
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തിൽ ശ്രീലങ്കയെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തി ഇന്ത്യ അപരാജിതരായി ഫൈനലിലെത്തി. സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞ അര്‍ഷ്ദീപ് സിംഗ് ആണ് ഇന്ത്യക്ക് അവിശ്വനീയ ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കയും 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എടുത്തതിനെ തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്കയായിരുന്നു.സെഞ്ചുറി നേടിയ പാതും നിസങ്കയുണ്ടായിരുന്നെങ്കിലും ശ്രീലങ്കക്കായി സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനിറങ്ങിയത് ദാസുന്‍ ഷനകയും കുശാല്‍ പെരേരയുമായിരുന്നു. അര്‍ഷ്ദീപ് സിംഗാണ് ഇന്ത്യക്കായി സൂപ്പര്‍ ഓവറില്‍ പന്തെറിയാനെത്തിയത്. തന്‍റെ ആദ്യ മൂന്നോവറില്‍ റണ്‍സേറെ വഴങ്ങിയെങ്കിലും ശ്രീലങ്കന്‍ ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവറില്‍ തകർപ്പൻ ബൗളിംഗ് പുറത്തെടുത്ത പശ്ചാത്തലത്തിലായിരുന്നു സൂര്യകുമാര്‍ അര്‍ഷ്ദീപിനെ പന്തേല്‍പ്പിച്ചത്. സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ തന്നെ കുശാല്‍ പെരേരയെ സ്വീപ്പർ കവറിൽ റിങ്കു സിംഗിന്‍റെ കൈകളിലെത്തിച്ച് അര്‍ഷ്ദീപ് ശ്രീലങ്കയെ ഞെട്ടിച്ചു.
ആദ്യ പന്തില്‍ വിക്കറ്റ് വീണപ്പോഴെങ്കിലും സെഞ്ചുറി നേടിയ നിസങ്ക ക്രീസിലെത്തുമെന്ന് കരുതിയെങ്കിലും അടുത്ത ബാറ്റായി എത്തിയത് കാമിന്ദു മെന്‍ഡിസായിരുന്നു. രണ്ടാം പന്തില്‍ മെൻഡിസ് സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഷനക ബീറ്റണായി. നാലാം പന്തില്‍ അര്‍ഷ്ദീപ് വൈഡ് വഴങ്ങിയതോടെ സൂപ്പര്‍ ഓവറിലെ ശ്രീലങ്കയുടെ രണ്ടാം റണ്‍ സ്കോര്‍ ബോര്‍ഡിലെത്തി. വീണ്ടുമെറിഞ്ഞ നാലാം പന്തിലായിരുന്നു നാടകീയ സംഭവങ്ങൾ.ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ അര്‍ഷ്ദീപിന്‍റെ പന്തില്‍ വീണ്ടും ബീറ്റണായ ഷനക ഇത്തവണ ക്രീസ് വിട്ട് ബൈ റണ്ണിനായി ഓടി. എന്നാല്‍ വിക്കറ്റിന് പിന്നില്‍ പന്ത് പിടിച്ച സഞ്ജു സാംസണ്‍ അണ്ടര്‍ ആം ത്രോയിലൂടെ വിക്കറ്റ് തെറിപ്പിച്ച് ഷനകയെ റണ്ണൗട്ടാക്കി.
ശ്രീലങ്കന്‍ ഇന്നിംഗ്സ് വെറും 2 റണ്‍സിൽ അവസാനിപ്പിച്ച സന്തോഷത്തില്‍ ഇന്ത്യൻ താരങ്ങള്‍ ഗ്രൗണ്ട് വിടാന്‍ തയാറെടുക്കുമ്പോഴാണ് സ്റ്റേഡിയത്തിലെ സ്ക്രീനില്‍ ഷനകയുടെ റണ്ണൗട്ടിന്‍റെ വിധി പറയാനുള്ള ദൃശ്യം തെളിഞ്ഞത്. ഇതിന് മുമ്പ് ഷനക അമ്പയറുമായി തര്‍ക്കിക്കുന്നതും കാണാമായിരുന്നു.സ്റ്റേഡിയത്തിലെ സ്ക്രീനില്‍ തെളിഞ്ഞത് ഷനക നോട്ടൗട്ട് ആണെന്നായിരുന്നു. അന്തംവിട്ട ഇന്ത്യൻ താരങ്ങളോട് അമ്പയര്‍ കാര്യം വിശദീകരിച്ചു. പന്തെറിഞ്ഞശേഷം ഷനക ബീറ്റണായതോടെ അര്‍ഷ്ദീപ് സിംഗ് ക്യാച്ചിനായി അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ പന്ത് പിടിച്ച സഞ്ജു സാംസണ്‍ ഇത് അറിഞ്ഞിരുന്നില്ല. സഞ്ജു പന്ത് പിടിച്ചശേഷം അണ്ടര്‍ ആം ത്രോയിലൂടെ ഷനകയുടെ വിക്കറ്റ് തെറിപ്പിച്ച് ഡയറക്ട് ഹിറ്റിലൂടെ റണ്ണൗട്ടാക്കി. പക്ഷെ അതിന് മമ്പെ അര്‍ഷ്ദീപിന്‍റെ ക്യാച്ചിനായുള്ള അപ്പീലില്‍ പ്രധാന അമ്പയര്‍ വിരലുയര്‍ത്തി ഔട്ട് വിധിച്ചിരുന്നു. ഇതറിയാതെയായിരുന്നു ഷനക ക്രീസ് വിട്ടോടിയത്.
പ്രധാന അമ്പയര്‍ ആദ്യം ഔട്ട് വിധിച്ചപ്പോള്‍ തന്നെ ആ പന്ത് ഡെഡ് ആയി മാറി.അതുകൊണ്ട് തന്നെ ഷനക ക്രീസ് വിട്ടോടിയപ്പോള്‍ സഞ്ജു റണ്ണൗട്ടാക്കിയതിന് നിയമപ്രകാരം സാധുത ഇല്ലാതായി. അര്‍ഷ്ദീപ് സിംഗ് അപ്പീല്‍ ചെയ്തില്ലായിരുന്നെങ്കില്‍ ലെഗ് അമ്പയര്‍ അത് റണ്‍ ഔട്ട് വിധിക്കുമായിരുന്നു. എന്നാൽ അര്‍ഷ്ദീപിന്‍റെ അപ്പീലില്‍ പ്രാന അമ്പയര്‍ ഔട്ട് വിളിച്ചതിനാല്‍ ആ സാധ്യത അടഞ്ഞു. ഇക്കാര്യം അമ്പയര്‍ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാറിനെ വിശദീകരിച്ചു കൊടുത്തു. ഇതോടെയാണ് ഷനക ബാറ്റിംഗ് തുടര്‍ന്നത്. എന്നാൽ വീണുകിട്ടിയ ജീവൻ മുതലാക്കാൻ ഷനകക്കായില്ല. അര്‍ഷ്ദീപിന്‍റെ അടുത്ത പന്തില്‍ ജിതേഷ് ശര്‍മക്ക് ക്യാച്ച് നൽകി ഷനക പുറത്തായി. സൂപ്പര്‍ ഓവറില്‍ 2 റണ്‍സ് മാത്രമെടുത്ത് ലങ്ക ഉയര്‍ത്തിയ 3 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആദ്യ പന്തില്‍ തന്നെ അടിച്ചെടത്തു.