Latest Videos

പുത്തന്‍ ഡിസൈനുകള്‍, പത്തരമാറ്റ് തിളക്കം; ടീം ഇന്ത്യയുടെ ജേഴ്‌സി പുറത്തിറക്കി അഡിഡാസ്

By Web TeamFirst Published Jun 1, 2023, 10:16 PM IST
Highlights

അഞ്ച് വര്‍ഷത്തേക്ക് 2028 വരെയാണ് ഔദ്യോഗിക കിറ്റ് നിര്‍മ്മാതാക്കളായി അഡിഡാസുമായി ബിസിസിഐ കരാര്‍ ഒപ്പിട്ടിരിക്കുന്നത്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ടീം ഇന്ത്യയുടെ പുത്തന്‍ ജേഴ്‌സികള്‍ പുറത്തിറക്കി അഡിഡാസ്. മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്‌തമായ ഡിസൈനോട് കൂടിയ കുപ്പായങ്ങള്‍ വര്‍ണാഭമായ വീഡിയോയിലൂടെയാണ് പുതിയ കിറ്റ് സ്പോണ്‍സര്‍മാരായ അഡിഡാസ് പുറത്തുവിട്ടത്. നൈക്കിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോകോത്തര കായിക ഉല്‍പന്ന നിര്‍മ്മാതാക്കള്‍ ടീം ഇന്ത്യയുടെ ജേഴ്‌സി ഒരുക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ ഓവലില്‍ ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയും കൂട്ടരും പുതിയ ജേഴ്‌സിയിലാണ് ഇറങ്ങുക. 

അഞ്ച് വര്‍ഷത്തേക്ക് 2028 വരെയാണ് ഔദ്യോഗിക കിറ്റ് നിര്‍മ്മാതാക്കളായി അഡിഡാസുമായി ബിസിസിഐ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് 350 കോടി രൂപയോളം മൂല്യമുള്ളതാണ് കരാര്‍ തുക എന്നാണ് റിപ്പോര്‍ട്ട്. എംപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച ശേഷം കില്ലറായിരുന്നു ഇടക്കാലത്തേക്ക് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്‌സി തയ്യാറാക്കിയിരുന്നത്. സീനിയര്‍ ടീമുകള്‍ക്ക് പുറമെ പുരുഷ, വനിതാ ക്രിക്കറ്റിലെ എല്ലാ പ്രായപരിധിയിലുള്ള ടീമുകളും അഡിഡാസിന്‍റെ കിറ്റാണ് ഇനി ധരിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ പുതിയ ജേഴ്‌സി അണിഞ്ഞ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ കളിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള മുഴുനീള പര്യടനമായിരിക്കും മൂന്ന് ഫോര്‍മാറ്റിലേയും പുത്തന്‍ കുപ്പായത്തില്‍ ഇന്ത്യന്‍ ടീം അവതരിക്കുന്ന പരമ്പര. 

ഇന്ത്യയിലെ പ്രധാന കായികയിനമായ ക്രിക്കറ്റിന്‍റെ ഔദ്യോഗിക കിറ്റ് നിര്‍മ്മാതാക്കളാകാന്‍ കഴിയുന്നത് അഭിമാനമാണെന്നും അടുത്ത പതിറ്റാണ്ടിലെ ഏറ്റവും വളര്‍ച്ചയുള്ള കായിക മാര്‍ക്കറ്റായിരിക്കും ഇന്ത്യ എന്നാണ് പ്രതീക്ഷയെന്നും അഡിഡാസ് സിഎഇ വ്യക്തമാക്കി. ലോകോത്തര കായികോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ ബ്രാന്‍ഡായ അഡിഡാസുമായി കരാറിലെത്തുന്നത് വലിയ ആകാംക്ഷയാണ് എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by adidas India (@adidasindia)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!