമാക്കി. 324.14 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ വൈഭവ്, ഇന്ത്യയുടെ സീനിയര്‍ ഏകദിന ടീമിലേക്കുള്ള തന്റെ വരവ് അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ നേടിയ 175 റണ്‍സിന് സമാനമായ മറ്റൊരു മികച്ച ഇന്നിങ്‌സായിരുന്നു ഇത്. ഇന്ത്യന്‍ സീനിയര്‍ ടി20 ടീമില്‍ ഇതിനകം ഇടംപിടിച്ച വൈഭവ്, ഈ പ്രകടനത്തോടെ സീനിയര്‍ ഏകദിന ടീമിലേക്കും താന്‍ സജ്ജമാണെന്ന് സെലക്ടര്‍മാര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കിയിരിക്കുകയാണ്.

YouTube video player