Asianet News MalayalamAsianet News Malayalam

പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ രോഹിത്തിന് പ്ലേയിംഗ് ഇലവന്‍ തലവേദന! ഇന്ത്യ- പാക് മത്സരം കാണാനുള്ള വഴികള്‍

സ്പിന്നിനെ പിന്തുണയ്ക്കുന്ന ട്രാക്കില്‍ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെങ്കിലും ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇതിനിടെ ടീമിനെ കുറിച്ച് ചെറിയ സൂചനയും ബിസിസിഐ തന്നുകഴിഞ്ഞു.

IND vs PAK asia cup match preview and probable eleven
Author
First Published Aug 28, 2022, 9:08 AM IST

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് പാകിസ്ഥാനെതിരെ കളിക്കാനിരിക്കെ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ കുറിച്ചാണ് പ്രധാന ചര്‍ച്ച. ഇടക്കാല കോച്ച് വിവിഎസ് ലക്ഷ്മണിന്റേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും പ്രധാന തലവേദന ആരെയൊക്കെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നതിനെ കുറിച്ചാണ്. സ്പിന്നിനെ പിന്തുണയ്ക്കുന്ന ട്രാക്കില്‍ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെങ്കിലും ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇതിനിടെ ടീമിനെ കുറിച്ച് ചെറിയ സൂചനയും ബിസിസിഐ തന്നുകഴിഞ്ഞു.

പരിശീലന സെഷനില്‍ 10 താരങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍, അര്‍ഷദീപ് സിംഗ് എന്നിവരുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ബിസിസിഐ ക്രമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതുതന്നെയായിരിക്കും പ്ലയിംഗ് ഇലവനെന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്.

ഏഷ്യാ കപ്പ്: ഷഹീന്‍ അഫ്രീദിയുണ്ടായിരുന്നെങ്കില്‍ കളി മാറിയേനെ എന്ന് ബാബര്‍ അസം

എന്നാല്‍ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ ടീമുലുണ്ടാവാനും സാധ്യതയുണ്ട്. സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചായതുകൊണ്ടാണത്. യൂസ്വേന്ദ്ര ചാഹലിനൊപ്പം ആര്‍ അശ്വിനും ടീമിലെത്തും. രവീന്ദ്ര ജഡേജയേയും സ്പിന്നറായി ഉപയോഗിക്കാം. പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗും ടീമിലെത്തും. ഹാര്‍ദിക് പാണ്ഡ്യയും പന്തെറിയാനെത്തും. അശ്വിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ദിനേശ് കാര്‍ത്തികിന് അവസരം നഷ്ടമാവും. 

കാലാവസ്ഥ

കാലാവസ്ഥയടക്കമുള്ള കാര്യങ്ങള്‍ മത്സരത്തിന് അനുകൂലമാണ്. 155 റണ്‍സാണ് മത്സരം നടക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ശരാശരി സ്‌കോര്‍. തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ബൗണ്‍സും മൂവ്മെന്റും ലഭിക്കുമെങ്കിലും സ്പിന്നര്‍മാരെ സഹായിക്കുന്നതാണ് ദുബായിലെ പിച്ച്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കാന്‍ സാധ്യതയേറെയാണ്. ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കും.

തല്‍സമയം കാണാന്‍

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കാണ് ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. അതിനാല്‍ ഡിസ്‌നി ഹോട്സ്റ്റാര്‍ വഴി മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങുണ്ടാകും. മത്സരവേദിയായ യുഎഇ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റില്‍ ഒഎസ്എന്‍ സ്‌പോര്‍ട്‌സാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. എല്ലാ ദിവസവും ഇന്ത്യന്‍സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ഇന്ത്യ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യൂകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, യൂസ്വേന്ദ്ര ചാഹല്‍.

രാഹുല്‍ കളിക്കേണ്ടതില്ല! പാകിസ്ഥാനെതിരെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ പ്ലയിംഗ് ഇലവന്‍ പ്രവചിച്ച് മുന്‍ നായകന്‍
 

Follow Us:
Download App:
  • android
  • ios