
ദുബായ്: വിരാട് കോലിയുടെ നൂറാം അന്താരാഷ്ട്ര ട്വന്റി 20 മത്സരമാണ് ഇന്ന് പാകിസ്ഥാനെതിരെ നടക്കുക. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കോലിക്ക് സ്വന്തമാവും. ന്യൂസിലന്‍ഡിന്റെ റോസ് ടൈലാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. മുപ്പത്തിമൂന്നുകാരനായ കോലി 102 ടെസ്റ്റില്‍ 27 സെഞ്ച്വറികളോടെ 8074 റണ്‍സും 262 ഏകദിനത്തില്‍ 43 സെഞ്ചുറികളോടെ 12344 റണ്‍സും 99 ട്വന്റി 20യില്‍ 30 അര്‍ധസെഞ്ച്വറിയോടെ 3308 റണ്‍സും നേടിയിട്ടുണ്ട്.
അതേസമയം, കോലിയുടെ തിരിച്ചുവരവാണ് ക്രിക്കറ്റ് ലോകം ആഗ്രഹിക്കുന്നത്. ഇടവേളയ്ക്ക് ശേഷമാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലാണ് താരം അവസാനമായി കളിച്ചത്. ശേഷം വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. വിശ്രമമെടുത്ത് തിരിച്ചെത്തുന്ന കോലി ഫോമിലെത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ കോലി തിരിച്ചെത്തേണ്ടത് ഇന്ത്യന്‍ ടീമിന്റെ മൊത്തം ആവശ്യമാണ്.
ഏഷ്യാ കപ്പ്: ഷഹീന്‍ അഫ്രീദിയുണ്ടായിരുന്നെങ്കില്‍ കളി മാറിയേനെ എന്ന് ബാബര്‍ അസം
ഇതിനിടെ, മത്സരാധിക്യം തന്നെ മാനസികമായി തളര്‍ത്തിയെന്ന് കോലി വ്യക്തമാക്കി. കളിയില്‍ നിന്ന് മാറിനിന്ന ഒരുമാസം ബാറ്റില്‍ തൊട്ടിട്ടില്ലെന്നും കോലി പറഞ്ഞു. കോലിയുടെ വാക്കുകള്‍ ''മാനസികമായി ഞാന്‍ തളര്‍ന്നിരുന്നു എന്ന് പറയുന്നതില്‍ എനിക്ക് നാണക്കേടൊന്നുമില്ല. കളിക്കളത്തില്‍ പലപ്പോഴും പഴയ അക്രമണോത്സുകത ഉണ്ടെന്ന് ഞാന്‍ അഭിനയിക്കുകയായിരുന്നുവെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ഞാന്‍ എന്നോട് തന്നെ പറഞ്ഞിരുന്നത്, എനിക്ക് പഴയ തീവ്രതയോടെ കളിക്കാനാവുന്നുണ്ട് എന്നായിരുന്നു. എന്നാല്‍ അത് തെറ്റായിരുന്നു. എനിക്ക് മത്സരങ്ങളെ ശരിക്കും പഴയ അതേ തീവ്രതയോടെ സമീപിക്കാനായിരുന്നില്ല. ശരീരം പറയുന്നത്, നിര്‍ത്തൂ, കുറച്ചു വിശ്രമമെടുക്കു എന്നായിരുന്നു.
ഇത് സാധാരണമാണ്. പക്ഷെ നമ്മള്‍ പലപ്പോഴും ഇത് തിരിച്ചറിയുകയും തിരിച്ചറിഞ്ഞാല്‍ തന്നെ പുറത്തു പറയുകയോ ഇല്ല. കാരണം, നമ്മള്‍ മാനസികമായി ദുര്‍ബലനാണെന്ന് പുറത്ത് അറിയുന്നത് നമ്മള്‍ ഇഷ്ടപ്പടുന്നില്ല. എന്നെ വിശ്വസിക്കു, ഗ്രൗണ്ടില്‍ അഭിനയിക്കുന്നതിനെക്കാള്‍ നല്ലത് നമ്മള്‍ ദുര്‍ബലനാണെന്ന് അംഗീകരിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' കോലി പറഞ്ഞു.