
ചണ്ഡീഗഡ്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് ഈ മാസം 19ന് തുടക്കമാകാനിരിക്കെ ഇന്ത്യൻ സൂപ്പര്‍ താരം വിരാട് കോലിയെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. ഓസ്ട്രലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ കോലി രണ്ട് സെഞ്ചുറികളെങ്കിലും നേടുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ദയവുചെയ്ത് ആരും വിരാട് കോലിയുടെ ഫിറ്റ്നെസിനെക്കുറിച്ച് ചോദിക്കരുത്, കാരണം ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ അവന്‍ ഗുരുവാണ്. അവന്‍ ചെയ്യുന്നതാണ് മറ്റുള്ളവരെല്ലാം പിന്തുടരുന്നത്. അതുകൊണ്ട് തന്നെ കോലിയുടെ ഫിറ്റ്നെസിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ഇപ്പോൾ ടീമിലുള്ള മറ്റ് പല താരങ്ങളെക്കാളും ഫിറ്റാണ് കോലി. നിലവില്‍ രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങളില്‍ ഏറ്റവും ഫിറ്റായ താരമെന്നു വേണമെങ്കില്‍ പറയാം. അതുകൊണ്ട് തന്നെ വിരാടിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നും ഹര്‍ഭജന്‍ ജിയോ ഹോട്സ്റ്റാറില്‍ പറഞ്ഞു.
ആരാധകരും കോലിയെ ഇന്ത്യൻ ജേഴ്സിയില്‍ വീണ്ടും കാണാന്‍ ഏറെനാളായി കാത്തിരിക്കുന്നുണ്ടാകും. പ്രത്യേകിച്ച് കോലിയുടെ ഇഷ്ട ഫോര്‍മാറ്റായ ഏകദിനങ്ങളില്‍. ഏകദിന ക്രിക്കറ്റില്‍ ഇനിയുമേറെ കോലിക്ക് ചെയ്യാനുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലി വിരമിച്ചപ്പോള്‍ പോലും എനിക്ക് തോന്നിയത് ഇനിയും നാലോ അഞ്ചോ വര്‍ഷം അവന് ബാക്കിയുണ്ടെന്നായിരുന്നു. വെറുതെ കളിക്കുകയല്ല, എതിരാളികൾക്കുമേല്‍ ആധിപത്യത്തോടെ കളിക്കാന്‍ അവനാവും. ഇനിയവന്‍ പോകുന്നത് അവന്‍റെ ഇഷ്ടസ്ഥലമായ ഓസ്ട്രേലിയയിലേക്കാണ്.
അവിടെ അവന്‍ വീണ്ടും ചിലതൊക്കെ തെളിയിക്കുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയയില്‍ അവന്‍ ടണ്‍ കണക്കിന് റണ്‍സ് അടിച്ചു കൂട്ടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഓസ്ട്രേലിയയില്‍ കോലി കുറഞ്ഞത് രണ്ട് സെഞ്ചുറികളെങ്കിലും നേടുമെന്ന് ഉറപ്പാണ്. കാരണം, പ്രതിസന്ധിഘട്ടത്തിലാണ് ചില കളിക്കാര്‍ അവരുടെ പ്രതിഭയുടെ പാരമ്യത്തിലെത്തുക. കോലി അത്തരമൊരു കളിക്കാരനാണെന്നും വലിയ വേദികളില്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ തിളങ്ങാന്‍ കോലിക്ക് പ്രത്യേക മികവുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ചവര്‍ക്കെതിരെ മികവ് കാട്ടുമ്പോളാണ് നിങ്ങള്‍ക്ക് ബഹുമാനം കിട്ടുന്നത്. അങ്ങനെയാണ് കോലി ബഹുമാനം നേടിയെടുത്തത്. ഓസ്ട്രേലിയ അവന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട വേദിയാണ്. വീണ്ടും ഇന്ത്യൻ കുപ്പായമണിയുമ്പോള്‍ അവന്‍ മികവ് കാട്ടുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക