സഞ്ജു അല്ല, ഏകദിനത്തില്‍ വിരാട് കോലിയുടെ പകരക്കാരനാകാന്‍ കഴിയുന്ന താരത്തെ കുറിച്ച് വസീം ജാഫര്‍

Published : Oct 04, 2026, 09:43 PM IST
Virat Kohli

Synopsis

2027 ലോകകപ്പിന് ശേഷം വിരാട് കോലി വിരമിക്കുമ്പോൾ ഏകദിനത്തിൽ മൂന്നാം നമ്പറിലേക്ക് തിലക് വർമ്മ മികച്ച പകരക്കാരനാകുമെന്ന് മുൻ താരം വസീം ജാഫർ. രോഹിത് ശർമ്മയ്ക്ക് പകരം യശസ്വി ജെയ്‌സ്വാൾ ഓപ്പണറാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

മുംബൈ: 2027 ഏകദിന ലോകകപ്പിന് ശേഷം വിരാട് കോലി വിരമിക്കുമ്പോള്‍, ഇന്ത്യന്‍ ഏകദിന ടീമിലെ മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് തിലക് വര്‍മ്മ മികച്ചൊരു പകരക്കാരനാകുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്യാനുള്ള തിലകിന്റെ കഴിവിനെ ജാഫര്‍ പ്രശംസിച്ചു. ഇതിനോടകം തന്നെ ഏകദിനത്തില്‍ മൂന്ന്, നാല്, അഞ്ച് എന്നീ നമ്പറുകളിലും ടി20യിലും വിവിധ റോളുകളില്‍ തിലക് ബാറ്റ് ചെയ്തിട്ടുണ്ട്.

ജാഫറിന്റെ വാക്കുകള്‍... ''അവന്റെ വൈവിധ്യമാര്‍ന്ന ബാറ്റിംഗ് പ്രകടനം കാണുന്നത് സന്തോഷകരമാണ്. താരം നേരത്തെ ടി20യില്‍ മൂന്നാം നമ്പറില്‍ സെഞ്ചുറി നേടിയിട്ടുണ്ട്, ഇപ്പോള്‍ അഞ്ച്, ആറ് സ്ഥാനങ്ങളിലേക്കും അത്രമേല്‍ മനോഹരമായി പൊരുത്തപ്പെട്ടിരിക്കുന്നു. അതൊരു മികച്ച ഗുണമാണ്.'' തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ജാഫര്‍ പറഞ്ഞു. തിലകിന്റെ ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡുകളും ദുലീപ് ട്രോഫിയിലെ പ്രകടനങ്ങളും എല്ലാ ഫോര്‍മാറ്റുകളിലും തിളങ്ങാന്‍ അവന് കഴിയുമെന്ന് തെളിയിക്കുന്നതാണെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി.

വിരാടും രോഹിതും പടിയിറങ്ങുമ്പോള്‍, രോഹിത്തിന് പകരക്കാരനായി യശസ്വി ജെയ്സ്വാള്‍ ഓപ്പണിംഗ് സ്ഥാനത്തുണ്ടാകുമെന്നും, കോലിയുടെ സ്ഥാനത്തേക്ക് ഇടംകൈയ്യന്‍ ബാറ്ററായ തിലക് വര്‍മ വരുമെന്നുമാണ് ജാഫറിന്റെ വിലയിരുത്തല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 55 നടുത്ത് ശരാശരിയുള്ള തിലകിന് മൂന്ന് ഫോര്‍മാറ്റുകളിലേക്കും എളുപ്പത്തില്‍ ഫിറ്റാകാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി നാല് ഏകദിനങ്ങളില്‍ നിന്ന് 68 റണ്‍സാണ് തിലക് നേടിയിട്ടുള്ളത്.

അതേസമയം, 2027 ലെ ഏകദിന ലോകകപ്പ് തന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കുമെന്ന് വിരാട് കോലി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും, അതിനായി എന്തു ചെയ്യാനും താന്‍ തയ്യാറാണെന്നും ബ്രോഡ്കാസ്റ്ററായ ജിയോസ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞു. മൂന്നാം നമ്പറിലേക്ക് തിലകിന് പുറമെ റുതുരാജ് ഗെയ്ക്വാദും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും മറ്റ് ഓപ്ഷനുകളായി പരിഗണിക്കപ്പെടാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

അഭിഷേക് ശര്‍മ്മയെ പ്രശംസിച്ച് ജാഫര്‍

ഇതേസമയം, യുവതാരം അഭിഷേക് ശര്‍മ്മയുടെ ബാറ്റിംഗ് ശൈലിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും വസീം ജാഫര്‍ സംസാരിച്ചു. ആദ്യ പന്തില്‍ തന്നെ സിക്‌സറടിക്കാന്‍ ശ്രമിക്കുന്നതിന് പകരം, ഇപ്പോള്‍ അല്പം കൂടി പക്വതയോടെയും സാവധാനത്തിലും ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ അഭിഷേകിന് കഴിയുന്നുണ്ടെന്ന് ജാഫര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിരാട് കോലിയുടെ ബ്രാന്‍ഡഡ് ഷൂ ഉയര്‍ത്തിക്കാട്ടിയ ആരാധകന്‍; ചിരിപടര്‍ത്തി താരത്തിന്റെ പ്രതികരണം -വീഡിയോ
'കഠിനാധ്വാനത്തിന്റെ ഫലം': ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ സ്വര്‍ണ നേട്ടത്തെ കുറിച്ച് സഞ്ജു സാംസണ്‍